പ്രളയം തകർത്ത മലബാറിന് മങ്ങാടിക്കുന്നിന്റെ കൈത്താങ്ങുമായി വിദ്യാർത്ഥി സംഘം പുറപ്പെട്ടു


ഇരിങ്ങാലക്കുട : വയനാട്, പാലക്കാട് മേഖലയിൽ പ്രകൃതിക്ഷോഭം നേരിട്ടവർക്കുള്ള മങ്ങാടിക്കുന്നിന്റെ സ്നേഹവും കരുതലും നിറച്ച മൂന്ന് വാഹനങ്ങൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ക്യാമ്പസിൽനിന്ന് യാത്രയായി. വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപക ജീവനക്കാരും ചേർന്ന് സമാഹരിച്ച 15 ലക്ഷത്തോളം രൂപയുടെ നിത്യോപയോഗ സാധനങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ ഇന്ന് വിതരണം ചെയ്യും.

പ്രളയ വാർത്ത അറിഞ്ഞയുടനെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നിത്യോപയോഗ സാധനങ്ങളുടെ കളക്ഷൻ സെന്റർ ആരംഭിച്ചിരുന്നു. പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളുടെ ലിസ്റ്റ് നൽകിയാണ് വിദ്യാർത്ഥികളുടെ സംഭാവനകൾ സ്വീകരിച്ചത്. ക്രൈസ്റ്റിലെ കളക്ഷൻ സെന്ററിനെ കുറിച്ച് കേട്ടറിഞ്ഞ് പൂർവ്വ വിദ്യാർത്ഥികളും സഹായഹസ്തവുമായി എത്തി. പ്രളയ ദുരിതാശ്വാസത്തിന് മുഴുവൻ വിദ്യാർത്ഥികളും ഒരു മനസ്സായി മുന്നിട്ടിറങ്ങിയതോടെ സംഭരണകേന്ദ്രം നിറഞ്ഞു.

വയനാട് ജില്ലയിലെ പനമരം, ബത്തേരി, നടവയൽ, മാനന്തവാടി ഭാഗങ്ങളിലെ ആദിവാസി ഊരുകളിലും പാലക്കാട് പാലക്കയം ഭാഗത്തെ ഒറ്റപ്പെട്ട ആദിവാസി സെറ്റിൽമെന്റ് പ്രദേശങ്ങളിലുമാണ് സഹായം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് പ്രിൻസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ അറിയിച്ചു. വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘത്തിന് പ്രൊഫ.ജിബിൻ ഡേവീസ്, പ്രൊഫ. തരുൺ ആർ, പ്രൊഫ. മൂവിഷ് മുരളി എന്നിവർ നേതൃത്വം നൽകും.

ദുരിതബാധിത പ്രദേശങ്ങളിൽ ഭാവിയിൽ കൂടുതൽ സഹായം എത്തിക്കുവാൻ ആലോചനയുണ്ടെന്ന് വൈസ് പ്രിൻസിപ്പൽ മാരായ ഫാ.ജോയ് പീനിക്കപ്പറമ്പിൽ, ഫാ.ഡോ.ജോളി ആൻഡ്രൂസ് എന്നിവർ അറിയിച്ചു.
ആദിവാസി കോളനികളിൽ ടെന്റ് അടിക്കുന്നതിനുള്ള സാധനസാമഗ്രികൾ, ടാർപ്പായ, അരി, പലവ്യഞ്ജനങ്ങൾ,സ്റ്റീൽ പാത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയാണ് ഇത്തവണ വിതരണം ചെയ്യുന്നത്.

ക്രൈസ്റ്റ് കോളേജിലെ കാരുണ്യവും കരുതലും നിറച്ച് യാത്രതിരിച്ച വാഹനങ്ങൾ മാനേജർ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി ഫ്ലാഗ് ഓഫ് ചെയ്തു.ചടങ്ങിൽ പി.ആർ.ഒ ഡോ.സെബാസ്റ്റ്യൻ ജോസഫ്, സ്റ്റാഫ് അഡ്വൈസർ ഡോ.ടി. വിവേകാനന്ദൻ, ഡോ. എൻ അനിൽകുമാർ, ഫാ.സിബി ഫ്രാൻസിസ്, ഡോ. ബി.പി. അരവിന്ദ്, ജിജോ ജോണി തുടങ്ങിയവർ പങ്കെടുത്തു.