അധിക സീറ്റ്‌ വർദ്ധന – ഹയർ സെക്കണ്ടറി മേഖലയിൽ അസ്വസ്ഥത പടരുന്നു


തൃശൂർ : സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിലവിലെ 20%സീറ്റ്‌ വർദ്ധനയ്ക്കു പുറമെ വീണ്ടും നിർബന്ധിതമായി 10% സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം മേഖലയിൽ അസ്വസ്ഥതയുളവാക്കിയിരിക്കുകയാണ്. നിലവിൽ 50 കുട്ടികളുള്ള ബാച്ചിൽ 20% വർദ്ധിപ്പിച്ചപ്പോൾ തന്നെ 60 കുട്ടികൾ കൊണ്ട് ക്ലാസ്സുകൾ തിങ്ങിയിരിക്കുകയായിരുന്നു. അതിനുപുറമെ 5കുട്ടികൾ കൂടി ഒരു ക്ലാസ്സിൽ എത്തുമ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്. യാതൊരുവിധ ശാസ്ത്രീയ പഠനവുമില്ലാതെ സീറ്റുകൾ വർദ്ധിപ്പിക്കുന്നത് ഈ മേഖലയുടെ ഗുണനിലവാരത്തെ ബാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചിട്ടുണ്ട്.

എസ്.എസ്.എൽ.സി  പരീക്ഷ വളരെ ലാഘവത്തോടെ നടത്തി പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളെയും ജയിപ്പിച്ചതുകൊണ്ട് ഹയർ സെക്കണ്ടറി മേഖലയിൽ ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. നല്ല രീതിയിൽ നടന്നു കൊണ്ടിരിക്കുന്ന ഈ മേഖലയെ തളർത്തി അൺ എയ്ഡഡ് മേഖലയെ വളർത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഹയർ സെക്കണ്ടറി മേഖലയിലെ തിടുക്കത്തിലുള്ള പരിഷ്‌കാരങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും സർക്കാർ യാതൊരുവിധ ജനാതിപത്യ ചർച്ചകളോ നടത്തിയില്ല.

സ്റ്റേ മാറ്റാൻ ഹൈക്കോടതിയിൽ പോയി. സ്റ്റേ മാറ്റിയില്ലെന്ന് മാത്രമല്ല, ചർച്ചകൾ നടത്താതെ മുന്നോട്ട് പോകരുതെന്നാണ് കോടതി വിധിച്ചിട്ടുള്ളത്. ഇനിയും സർക്കാർ ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ട്പോയാൽ ശക്തമായി ചെറുക്കുമെന്ന് എയിഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എ വർഗ്ഗിസ് അറിയിച്ചു