ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് – ഇരിങ്ങാലക്കുട ടൈംസ് എഡിറ്റോറിയൽ


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്.

കേരളത്തിലെ “മാറിയ നിക്ഷേപ കാലാവസ്ഥ” എന്ന പ്രചാരണങ്ങൾ വിശ്വസിച്ചു ഒരു സംരഭം ആരംഭിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം പ്രവാസികളും സംരംഭം തുടങ്ങി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന അനവധി പേരുടെ പിൻഗാമികളും ഇനിയും തുടങ്ങാനിരിക്കുന്നവരുടെ മുൻഗാമികളും അവരുടെ പ്രധിനിധികളുമായിട്ടാണ് സർ ചില കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുന്നത്.

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും സർക്കാരിന്റെ നടപടി ക്രമങ്ങളും ഒരു സംരഭകനെ എങ്ങനെയൊക്കെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു എന്നതിന്റെ നേർചിത്രം ഒരു സംരംഭകനല്ലാതെ ഏതെങ്കിലും രാഷ്ട്രീയക്കാർക്കോ ഉദ്യോഗസ്ഥർക്കോ മനസ്സിലാവില്ല സർ. ഞങ്ങളുടെ ഈ കുറിപ്പ് മൂലം ആരെങ്കിലും അത് മനസ്സിലാക്കാൻ ശ്രമിച്ചാൽ അത് കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഗുണങ്ങൾ എന്നെങ്കിലും ഉണ്ടായാൽ ഞങ്ങൾ കൃതാർത്ഥരായി.
ഒരു സംരംഭകന്റെ ഏറ്റവും വലിയ മൂലധനം അവന്റെ ആത്മവിശ്വാസവും ആത്മാഭിമാനവുമാണ്. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ കയറാൻ തുടങ്ങുന്ന ആദ്യ ദിനങ്ങളിൽ തന്നെ ഒരു സംരംഭകന് നഷ്ടമാകാൻ തുടങ്ങുന്നതും ഇത് രണ്ടും തന്നെ.

ചോദ്യങ്ങൾ ഇഷ്ടപെടാത്ത പ്രഭുക്കളായ ഉദ്യോഗസ്ഥന്മാരും പ്രതികാരനടപടികൾ ഭയന്ന് ചോദ്യങ്ങൾ ചോദിക്കാൻ മടിക്കുന്ന ജനങ്ങളും ഈ സംസ്ഥാനത്തിന്റെ ഭാവിയെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് സർ?
കേരള സർക്കാരിന്റെ മലിനീകരണ നിയന്ത്രണ ബോർഡിൻറെ അനുമതിക്കായുള്ള അപേക്ഷയും അതിന്റെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ആണ് ഈ കുറിപ്പിന് ആധാരം (ഇത് ഒരു ഉദാഹരണം മാത്രം. ഏതു വകുപ്പുമായി ബന്ധപ്പെട്ടാലും അനുഭവങ്ങൾ മടുപ്പിക്കുന്നത് തന്നെയാണ്) ഒരു സംരംഭകൻ കടന്ന് പോകുന്ന മുൾവഴികളിൽ ഒന്ന് മാത്രമാണെങ്കിലും മലിനീകരണ ബോർഡിൻറെ സേവനങ്ങളെ പറ്റിയുള്ള അവ്യക്തതയും അതിന് ഈടാക്കുന്ന ഫീസിന്റെ മാനദണ്ഡങ്ങളും വളരെ വിചിത്രമായി അനുഭവപ്പെട്ടതിനാലാണ് ഈ വിഷയത്തിൽ താങ്കളുടെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നത്.

മലിനീകരണ നിയന്ത്രണ ബോർഡ്‌ ഒരു സംരംഭകന് എന്തൊക്കെ സേവനങ്ങൾ നൽകും എന്ന ഒരു സൂചകങ്ങളും ഞങ്ങൾ പോയ ഓഫീസിൽ കണ്ടില്ല സർ. പകരം റെഡ്, ഓറഞ്ച് , ഗ്രീൻ എന്നീ വിഭാഗത്തിൽ അനുമതി ലഭിക്കുന്നതിനുള്ള ഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അതിന് മാനദണ്ഡമാക്കുന്നതോ അതാത് സംരംഭത്തിന്റെ മൂലധനം അടിസ്ഥാനപ്പെടുത്തിയും. ഇത് ഒരു സാധാരണക്കാരന്റെ യുക്തിക്ക് ഒരു വിധത്തിലും ബോധ്യം വരാത്ത സംഗതിയാണ് സർ. ഒരു സംരംഭകൻ ചിലപ്പോൾ കൂടുതൽ പണം മുടക്കുന്നത് മലിനീകരണം കുറവുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാവില്ലെ സർ. ആ ഒറ്റ കാരണത്താൽ ഫീസ്‌ കൂടുതൽ അടക്കേണ്ടി വരുന്നത് എന്ത് ദുരന്തമാണ് സർ. മൂലധനവും മലിനീകരണവും തമ്മിൽ എന്ത് ബന്ധമാണ് സർ ?

