കരുതലോടെ ക്രൈസ്റ്റ് ; പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ ട്രക്ക് പുറപ്പെട്ടു


ഇരിങ്ങാലക്കുട :അപ്രതീക്ഷിതമായി പെയ്തിറങ്ങിയ പെരുമഴയിൽ സകലതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ്. കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന ആദ്യ ട്രക്ക് രാവിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം ഫ്ളാഗ് ഓഫ് ചെയ്തു.

വിവിധ റൂട്ടു കളിലായി പരമാവധി വീടുകൾ സന്ദർശിച്ചു വോളന്റിയർമാർ ശേഖരിച്ച അവശ്യ വസ്തുക്കൾ പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച മലപ്പുറം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യും. നേരത്തെ, തൃശൂരിലെയും ഇരിങ്ങാലക്കുടയിലെയും പ്രളയ ബാധിതമായ വീടുകൾ വൃത്തിയാക്കാൻ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ക്ലീനിംഗ് കിറ്റുകൾ വിതരണം ചെയ്തിരുന്നു.

ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സമയോചിതമായ ഇടപെടലുമായി മുന്നോട്ടുവന്ന വിദ്യാർഥികളെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ എന്നിവർ അഭിനന്ദിച്ചു.