നിരവധി മോഷണക്കേസുകളിലെ പ്രതി ‘ കുറുക്കൻ സുരേഷ് ‘ ആളൂർ പോലീസിന്റെ പിടിയിൽ


ആളൂർ : ആളൂർ, ഇരിങ്ങാലക്കുട, മാള, കൊടകര, വെള്ളിക്കുളങ്ങര, ചാലക്കുടി, അതിരപ്പിള്ളി എന്നീ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം മോഷണ കേസുകളിൽ പ്രതിയായ മറ്റത്തൂർ മുരിക്കുങ്ങൽ ആളുപറമ്പിൽ സുരേഷിനെ ആളൂർ എസ്.ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.കടമ്പാട്ടുപറമ്പിൽ ലോജി ലൂയിസിന്റെ കൊമ്പൊടിയിലുളള വീടിന്റെ ടെറസിൽ ഉണക്കാനിട്ടിരുന്ന 144 കിലോ തൂക്കം വരുന്ന ജാതിക്കായ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

മോഷണം നടന്ന പ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സുരേഷിനെ തിരിച്ചറിഞ്ഞ പോലീസ് സുരേഷിനെ നിരീക്ഷിച്ചു വരുകയായിരുന്നു. സ്ഥിരം മോഷ്ടാവായ സുരേഷ് തന്റെ വീട്ടിൽ വരുന്നതു പോലും വല്ലപ്പോഴും പാത്തും പതുങ്ങിയുമായിരുന്നു. പകൽ സമയങ്ങളിൽ എവിടെയെങ്കിലും ഒളിച്ചിരിക്കുകയും രാത്രിയിലിറങ്ങി മോഷണം നടത്തുകയും ചെയ്യുന്നതു കൊണ്ടാണ് ഇയാൾക്ക് കുറുക്കൻ സുരേഷ് എന്ന പേര് വീണത്.

ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ സന്തോഷിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സ്ക്വാഡിൽ സി.പി.ഓ മാരായ ഷിജോ തോമാസ്, റെജി, സുനിൽ കുമാർ, അനീഷ് കുമാർ, എ.എസ്.ഐ മാരായ സിജുമോൻ, രവി, ജി.എ.എസ്.ഐ ജിനു മോൻ എന്നിവരും ഉണ്ടായിരുന്നു.