ദുരിതകയത്തിലകപ്പെട്ട് അമ്പതോളം കുടുംബങ്ങൾ

നടവരമ്പ് : മാനത്ത് മഴക്കാറൊന്ന് കണ്ടാൽ നെഞ്ചിനകത്ത് പിടപ്പുമായ് അമ്പതോളം കുടുംബങ്ങൾ. നടവരമ്പ് ചിറവളവ് പുഞ്ചപ്പാടം പ്രദേശത്ത് ഇരുപത്തി അഞ്ചിലധികം വർഷമായി സ്ഥിരതാമസം നടത്തുന്ന കുടുംബങ്ങളാണ് ദുരിതക്കയത്തിൽ അകപ്പെട്ട് ജീവിക്കുന്നത്.

കഴിഞ്ഞ പ്രളയക്കെടുതിയിൽ മുങ്ങി പോയ പ്രദേശങ്ങളിൽ ഒന്നാണ് ഇവിടം. നടവരമ്പ് പൊയ്യ ചിറയിൽ നിന്ന് വരുന്ന വലയതോടിന്റെ പല ഭാഗങ്ങളും കവിഞ്ഞാണ് കുടുംബങ്ങളിലേക്ക് വെള്ളം കയറുന്നത്. ഇരുപതോളം വർഷമായി ഈ പെരുംതോടിന്റെ ആഴമെടുത്തിട്ട്. പലയിടങ്ങളിലും മണ്ണ് മൂടി കിടക്കുന്നതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമെന്ന് പ്രദേശവാസികളായ നാട്ടുക്കാർ പറയുന്നു.

നിരവധി വട്ടം വേളൂക്കര പഞ്ചായത്തിൽ തങ്ങളുടെ വിഷമങ്ങൾ അറിയിച്ചിട്ടും പഞ്ചായത്ത് കയ്യൊഴിയുകയും ഇറിഗേഷൻ വകുപ്പാണ് ഇത്തരം പ്രവർത്തികൾ ചെയ്യേണ്ടത് എന്ന് അറിയിച്ച് കൈ മലർത്തുകയുമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

വാർഡ് മെമ്പർ ഉചിതാ സുരേഷിന്റെ നേതൃത്വത്തിൽ ആവശ്യമായ ഇടപ്പെടൽ ഉണ്ടാകുമെന്നു് ഉറപ്പ് നൽകുമ്പോഴും അധികാരികളുടെ നിഷ്ക്രിയമായ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു് വരുന്നുണ്ട്.