മരണത്തിലേക്കുള്ള യാത്രയിൽ നിന്നും രോഗിയെ തിരികെ ജീവിതത്തിലേക്ക് വഴി നടത്താൻ രണ്ടാമതും ഭാഗ്യം ലഭിച്ച് എഡ്വിൻ ഡൊമനിക്


ഇരിങ്ങാലക്കുട : രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് ആദ്യമായി നടന്ന രക്തമൂലകോശ ദാന ക്യാമ്പിൽ പങ്കെടുക്കുകയും തലാസീമിയ എന്ന മാരക രക്തരോഗം ബാധിച്ച 4 വയസ്സുള്ള കുട്ടിക്ക് അനുയോജ്യമായ മൂല കോശമാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വന്തം മൂലകോശം ദാനം ചെയ്യുക വഴി ആ കുട്ടിയെ തിരികെ ജീവിതത്തിലെത്തിക്കാൻ നിമിത്തമായ എഡ്വിൻ ഡൊമിനിക്കിന് രണ്ടാമതും ഒരു ജീവൻ രക്ഷിക്കാൻ അവസരം ലഭിച്ചിരിക്കുന്നു.

കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ മാത്രം മൂലകോശ ദാതാവായ എഡ്വിന്റെ മൂലകോശം വീണ്ടും മറ്റൊരു രോഗിക്കു കൂടി യോജ്യമാണ് എന്ന് സ്ഥിരീകരിച്ചതായി സന്നദ്ധ സംഘടനയായ ദാത്രി ബ്ളഡ് സ്റ്റം സെൽ ഡോണേഴ്സ് റജിസ്ട്രി കേരളയുടെ കോർഡിനേറ്റർ അബി സാം ജോൺ അറിയിച്ചു.രണ്ടാമതും ഒരു രോഗിക്ക് തന്റെ മൂലകോശ ദാനം വഴി ജീവിതം തിരികെ ലഭിക്കുമല്ലോ എന്ന സന്തോഷത്തിലാണ് തൃശൂർ സ്വദേശിയും ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയുമായിരുന്ന എഡ്വിൻ ഡൊമനിക്ക്.

ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു രണ്ട് വർഷങ്ങൾക്ക് മുമ്പ് എഡ്വിൻ മൂലകോശ ദാനം നടത്തിയത്. ഒരു ദിവസമേ അതിനു വേണ്ടി ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നുള്ളൂ.

രക്താർബുദം പോലെ നൂറുകണക്കിന് മാരക രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതിവിധിയാണ് രക്തമൂലകോശം മാറ്റിവെക്കൽ. രക്തത്തിലുള്ള പലതരം കോശങ്ങളുടെ അടിസ്ഥാന കോശം ആണ് രക്ത മൂലകോശം അഥവാ വിത്തുകോശം (Stem cells)എന്നറിയപ്പെടുന്നത്. മജ്ജയിലാണ് മൂലകോശങ്ങൾ ഉണ്ടാവുക. ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ ലഭിച്ചാൽ മാത്രമേ ഇത് മാറ്റിവെക്കാൻ കഴിയൂ. രക്തബന്ധമുള്ളവരിൽ 25% ആണ് ഇതിനുള്ള സാധ്യത. ഇവരിൽ നിന്ന് ലഭിക്കാത്ത പക്ഷം പുറത്ത് ദാതാവിനെ തേടാം. പതിനായിരത്തിൽ ഒന്നു മുതൽ പത്തുലക്ഷത്തിൽ ഒന്നുവരെയാണ് പൊരുത്തമുള്ള മൂലകോശം ലഭ്യമാകാനുള്ള സാധ്യത. അതകൊണ്ടു തന്നെ ധാരാളം പേർ സന്നദ്ധരാവുമ്പോഴാണ് കുറച്ചു പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുക.

സംഗീത കുടുംബത്തിൽ നിന്നുള്ള എഡ്വിൻ സംഗീത സംവിധായകനും, ഗായകനും, നടനും കൂടിയാണ്. എഡ്വിന്റെ പിതാവും കൂട്ടുകാരും ചേർന്ന് പുറത്തിറക്കിയ ലുവിയ എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.