ഇരിങ്ങാലക്കുടയിലും രണ്ടില രണ്ടായി ; കേരള കോൺഗ്രസ് (എം) പിളർപ്പ് പൂർണ്ണം


ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്(എം) നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്റെ നേതൃത്വത്തിലുള്ള വിഭാഗം വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്, ഡപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന യോഗത്തിലാണു തീരുമാനം.

56 അംഗം നിയോജകമണ്ഡലം കമ്മിറ്റിയിൽ 50 അംഗങ്ങളും 9 മണ്ഡലം പ്രസിഡന്റുമാരിൽ 7 പേരും 6 നിയോജകമണ്ഡലം ഭാരവാഹികളിൽ 5 പേരും 5 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 4 പേരും യോഗത്തിൽ പങ്കെടുത്തതായി ഈ വിഭാഗം അവകാശപ്പെട്ടു. ഉന്നതാധികാര സമിതി അംഗം തോമസ് ഉണ്ണിയാടൻ യോഗം ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട : നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരനെ പുറത്താക്കിയതായി കേരള കോൺഗ്രസ്(എം) നിയോജകമണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം യോഗം ചേർന്ന് അറിയിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇ.വി. ആന്റോയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജോസ് കെ. മാണി എംപിക്കു യോഗം പിന്തുണ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറിയായി കെ.ബി. ഷമീറിനെ തിരഞ്ഞെടുത്തു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. പുതിയ നിയോജകമണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്താതായി ഇവർ അറിയിച്ചു.