പരിസ്ഥിതി സന്ദേശം നൽകി സൈക്കിൾ വിതരണം ചെയ്തു

 

 

ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ടു പിടിപ്പിക്കുക എന്ന പതിവു രീതിയിൽ നിന്ന് വ്യത്യസ്തമായി സ്കൂൾ വിദ്യാർത്ഥികൾക്ക് കോളേജ് വിദ്യാർത്ഥികൾ സൈക്കിളുകൾ സമ്മാനിച്ചത് വ്യത്യസ്തതയായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ തവനീഷ് പ്രവർത്തകരാണ് പുത്തൻചിറ ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികളായ സഹൽ, കാർത്തികേയൻ, അഭിറാം എന്നിവർക്ക് സൈക്കിളുകൾ സമ്മാനിച്ചത്.

സാമൂഹിക നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്രൈസ്റ്റ് വിദ്യാർത്ഥി കൂട്ടായ്മയായ തവനീഷ് സംഘടനയുടെ പ്രവർത്തകരായ അലൂക്, ജബീബ്, ബിനോയ് എന്നിവരാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിക്കുക എന്ന ആശയം മുന്നോട്ടുവച്ചത്. കോളേജിലെ സുഹൃത്തുക്കൾ ഉപയോഗിച്ചിരുന്ന സൈക്കിൾ സംഭാവനയായി സ്വീകരിച്ച് സുഹൃത്തുക്കൾ സമാഹരിച്ച ഫണ്ട് കൊണ്ട് കേടുപാടുകൾ തീർത്ത് പുതുക്കി നൽകുക വഴി വസ്തുക്കളുടെ പുനരുപയോഗം എന്നൊരു സന്ദേശം കൂടി പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നൽകാൻ കഴിഞ്ഞുവെന്ന് സ്റ്റാഫ് കോ ഓർഡിനേറ്റർ പ്രൊഫ. മൂവിഷ് മുരളി പറഞ്ഞു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജേഷ്, ഹെഡ് മിസ്ട്രസ് ഉഷാദേവി, തവനീഷ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.