വെള്ളാങ്ങല്ലൂർ മതിലകം റോഡിൽ പൈപ്പ് ലൈനിനു വേണ്ടി റോഡ് പൊളിച്ചത് നിർമ്മാണം കഴിഞ്ഞിട്ടും നന്നാക്കാത്തത് മൂലം വാഹനങ്ങൾ താഴുന്നത് പതിവാകുന്നു ; പൊറുതിമുട്ടി ജനം


അരിപ്പാലം : വെള്ളാങ്ങല്ലൂർ മതിലകം റോഡിൽ പൈപ്പ് ലൈനിനു വേണ്ടി റോഡ് പൊളിച്ചത് നിർമ്മാണം കഴിഞ്ഞിട്ടും നന്നാക്കാത്തത് മൂലം വാഹനങ്ങൾ താഴുന്നത് പതിവാകുന്നു.

അരിപാലം പാലം കഴിഞ്ഞ് കപ്പേള വരെയുള്ള ഭാഗത്താണ് വാഹനങ്ങൾ ദിവസേനെ താഴ്ന്ന് അപകത്തിൽ പെടുന്നത്.പൊതുവേ റോഡിന് വീതി കുറവായതു മൂലം വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനിടയിലാണ് പല വാഹനങ്ങളും താഴ്ന്നത്.

സ്കൂൾ സമയത്ത് നിരവധി വാഹനങ്ങൾ പോകുന്ന ഈ വഴിയിൽ വാഹനം താഴ്ന്നതിനെ തുടർന്ന് ഇന്നലെയും ഇന്നും രൂക്ഷമായ ഗതാഗത കുരുക്കനുഭവപ്പെട്ടു. പലരും നടന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്, ഇരിങ്ങാലക്കുടയിൽ നിന്നും ക്രെയിൻ എത്തിച്ചാണ് താഴ്ന്ന് പോയ വാഹനങ്ങൾ പൊക്കിയെടുത്തത്.

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് മാസങ്ങൾക്ക് മുമ്പ് റോഡിന്റെ വശങ്ങളിൽ തോട് കീറിയത്. പൈപ്പ് ലൈൻ സ്ഥാപിച്ച് കുഴിമണ്ണിട്ടു മൂടിയെങ്കിലും മഴ പെയ്ത് ചെളി കെട്ടിയതിനാൽ വാഹനങ്ങൾ ഈ ഭാഗത്ത് താഴ്ന്നു പോകുകയാണ്.റോഡ് നിർമ്മാണത്തിന് മഴക്കാലം കഴിയും വരെ കാത്തിരുന്നാൽ അത് കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കുമെന്നും ഉടനെ ഈ വിഷയത്തിൽ അധികാരികൾ നടപടി കൈകൊള്ളണമെന്നും നാട്ടുകാരാവശ്യപ്പെട്ടു,