കെ.എസ്.ആർ.ടി.സി സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണം,വകുപ്പ് മന്ത്രി ഇടപെടണം ; സി.പി.ഐ


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നിര്‍ത്തലാക്കിയ മുഴുവൻ കെ.എസ്.ആർ.ടി.സി ബസ്സ് സര്‍വ്വീസുകളും പുനഃസ്ഥാപിക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ആവശ്യപ്പെട്ടു.

തിരുവനന്തപുരം സര്‍വ്വീസ് നിറുത്തലാക്കിയതിന്റെ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് കോട്ടയം സര്‍വ്വീസ് യാത്രക്കാര്‍ക്ക് സഹായകരമല്ലാത്ത രീതിയില്‍ പരിഷ്ക്കരിച്ചിരിക്കുന്നത്,ഇതുമൂലം ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡില്‍ നിന്നും കോട്ടയത്തേക്ക് പോകണമെങ്കില്‍ അമ്പത് കിലോമീറ്റര്‍ അധികം യാത്രചെയ്യേണ്ടിവരുന്നു.ദീര്‍ഘദൂരയാത്രക്ക് ട്രയിനില്‍ പോകണമെങ്കില്‍ റെയില്‍വേസ്റ്റേഷനിലേക്ക് പട്ടണത്തില്‍ നിന്നും 8 കിലോമീറ്റര്‍ യാത്രചെയ്യണം,മാത്രമല്ല പല ട്രയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പില്ല,

ഇത്തരം സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.വിസ്തൃതമായ ഭൂമിയും,ബഹുനില കെട്ടിങ്ങളും ഉള്ളതുകൊണ്ട് വികസനമാകില്ല.ഇവിടെ നിന്നുണ്ടായ ധാരാളം ലോക്കല്‍ സര്‍വ്വീസുകള്‍ കഴിഞ്ഞ കാലങ്ങളില്‍ സ്വകാര്യ ബസ് ഉടമകളുടെ താല്പര്യത്തിന് വിധേയമായി നിര്‍ത്തലാക്കിയതെല്ലാം പുനഃസ്ഥാപിക്കുന്നതിനുള്ള തീരുമാനങ്ങളും യാഥാര്‍ത്ഥ്യമായില്ല, ഇരിങ്ങാലക്കുടയിലെ ഈ പ്രതിസന്ധിപരിഹരിക്കാന്‍ വകുപ്പ് മന്ത്രി ഇടപെടണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.