നിലമ്പൂരിന് കൈത്താങ്ങായി സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍


കൊടകര : പ്രളയവും ഉരുള്‍ പൊട്ടലും മൂലം ദുരിതത്തിലായ നിലമ്പൂരിന് കൈത്താങ്ങായി സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിലമ്പൂരിലേക്ക് പോയി.നൂറ്റമ്പതിലേറെ കുടുംബങ്ങള്‍ക്കുള്ള അവശ്യ വസ്തുക്കളും പലവ്യജ്ഞനങ്ങളും ശുചീകരണ സാധനങ്ങളുമടങ്ങിയ കിറ്റുകളും അടക്കമാണ് വിദ്യാര്‍ത്ഥികള്‍ നിലമ്പൂരിലേക്ക് പോയത്.ചെളി നിറഞ്ഞ പ്രദേശങ്ങളിലെ പുല്ലുകള്‍ തിന്നാനാകാത്തതിനാല്‍ കന്നുകാലികള്‍ക്ക് നല്കാനായി കാലി തീറ്റയും വിദ്യാര്‍ത്ഥികള്‍ കരുതിയിട്ടുണ്ട്.കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ശേഖരിച്ച തുകക്കാണ് കിറ്റുകള്‍ തയ്യാറാക്കിയത്.

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. സി.യു. വിജയിന്റെ നേതൃത്വത്തില്‍ അറുപതോളം കുട്ടികള്‍ രണ്ട് ദിവസം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യും.നിലമ്പൂര്‍ മേഖലയിലെ വീടുകളിലും പരിസരങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളും സര്‍വ്വെകളും നടത്തും.

കുട്ടികളുടെ നിലമ്പൂരിലേക്കുള്ള സഹായ യാത്ര സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പാറേമാന്‍ പ്ലാഗ് ഓഫ് ചെയ്തു.ഫിനാന്‍സ് ഓഫീസര്‍ ഫാ.ജിനോജ് കോലഞ്ചേരി,പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.