ഇരിങ്ങാലക്കുടക്കാരൻ ജിജോയ് രാജഗോപാൽ നായകനാവുന്ന ‘രക്തസാക്ഷ്യം’ ഇന്ന് പ്രദർശനത്തിനെത്തുന്നു


തൃശൂർ : ചലച്ചിത്ര പ്രേമികളില്‍ നിന്ന് പിരിച്ചെടുത്ത തുക കൊണ്ട് തൃശൂരിലെ ഒരു കൂട്ടം കലാകാരന്‍മാര്‍ ചേർന്നു നിർമ്മിച്ച രക്തസാക്ഷ്യം എന്ന പേരില്‍ സിനിമ ഇന്ന് റിലീസ് ചെയ്യും.സ്‌ക്രീന്‍പ്ലേ സിനിമാസ് എന്നാണ് ഇവരുടെ കൂട്ടായ്മയുടെ പേര്.

ബിജുലാല്‍ സംവിധാനം ചെയ്ത സിനിമ കക്ഷി രാഷ്ട്രീയത്തിനപ്പുറം ചില രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ മുന്നോട്ടുവെക്കുന്നു.

ഒരു സാധാരണ മനുഷ്യനെ മത രാഷ്ട്രീയ കാപട്യങ്ങള്‍ എങ്ങനെയാണ് അപകടത്തിലാക്കുന്നതെന്ന തിരിച്ചറിവാണ് ഈ സിനിമ പകര്‍ന്നു നൽകുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.ജാതിയുടെ പേരില്‍ ആരാധനാലയങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന കലാകാരന്‍റെ കഥയാണ് പ്രമേയം.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനും ഇരിങ്ങാലക്കുട സ്വദേശിയുമായ ജിജോയ് രാജഗോപാലാണ്‌ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.കാമറയ്ക്കു പിന്നിലും മുന്നിലുമായി ഒട്ടേറെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയാണിത്.സുനില്‍, സുഗത ദേവി, അജിത്ത് ദിവ്യ ഗോപിനാഥ് തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.

മുമ്പ് ഓരോ ജില്ലകളിലും ഓരോ കേന്ദ്രത്തില്‍ മാത്രം സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. അപ്പോഴെല്ലാം അണിയറപ്രവര്‍ത്തകര്‍ക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. അങ്ങനെയാണ്, കേരളം മുഴുവന്‍ ഇന്ന് സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.