കാരുണ്യത്തിന്റെ പെരുമഴയായി ക്രൈസ്റ്റ് കോളേജിലെ തവനീഷ് വിദ്യാർത്ഥി കൂട്ടായ്മ : പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയിൽ കൈത്താങ്ങാവുന്നത് ഏഴ് കുടുംബങ്ങൾക്ക്


ഇരിങ്ങാലക്കുട : വെറും ഒരാഴ്ചകൊണ്ട് ഒരു ലക്ഷം രൂപ സമാഹരിച്ച് ഇരിങ്ങാലക്കുടയിലെ ഏഴ് നിർദ്ധന കുടുംബങ്ങൾക്ക് കൈത്താങ്ങായി ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മയായ തവനീഷ് ക്യാമ്പസ് കാരുണ്യവഴിയിൽ വേറിട്ട ചരിത്രം രചിച്ചു.

മൂന്ന് വർഷം മുമ്പ് ചെറിയ തോതിൽ പ്രവർത്തനമാരംഭിച്ച സംഘടനയുടെ ആദ്യകാല പ്രവർത്തകർ മുൻകയ്യെടുത്താണ് ഇത്തവണ തുക സമാഹരിച്ചത്.കോളേജിലെ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കു പുറമേ പൂർവ്വ വിദ്യാർത്ഥികളും ഇത്തവണ ധനസമാഹരണത്തിൽ പങ്കാളികളായി.

പാൻക്രിയാസിന് തകരാർ സംഭവിച്ച പുല്ലൂർ സ്വദേശിനി ആൻ തെരേസ് ഷൈജു, ഇരു വൃക്കകളും തകരാറിലായ കാട്ടൂർ സ്വദേശിനി ആദ്യ, ബ്ളഡ് ക്യാൻസർ ബാധിച്ച ചേർപ്പ് സ്വദേശി ധർമ്മരാജ്, വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ അസ്മാബി കോളേജ് വിദ്യാർത്ഥി മുഹമ്മദ് ത്വയ്ബ്, വൃക്കരോഗം മൂലം ഡയാലിസിസ് നടത്തുന്ന നാട്ടിക സ്വദേശി കെ.എം മനോജ്, ഡയബറ്റിക്സ് രോഗിയായ ജനീലിയ ജൻസൻ എന്നിവർക്കു പുറമേ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥിയായ അഭിജിത്ത് മാമ്പള്ളിക്കും തവനീഷിന്റെ സ്നേഹസ്പർശം സാന്ത്വനമായി.

ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ.പി.ആർ ബോസ്, ഫാ.ജോയ് പീണിക്കപറമ്പിൽ, ഫാ.ജോളി ആൻഡ്രൂസ്, പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.സെബാസ്റ്റ്യൻ ജോസഫ്, ഡീൻ.ഡോ. വിവേകാനന്ദൻ, തവനീഷ് സ്റ്റാഫ് കോർഡിനേറ്റർ മൂവീഷ് മുരളി, വിദ്യാർത്ഥി പ്രതിനിധി കൃഷ്ണവേണി എന്നിവർ ചേർന്നാണ് തുക വിതരണം ചെയ്തത്.