തിയ്യറ്ററുകളിൽ ജനസമുദ്രം സൃഷ്ടിക്കുന്ന ‘ഉണ്ട’ യെ കുറിച്ച് അനീഷ് ഗോപി എഴുതിയ റിവ്യൂ വായിക്കാം


‘ഉണ്ട’ സിനിമ തുടങ്ങുമ്പോൾ ‘മെഗാസ്റ്റാർ മമ്മൂട്ടി’ എന്നെഴുതിക്കാണിക്കുന്നുണ്ട്. നമ്മൾ അവസാനമായി മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ കാണുന്നത് ആ ടൈറ്റിലിൽ മാത്രമാണ്, അതിന് ശേഷം കാണാനും അനുഭവിക്കാനും കഴിയുന്നത് മണിപോലീസ് എന്ന അതിമാനുഷികതയുടെ ധാരാളിത്തമില്ലാത്ത കഥാപാത്രവും അയാളുടെ കൂടെയുള്ള ഒരുകൂട്ടം പോലീസുകാരെയുമാണ്.

മലയാളത്തിൽ അധികം ഉപയോഗിക്കാത്ത വേറിട്ട ഴോണറിലുള്ള ചിത്രമാണ് ഉണ്ട. രാജ്‌കുമാർ റാവു അഭിനയിച്ച ന്യൂട്ടനെ ഓർമിപ്പിക്കുന്ന പശ്ചാത്തലത്തിൽ തികച്ചും വ്യത്യസ്തമായ കഥയാണ് ഖാലിദ് റഹ്മാൻ പറയുന്നത്.

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിൽ ഇലക്ഷൻ നടത്താൻ സഹായിക്കാൻ പോകുന്ന ഒരു പറ്റം കേരള പോലീസും, അവരുടെ യാത്രയും ചില സംഭവവികാസങ്ങളുമാണ് ഇതിവൃത്തം. ക്ളൈമാക്സിനു തൊട്ട് മുൻപുള്ള ഭാഗങ്ങൾ വരെ പരമാവധി റിയലിസ്റ്റിക് സ്വഭാവം നിലനിർത്തിയിട്ടുണ്ട്. തോക്കിലെ ഉണ്ട നായകനോളം പ്രാധാന്യം അർഹിക്കുന്ന ഒരു കഥാപാത്രമാണ് ഈ സിനിമയിൽ, അതു കൊണ്ട് തന്നെ ഉണ്ട എന്നതിലും നല്ലൊരു പേര് ഈ ചിത്രത്തിനിടാനില്ല.

ഉണ്ടയുടെ രാഷ്ട്രീയം വളരെ കൃത്യമായി പറയാൻ സംവിധായകന് സാധിക്കുന്നുണ്ട്. കാലത്തിനൊത്ത് സഞ്ചരിക്കാത്ത രീതികളും സാമഗ്രികളും, കണ്ണ് തുറക്കാത്ത മേലുദ്യോഗസ്ഥരും , ദുരന്തങ്ങൾ സംഭവിച്ചാൽ മാത്രം നടപടികളുമായി വരുന്ന സർക്കാർ സംവിധാനങ്ങളുമെല്ലാം ഉണ്ടയുടെ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നു. ഒരേ ഫോഴ്സിൽ ഒപ്പം ജോലി ചെയ്യുന്ന സന്ദർഭത്തിൽ പോലും പരിഹസിക്കപ്പെടുന്ന, തീവ്രമായ ജാതിയധിക്ഷേപത്തിന് പാത്രമാകേണ്ടി വരുന്ന ആദിവാസി യുവാവിന്റെ മനസ്സ് കൂടെ പറഞ്ഞു വെക്കുന്നുണ്ട് ഉണ്ട. ജാതി സംവരണം എന്തിനെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം. പ്രിവിലേജുള്ളവന്റെ നേരമ്പോക്കുകൾ അണ്ടർ പ്രിവിലേജ്ഡ് ആയ ഒരുവന് പീഡനങ്ങളായേ അനുഭവപ്പെടൂ. “നമ്മുടെ ജീവിതം എങ്ങനെയാവണമെന്ന് വേറെ ഒരാൾ തീരുമാനിക്കുന്ന അവസ്ഥ ഭീകരമാണ്. സഹിക്കാൻ പറ്റൂല്ല സാറേ ”

സ്ക്രിപ്റ്റുകളുടെ സെലക്ഷനുകളിൽ തുടർച്ചയായി പാളിപ്പോയിരുന്ന മമ്മൂട്ടി, ഒരുപാട് തെറ്റുകൾക്കിടയിൽ കണ്ടെത്തിയ വലിയ ശരിയാണ് ഖാലിദ് റഹ്‌മാന്റെ ഉണ്ട. റിയലിസ്റ്റികും നല്ലതുമായ സിനിമകൾ ഇഷ്ടപ്പെടുന്ന ആർക്കും ഉണ്ടയ്ക്ക് ടിക്കറ്റെടുക്കാം. പാട്ടും ഡാൻസും കോമഡിയും നിര്ബന്ധമാണേൽ ഒഴിവാക്കാം.

Rating 3.5/5