പാടത്തെ വെള്ളക്കെട്ടിൽ വീണ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 

 

തൃശ്ശൂർ: പാടത്തെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നത് കാണാൻ പോയ കുടുംബത്തിലെ രണ്ടുപേർ മുങ്ങിമരിച്ചു. ഒഴുക്കിൽപ്പെട്ട മൂന്നുപേരെ നാട്ടുകാർ രക്ഷിച്ചു. മനക്കൊടിവളവിൽ കിഴക്കുംപുറം കണ്ണനായ്ക്കൽ ജോർജിന്റെ മകൻ കെ.ജി. സുരേഷ് (50), സുരേഷിന്റെ സഹോദരൻ വിൽസന്റെ മകൾ ആൻ റോസ് (22) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട സുരേഷിന്റെ ഇളയ സഹോദരൻ രാജു, രാജുവിന്റെ ഭാര്യ സിന്ധു, മരിച്ച ആൻ റോസിന്റെ അനിയൻ ഒമ്പതാംക്ലാസുകാരൻ എബിൻ വിൽസൺ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.

ചേറ്റുപുഴ പാടത്തെ മോട്ടോർഷെഡ്ഡിന് സമീപം തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെയാണ് അപകടമുണ്ടായത്. അവധിദിവസമായതിനാൽ പാടത്ത് വെള്ളം നിറഞ്ഞതും മീൻപിടിക്കുന്നതും കാണാനാണ് കുടുംബത്തോടെ ഇവർ ചേറ്റുപുഴ പാടത്തെത്തിയത്. ബണ്ടിലൂടെ നടക്കവേ, എബിൻ കാൽതെന്നി വെള്ളത്തിൽ വീണു. ഇതുകണ്ട സുരേഷ് രക്ഷിക്കാനായി ചാടി. മറ്റുള്ളവരും സഹായിക്കാനായി ശ്രമിച്ച് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കോൾപ്പാടത്തേക്ക് ശക്തമായ ഒഴുക്കുള്ള സ്ഥലമാണിത്.

ഇവരുടെ നിലവിളി കേട്ട, ചൂണ്ടയിടാൻ നിന്ന നാട്ടുകാരും പ്രദേശവാസികളും ഉടൻ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടി. ഒരുകിലോമീറ്ററോളം ഒഴുകിപ്പോയ ഇവരിൽ സുരേഷിനെയാണ് അദ്യം കിട്ടിയത്. പക്ഷേ, ജീവനുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ പറയുന്നു. സുരേഷിന് ബൈപ്പാസ് സർജറി കഴിഞ്ഞിട്ട് രണ്ടുമാസമേ ആയിട്ടുള്ളു.

ഒഴുകിപ്പോയ രാജുവും സിന്ധുവും പാടത്തെ ചണ്ടിയിൽ പിടിച്ചുകിടന്നു. ഇവരെ കയറിട്ടുകൊടുത്ത് വലിച്ചാണ് കരയ്ക്കുകയറ്റിയത്. ഇതിനിടെ എബിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. എല്ലാവരെയും കയറ്റിയെന്നാശ്വസിക്കുമ്പോഴാണ് ആൻ റോസ് കൂടി വെള്ളത്തിൽ വീണിട്ടുണ്ടെന്ന് എബിൻ പറഞ്ഞത്. അതിനകം അഗ്നിരക്ഷാസേനയുടെ സ്കൂബാ ഡൈവിങ് ടീം തൃശ്ശൂരിൽനിന്നെത്തിയിരുന്നു. ഒടുവിൽ രാത്രി 7.45-ഓടെയാണ് ആൻ റോസിന്റെ മൃതദേഹം കണ്ടെടുത്തത്.

സുരേഷിനെ ചന്ദ്രമതി മെമ്മോറിയൽ ആശുപത്രിയിലും ആൻ റോസിനെ ജൂബിലി മിഷൻ ആശുപത്രിയിലും എത്തിച്ച് മരണം സ്ഥിരീകരിച്ചു. ഇരുവരുടെയും മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ബി.ടെക് അവസാനവർഷ വിദ്യാർഥിയാണ് ആൻ റോസ്. സുരേഷ് ഇലക്ട്രീഷനാണ്.