ദുരിതബാധിതരെ സഹായിക്കാൻ ഒരു പൂ ചോദിച്ച കോമ്പാറ ബോയ്സിന് ഒരു പൂക്കാലം തന്നെ നൽകി നാട്ടുകാർ


ഇരിങ്ങാലക്കുട : ” ടാ നമുക്ക് ഒരു 10,000 രൂപ പിരിച്ചിട്ട് സാധനങ്ങൾ വാങ്ങി ഇരിങ്ങാലക്കുടയിലെ കോളേജ് പിള്ളേരുടെ കയ്യിൽ കൊടുത്ത് വിടാല്ലേ”

ഇങ്ങിനെ തുടങ്ങിയ വർത്തമാനം ആണ്. 10,000 രൂപ എന്നുള്ളതിൽ ഒരു പൂജ്യം കൂടെ കൂടി ചേർന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ വിഭവ സമാഹരണം നടത്തി പ്രളയം കണ്ണീരിലാഴ്ത്തിയ നിലമ്പൂരിന് ആശ്വാസമേകാനായി ഇരിങ്ങാലക്കുടയിൽ നിന്നും യാത്ര പുറപ്പെട്ടത്.

3 ദിവസം കോമ്പാറ ഷഷ്ഠി കമ്മിറ്റി ഓഫീസ് കേന്ദ്രമാക്കിയായിരുന്നു കോമ്പാറ ബോയ്സിന്റെ പ്രവർത്തനം. ഇരിങ്ങാലക്കുട മാർക്കറ്റിലെ വ്യാപാരികളും, ഡ്രീം ടീം കോമ്പാറയും, കുഞ്ഞുമോൻ,ഷാന്റോ, ലിൻഡേഷ്, സിന്റോ, കച്ചേരിപടിയിലെ സുഹൃത്തുക്കൾ, ചോട്ടു, നിഥിൽ, ഓട്ടോ ഡ്രൈവർമാർ, നാട്ടുകാർ എന്നിവരൊത്തു ചേർന്ന് പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ വലിയ ലക്ഷ്യം സാക്ഷാത്ക്കരിക്കാനായത്.

ഭൂരിഭാഗം പേരും പിന്തുണച്ചപ്പോൾ ചിലരെങ്കിലും അവഗണിച്ചുവെന്ന സങ്കടവും ഇവർ പങ്കുവെച്ചു. സംഘടനയിൽ ഇല്ലാത്ത കാരണം പൈസ തരാനാവില്ലെന്ന് പറഞ്ഞ വ്യക്തിയും, കോമ്പാറക്ക് ആണെങ്കിൽ ഓട്ടം പോവില്ല എന്ന് പറഞ്ഞ ഓട്ടോക്കാരനും , ഈ സൂപ്പർ മാർക്കറ്റിന് മുൻപിൽ സാധനങ്ങൾ പിരിക്കാൻ പാടില്ല എന്ന് പറഞ്ഞവരും അവരിൽ ചിലർ മാത്രം.

എന്തായാലും നാട്ടിൽ എന്ത് ദുരന്തമുണ്ടായാലും സഹായിക്കാൻ സേവന സന്നദ്ധരായി തങ്ങളുണ്ടാകുമെന്നും നല്ലവരായ നാട്ടുകാരുടെ പിന്തുണ അതിന് പ്രചോദനമേകുന്നതായും കോമ്പാറ ബോയ്സ് പറഞ്ഞു.