കല്ലട ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നത്  സംബന്ധിച്ച്  25ന് കലക്ടറേറ്റിൽ റോഡ് ട്രാഫിക് അതോറിറ്റി (ആർടിഎ) ബോർഡ് യോഗം ചർച്ച ചെയ്യും


ഇരിങ്ങാലക്കുട : കൊച്ചിയിൽ യാത്രക്കാരെ മർദിച്ച കേസുമായി ബന്ധപ്പെട്ട് കല്ലട ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നത്  സംബന്ധിച്ച്  25ന് കലക്ടറേറ്റിൽ റോഡ് ട്രാഫിക് അതോറിറ്റി (ആർടിഎ) ബോർഡ് യോഗം ചർച്ച ചെയ്യും. കല്ലട ട്രാവൽസ് ഉടമ സുരേഷിനോടു യോഗത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്രക്കാർ ആക്രമിക്കപ്പെട്ട കല്ലട ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യണമെന്നു കാണിച്ച് എറണാകുളം ആർടിഒ ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒയ്ക്കു കത്തു നൽകിയിരുന്നു. എന്നാൽ, സ്വന്തം നിലയിൽ സസ്പെൻഡ് ചെയ്താൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജോയിന്റ് ആർടിഒ തീരുമാനം ആർടിഎ ബോർഡിനു വിടുകയായിരുന്നു.

കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവർ ഉൾപ്പെടുന്ന ആർടിഎ ബോ‍ർഡ് തീരുമാനമെടുത്താൽ കോടതിയിൽ നിന്നു സ്റ്റേ നേടുക എളുപ്പമല്ല. ആർടിഎ ബോർഡ് സെക്രട്ടറിയായ ആർടിഒയുടെ ചുമതല വഹിക്കുന്ന തൃശൂർ ജോയിന്റ് ആർടിഒ 25ലെ യോഗത്തിന്റെ നോട്ടിസ് അംഗങ്ങൾക്കു നൽകിയിട്ടുണ്ട്. കല്ലട ഉടമയ്ക്കും നോട്ടിസ് നൽകി. ഉടമയെ കേട്ട ശേഷം നടപടി എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു വർഷത്തേക്കു പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾക്കു സാധ്യതയുണ്ടെന്നാണ് ഇത് സംബന്ധിച്ച് ലഭിക്കുന്ന അനൗദ്യോഗിക വിവരം.