കോണത്തുകുന്നിലെ വീട്ടിൽ നിന്നും സ്പിരിറ്റ് പിടിക്കാൻ പോയ പോലീസ് സംഘത്തിന് കിട്ടിയത് വൻ കഞ്ചാവ് ശേഖരം


ഇരിങ്ങാലക്കുട :  സ്പിരിറ്റ് അന്വേഷിച്ചുപോയ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയത് 2.8 കിലോയോളം കഞ്ചാവ്. കോണത്തുകുന്ന് മനക്കലപടിയിലെ വീട്ടിൽ നിന്നുമാണ് ഇത്രയും കഞ്ചാവ് വീണ്ടെടുക്കാന്‍ കഴിഞ്ഞത്.

വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ എടമുട്ടം പാലപ്പെട്ടി സെഹ്‌റാസ് ഓഡിറ്റോറിയത്തിന് സമീപത്തെ വാടക വീട്ടില്‍ നിന്നും 50 ഓളം ലിറ്റര്‍ വ്യാജ സ്പിരിറ്റ് സഹിതം പെരിഞ്ഞനം സ്വദേശിയായ കാര്യേഴത്ത് വീട്ടില്‍ പ്രഭിന്‍ എന്നയാളെ അറസ്റ്റ് ചെയ്തിതിരുന്നു. ഈ  കേസില്‍ തുടര്‍ന്നുള്ള അന്വേഷണത്തിൽ ഇക്കഴിഞ്ഞ ദിവസം പോലീസ് എസ്.എന്‍.പുരം സ്വദേശി ചിറ്റേഴത്ത് വീട്ടില്‍ അനില്‍കുമാര്‍ (43) എന്നയാളെയും അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് പോലീസ് സംഘം കോണത്ത്കുന്നിലെ മനക്കലപ്പടി താണിയകുന്ന് വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഇരിഞ്ഞാലക്കുട പോലീസുമായി ചേര്‍ന്നു ആരുമില്ലാതെ പൂട്ടിക്കിടന്ന വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് 2.8 കിലോയോളം കഞ്ചാവ് കണ്ടെത്താന്‍ കഴിഞ്ഞത്.

അയിഷാബി എന്ന സ്ത്രിയുടെ ഉടമസ്ഥതയിലുള്ള ഈ വാടക വീട്ടിലാണ് അനില്‍കുമാര്‍ എന്നയാളും കൂട്ടാളികളും ഡിസ്റ്റിലറി സെറ്റ് ചെയ്തിരുന്നത്. വ്യാജമദ്യം നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും മദ്യം പാക്ക് ചെയ്യുന്നതിനുള്ള കുപ്പികളും ഈ വീട്ടില്‍ നിന്ന് കണ്ടെത്തി. കഞ്ചാവ് ചെറു പാക്കറ്റുകളിലായി വില്‍പ്പന നടത്തിയിരുന്നതായി സംശയിക്കുന്നു. അനില്‍കുമാര്‍ അറസ്റ്റിലായി എന്ന വിവരം കിട്ടിയതോടെ കൂടെയുള്ളവര്‍ സ്പിരിറ്റുമായി മുങ്ങുകയായിരുന്നു. ഈ വീട് വാടകക്ക് എടുത്ത എസ്.എന്‍ പുരം സ്വദേശി രതീഷ് കൂടാതെ ഈ വീട്ടില്‍ ഉണ്ടായിരുന്ന ആളുകളെയും, കൂടാതെ ഈ വാടക വീട്ടിലേക്ക് സ്ഥിരമായി വന്നുപോയിരുന്നവരെയും കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

തൃശൂര്‍ റൂറല്‍ ജില്ലാപോലീസ് മേധാവി കെ പി വിജയകുമാരന്‍ ഐ.പി.എസ് ന്റെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ റൂറല്‍ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപാലകൃഷ്ണന്‍, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ വലപ്പാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സമീഷ് പി.എച്ച്,ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബിജോയ്. പി.ആര്‍, തൃശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് സ്‌ക്വാഡ് എസ് ഐ മുഹമ്മദ് റാഫി എം പി, ഇരിങ്ങാലക്കുട എസ്.ഐ സുബിന്ദ്, സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരായ ജോബ് സി.എ, സൂരജ്.വി. ദേവ്,ലിജു ഇയ്യാനി, മാനുവല്‍എം.വി, വിനോഷ് എ.വി, എ.എസ്.ഐ ക്ളീറ്റസ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.