മലയാളഭാഷയെ ശ്വാസമായി കൊണ്ടുനടക്കണം :  ടി ഡി രാമകൃഷ്ണൻ


ഇരിങ്ങാലക്കുട : മലയാളം നമ്മുടെ ശ്വാസമായി കൊണ്ടുനടക്കണമെന്നും എന്നാൽ മാത്രമേ നമുക്ക് നമ്മെത്തന്നെ പുതുക്കാനാവൂ എന്നും എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ പറഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഹൈസ്‌കൂളിലെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി ആർ ദാസ് അദ്ധ്യക്ഷത വഹിച്ചു. വായനമത്സരം, കാവ്യാലാപനമത്സരം എന്നിവയിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി. എൽഎഫ്‌സിഎച്ച്എസ് പ്രധാന അധ്യാപിക സി. റോസ്‌ലെറ്റ്, മലയാളം അധ്യാപിക സിസ്റ്റർ ഗ്രെയ്‌സ് മരിയ, പിടിഎ പ്രസിഡന്റ് ജെയ്‌സൺ കരപറമ്പിൽ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് നവനീത് കൃഷ്ണൻ എസ് എന്നിവർ സംസാരിച്ചു.

ബാലസാഹിത്യ പുസ്തകങ്ങൾ 50 ശതമാനം വിലക്കിഴിവോടെ കുട്ടികളിലെത്തിക്കുന്ന പുസ്തകമേള അക്ഷരയാത്രയുടെ ഭാഗമാണ്. സ്‌കൂളിൽ നടക്കുന്ന പുസ്തകമേളയിൽനിന്നും കുട്ടികൾക്ക് പകുതിവിലയ്ക്ക് പുസ്തകങ്ങൾ വാങ്ങാം. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടർന്ന് 2014ൽ ആരംഭിച്ച അക്ഷരയാത്രാ പദ്ധതിയാണ് ഇപ്പോൾ തൃശ്ശൂർ ജില്ലയിൽ എത്തിയിരിക്കുന്നത്. ജൂലൈ എട്ടു മുതൽ തുടങ്ങിയ യാത്ര ആഗസ്റ്റ് ഒൻപത് വരെ ജില്ലയിൽ തുടരും. ജില്ലയിലെ 20 സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്.