ഭിന്നശേഷിക്കാർക്ക് താങ്ങായി കല്ലേറ്റുംകര എൻ.ഐ.പി.ആർ

കല്ലേറ്റുംകര  : ജീവിതയാത്രയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും തണലാവുകയാണ് ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ (എൻഐപിഎംആർ). ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കി സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം സാമ്പത്തിക ബുദ്ധിമുട്ടിനാൽ ചികിത്സ വഴിമുട്ടിപ്പോകുന്നവർക്ക് കൈത്താങ്ങാവുകയാണ്.

ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ട കരുതൽ ഒരുക്കുകയും ചെയ്യുന്ന ജില്ലയിലെ മികച്ച സ്ഥാപനമായി എൻഐപിഎംആർ മാറിക്കഴിഞ്ഞു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുക്കുന്നത്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. വിവിധതരം തെറാപ്പികളിലൂടെയാണ് ചികിത്സാ ഒരുക്കുന്നത്. ജന്മനാ ഉണ്ടാകുന്ന ശാരീരിക വൈകല്യങ്ങൾക്കും, ശാരീരിക ചലനങ്ങളെ ബാധിക്കുന്ന പരിക്ക് മൂലമുള്ള പ്രശ്‌നങ്ങൾക്കുമായി കുട്ടികൾക്കും മുതിർന്നവർക്കും ഫിസിയോതെറാപ്പി വിഭാഗത്തിൽ പ്രത്യേക ചികിത്സകൾ ലഭ്യമാണ്. രോഗസംബന്ധമായ പ്രശ്‌നങ്ങൾക്കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഭിന്നശേഷിക്കാർക്കും ഒക്യുപേഷണൽ തെറാപ്പിയിലൂടെ സാധാരണ ജീവിതം നയിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകിവരുന്നു.

ഓട്ടിസം കുട്ടികൾക്കായി സർക്കാരിന്റെ പ്രത്യേക പദ്ധതിയായ ആർഎആർആർസി പ്രകാരമുള്ള ചികിത്സാ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ബിഹേവിയറൽ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ ആർഎആർആർസിയുടെ ഭാഗമായി നടത്തുന്നു. ശ്രുതിതരംഗം പദ്ധതിയിലൂടെയാണ് കേൾവി സംബന്ധമായ പ്രശ്‌നങ്ങൾക്ക് ചികിത്സാ നൽകുന്നത്. സംസാരശേഷിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്ക് സ്പീച്ച് തെറാപ്പിയിലൂടെയാണ് ചികിത്സാ ഒരുക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ സ്‌പെഷ്യൽ ട്രാൻസിഷൻ സ്‌കൂൾ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ചികിത്സയുടെ ഭാഗമായി കാഴ്ച, മണം, സ്പർശം, കേൾവി തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളെ സാധ്യമാക്കുന്നതിന് സെൻസറി ഗാർഡൻ ഒരുക്കിയിട്ടുണ്ട്. സ്ഥാപനത്തിൽ ചികിത്സക്കായി എത്താൻ കഴിയാത്തവർക്കും ബഡ്സ് സ്‌കൂളുകൾക്കുമായി റിഹാബ് ഓൺ വീൽസ് പദ്ധതിയിലൂടെ സഞ്ചരിക്കുന്ന തെറാപ്പി യൂണിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗശ്രുശ്രുഷക്ക് പുറമെ വിവിധ സേവനങ്ങളും എൻഐപിഎംആറിന്റെ കീഴിൽ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി തുടങ്ങി രോഗാനുസരണം ഭക്ഷണക്രമ നിർദ്ദേശങ്ങൾക്ക് ഡയറ്റീഷ്യന്റെ സേവനവും, തൊഴിൽ പരിശീലന പദ്ധതികളും സംഘടിപ്പിച്ചിട്ടുണ്ട്. രോഗികളുടെയും കുടുംബാംഗങ്ങളുടെയും സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങൾ കൈകാര്യം ചെയുന്നതിന് സോഷ്യൽ വർക്ക് സേവനം, കുട്ടികളിൽ ഉണ്ടാകുന്ന വളർച്ചാ സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ചൈൽഡ് ഗൈഡൻസ് എന്നിവയിലൂടെയുള്ള പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തിവരുന്നു.

എൻകെ മാത്യു ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ സെറിബ്രൽ പാഴ്സി ബാധിച്ച കുട്ടികളുടെ ചികിത്സക്കായി എൻകെ ജോർജിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം 2012 ലാണ് സാമൂഹികനീതി വകുപ്പിന്റെ കീഴിൽ സർക്കാർ ഏറ്റെടുത്തത്. വെർച്ച്വൽ റിയാലിറ്റി പോലുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള ചികിത്സാ രീതികളാണ് ഇവിടെ ലഭ്യമാക്കുന്നത്. ഭിന്നശേഷി പുനരധിവാസ രംഗത്തെ അടുത്ത ചുവടുവയ്പ്പായി ഒക്യുപേഷണൽ തെറാപ്പി, ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ വിഭാഗങ്ങളിൽ ഡി. എഡ് പഠനകോഴ്‌സുകൾ ആരംഭിക്കും.