ദുക്റാന തിരുനാൾ ; ഇരുപത്തയ്യായിരം പേർക്ക് കത്തീഡ്രൽ ദേവാലയത്തിൽ നേർച്ചയൂട്ട് ഒരുക്കും


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാസ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മയചരിക്കുന്ന ജൂലൈ 3 -ാം തിയ്യതി ബുധനാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രലിൽ ഇരുപത്തയ്യായിരം പേർക്ക് ദുക്റാന നേർച്ചയൂട്ടു നടത്തുമെന്ന് കത്തീഡ്രൽ വികാരി ഫാ.ആന്റു ആലപ്പാടൻ അറിയിച്ചു.തിരുനാളിനോടനുബന്ധിച്ചുള്ള നവനാൾ ജൂൺ 25-ാം തിയ്യതി ചൊവ്വാഴ്ച ആരംഭിച്ചു.തിരുനാളിന്റെ തലേ ദിവസമായ ജൂലൈ രണ്ട് ചൊവ്വാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ വൈകിട്ട് 5.30 ന് വിശുദ്ധ കുർബ്ബാന, സന്ദേശം, ലദ്ദീഞ്ഞ്, നൊവേന എന്നിവയുണ്ടായിരിക്കും.

ജൂലൈ ഒന്നാം തിയ്യതി തിങ്കളാഴ്ച രാവിലെ 7.15 ന് നടക്കുന്ന ആഘോഷകരമായ കുർബ്ബാനക്കും, പതാക ഉയർത്തലിനും കത്തീഡ്രൽ വികാരി ഫാ.ആന്റു ആലപ്പാടൻ മുഖ്യ കാർമികത്വം വഹിക്കും.തിരുനാൾ ദിനമായ മൂന്നാം തിയ്യതി ബുധനാഴ്ച രാവിലെ 6 മണിക്കും, വൈകീട്ട് 7 മണിക്കും കത്തീഡ്രലിലും, വൈകീട്ട് 5 മണിക്ക് സ്പിരിച്വാലിറ്റി സെന്ററിലും വിശുദ്ധ കുർബ്ബാന. രാവിലെ 7.30 ന് ബിഷപ്പ് മാർ.പോളി കണ്ണൂക്കാടന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയർപ്പണം തുടർന്ന് ഊട്ടു നേർച്ച വെഞ്ചരിപ്പ്.രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനക്ക് റവ.ഫാ.സിബു കള്ളാപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും.റവ.ഡോ.ബിജി കോയിപ്പിള്ളി തിരുനാൾ സന്ദേശം നൽകും. തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും. കത്തീഡ്രൽ അങ്കണത്തിലെ പന്തലിലാണ് ഊട്ടു സദ്യ ക്രമീകരിച്ചിരിക്കുന്നത്.

നാനൂറോളം വാളണ്ടിയർമാരാണ് നേർച്ചയൂട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും, പ്രോത്സാഹനവും ഊട്ടു സദ്യയുടെ വിജയത്തിനായുണ്ടാകണമെന്ന് തിരുനാൾ കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു,