പഞ്ചായത്ത് കമ്മറ്റിയിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ ഇറങ്ങി പോയി


വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്ത് 14 -ാം വാർഡിൽ പൂന്തോപ്പ് ക്ഷേത്രത്തിനു സമീപം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ന്യൂ കൺസപ്റ്റ് മെറ്റൽ സൊലൂഷൻ എന്ന കമ്പനി ഉണ്ടാക്കുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് തദ്ദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്പനിക്കു സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും അതിനെ തൃണവത്ഗണിച്ചു കൊണ്ട് കമ്പനിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും പൊലൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റില്ലാതെയാണ് ഈ കമ്പനിക്ക് ലൈസൻസ് നൽകിയതെന്നും തൃശൂർ ജില്ലയിൽ തന്നെ മറ്റൊരു സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഈ കമ്പനി അവിടെ പ്രദേശവാസികളുടെ എതിർപ്പുയർന്നതിനെ തുടർന്നാണ് പൂന്തോപ്പിലേക്ക് മാറ്റി സ്ഥാപിച്ചതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോൾ അസിഡിറ്റിയുടെ അളവ് വർദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഈ വിഷയത്തിൽ പഞ്ചായത്തിനുണ്ടായ ജാഗ്രത കുറവ് അവസാനിപ്പിച്ച് ജനങ്ങൾക്കുണ്ടായ ജാഗ്രത കുറവ് പരിഹരിക്കണമെന്നും കമ്പനിയുടെ പ്രവർത്തനം എത്രയും പെട്ടെന്ന് നിർത്തിവെപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മറ്റിയിൽ നിന്നും ഇറങ്ങി പോയത്.