കൂടുതൽ പണം അടക്കുന്ന സംരംഭത്തിന് കൂടുതലായി എന്ത് സേവനമാണ് മലിനീകരണ നിയന്ത്രണ ബോർഡ്‌ നൽകുന്നത്. അതല്ലെങ്കിൽ ഒരേ സേവനത്തിനു പലരീതിയിൽ ഫീസ്‌ ചുമത്തുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് സർ? സംരംഭകർക്കെതിരെ ശിക്ഷാ നടപടികളെടുക്കുക എന്നതല്ലാതെ എന്ത് സേവനങ്ങളാണ് സംരംഭകർക്ക് ലഭിക്കുന്നത് സർ? സംരംഭകരെ ആദ്യമേ തന്നെ പലവിധ ഫീസുകൾ ചുമത്തി ചൂഷണം ചെയ്യുന്ന സമീപനം അവരെ സംരംഭങ്ങൾ തുടങ്ങുന്നതിൽ നിന്നും തടയുകയല്ലേ സർ ചെയ്യുന്നത് . അവർക്കു എളുപ്പത്തിൽ സംരംഭം തുടങ്ങാനുള്ള സാഹചര്യം ഒരുക്കി എത്രയും വേഗം സംസ്ഥാനത്തിന്റയും കൂടി വരുമാന സ്രോതസ് ആക്കാൻ സഹായിക്കുകയല്ലേ വേണ്ടത് .

ജനവിരുദ്ധമായ നിയമങ്ങൾ പൊളിച്ചെഴുതാനും വികസനത്തിന്‌ തടസ്സം നിൽക്കുന്ന കുപ്പിക്കഴുത്തുകൾ ശരിയാക്കാനും താങ്കൾക്ക് കഴിയും എന്ന് ദൃഢമായി വിശ്വസിക്കുന്നു.

മൂല്യങ്ങളിൽ ഉറച്ചു നിന്ന് സംരംഭം മുന്നോട്ട് കൊണ്ടുപോവാൻ ശ്രമിക്കുന്ന, പ്രളയത്തിന് പോലും തോൽപിക്കാൻ കഴിയാത്ത ഞങ്ങളുടെ ആത്മവിശ്വാസത്തെ തോൽപിക്കാൻ ഒരു ഉദ്യാഗസ്ഥനും കഴിയില്ല എന്ന വിശ്വാസം തന്നെയാണ് സർ ഞങ്ങളെ ഈ കുറിപ്പെഴുതാൻ പ്രേരിപ്പിക്കുന്നതും. ഉദ്യോഗസ്ഥരുടെ പ്രതികാരം ഭയന്ന് ഒളിച്ചോടുന്ന സംരംഭകരുടെ കൂട്ടത്തിൽ ഞങ്ങളുണ്ടാവില്ല സർ. വ്യവസായ വകുപ്പ് ആവുന്ന വിധത്തിൽ സഹായിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റു വകുപ്പുകൾക്ക് മേൽ യാതൊരു അധികാരവും ഇല്ലാത്ത അവർ, ഫലത്തിൽ കളിക്കാരെ ഗാലറിയിൽ ഇരുന്നു പ്രോത്സാഹിപ്പിക്കുന്ന കാണികളുടെ അവസ്ഥയിലാണ്.

സബ്സിഡികളും ലോണും പണവുമൊന്നും ഒരു സംരംഭകനെ ഉണ്ടാക്കില്ല സർ. ഒരു ജനകീയ സർക്കാർ എന്ന നിലയിൽ അവർക്ക് വേണ്ട നിലം ഒരുക്കുക. വളക്കൂറുള്ള മണ്ണാണെങ്കിൽ അവർ പെട്ടെന്ന് വളർന്നു പടർന്നുകൊള്ളും സർ.