കർക്കിടക മാസാചരണത്തിന്റെ ഭാഗമായി നാട്ടുകാർക്ക് പത്തില സദ്യയൊരുക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ


ഇരിങ്ങാലക്കുട : നാട്ടുകാർക്ക് പത്തില സദ്യയൊരുക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ മാതൃകയായി. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഷൺമുഖം കനാൽ ബെയ്‌സിൽ താമസിക്കുന്ന നാട്ടുകാർക്ക് പത്തില സദ്യയൊരുക്കിയത്. കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പത്തിലകളായ ചേന , ചേമ്പ്, നെയ്യുണ്ണി, തഴുക്കാമ, ചീര, മത്തൻ, കുമ്പളം, ആനക്കൊടിത്തുമ്പ, തകര, പയർ തുടങ്ങിയ ഇലകളുപയോഗിച്ചാണ് സദ്യയൊരുക്കിയത്.

ആരോഗ്യരക്ഷക്കും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഈ പത്തിലകൾ വളരെയധികം ഫലപ്രദമാണ്. കൂടാതെ കർക്കിടക മാസത്തിൽ ഈ ഇലക്കറികൾക്ക് പ്രത്യേക ഗുണം ഉണ്ടാകുന്നതിനും നമുക്കാവശ്യമായ വൈറ്റമിൻസ് നൽകുകയും ചെയ്യുന്നുണ്ട്. അതിനാൽ വംശനാശം വന്നുകൊണ്ടിരിക്കുന്ന പല ഇലകളും സംരക്ഷിക്കണമെന്നും അവ അറിയുകയും ഉപയോഗിക്കുകയും ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊരു പ്രവർത്തനം ചെയ്തത്

ഡോൾസ്‌ ലൈബ്രററി സെക്രട്ടറി എം.എ ബാബുവിന്റെ അദ്ധ്യക്ഷതയിൽ പത്തില സദ്യ വിളമ്പി നഗരസഭാ കൗൺസിലർ പി.വി ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഒ.എസ് ശ്രീജിത്ത്‌, അദ്ധ്യാപിക സീന എം, അംബിക പി.കെ, വിദ്യാർത്ഥികളായ അദം റഫീക്ക്, അമൽ ജയറാം, ആദർശ് രവീന്ദ്രൻ, വിഷ്ണുദേവ് എസ്, ശ്രീകല കെ. ജെ, നന്ദന ടി , ലക്ഷ്മി ടി.എം , അശ്വതി ബാലു എന്നിവർ സംസാരിച്ചു