നാലമ്പല ദർശനം ; ഒരുക്കങ്ങൾ വിലയിരുത്തി


ഇരിങ്ങാലക്കുട : കർക്കടകം ഒന്ന് മുതൽ ആരംഭിക്കുന്ന നാലമ്പല ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി പ്രൊഫ, കെ.യു അരുണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നാലമ്പലം പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു.ഭക്തർക്കു ചെയ്തു കൊടുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് യോഗം വിലയിരുത്തി. വാഹന തിരക്ക് നിയന്ത്രിക്കുന്നതിനായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനോടനുബന്ധമായി വിശാലമായ പാർക്കിങ്ങ് സൗകര്യമൊരുക്കും.ശനി, ഞായർ ദിവസങ്ങളിൽ ഭക്തർക്ക് കഞ്ഞി വിതരണമുണ്ടായിരിക്കും.പായമ്മൽ ക്ഷേത്രത്തിൽ അന്നദാനത്തിനുള്ള സൗകര്യമൊരുക്കും. കൂടാതെ ഇവിടുത്തെ ശൗചാലയ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.മൂഴിക്കുളം ക്ഷേത്രത്തിൽ 35 ലക്ഷം രൂപ ചെലവഴിച്ച് സ്ഥിരം പന്തൽ ഒരുങ്ങി കഴിഞ്ഞു.

കെ.എസ്.ആർ.ടി.സി ബസ്സുകൾ കൃത്യസമയം പാലിക്കണമെന്നും ടൂറിസം ഡിപ്പാർട്ട്മെന്റ് നൽകുന്ന പാസുകൾ ടൂറിസ്റ്റ് ബസുകൾ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും, എക്സൈസ് വകുപ്പ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും തീരുമാനമായി.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ നിമ്മ്യ ഷിജു, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ.എം സുമ, തഹസിൽദാർ എ.എച്ച് ഹരീഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വി.കെ മിനി എന്നിവർ യോഗത്തിൽ പങ്കെടുത്തു.