വീഴാൻ കാത്തിരിക്കുന്ന കാത്തിരുപ്പു കേന്ദ്രം ഭീഷണിയാവുന്നു

വേളൂക്കര : കൊറ്റനല്ലൂർ ഫാത്തിമ മാത പള്ളി നടയിലെ ഏക ബസ് കാത്തിരുപ്പ് കേന്ദ്രം ഈ മഴക്കാലത്തെ അതിജീവിയ്ക്കില്ല. നൂറ് കണക്കിനാളുകൾക്ക് ദിനം തോറും മഴയിലും വെയിലിലും സംരക്ഷണമേകി വന്ന കാത്തിരുപ്പ് കേന്ദ്രത്തിന്റെ അടിസ്ഥാനം തകർന്ന നിലയിലും തൂണുകൾ മേൽക്കൂരയിൽ നിന്ന് ഏത് നിമിഷവും വിട്ടു പോകാവുന്ന അവസ്ഥയിലുമാണ്. മഴ കനക്കുന്നതോടെ വിള്ളലുകളിലേക്ക് വെള്ളമിറങ്ങി വാർക്ക മേൽക്കൂര നിലംപൊത്തും.

ഇരിങ്ങാലക്കുടയിലെ സഹകരണ ബാങ്ക് ജീവനക്കാരനായ തൈവളപ്പിൽ റെജി എന്ന വ്യക്തിയുടെ സ്വകാര്യ വാഹനം മൂന്ന് മാസങ്ങൾക്ക് മുൻപ് ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർക്കുകയായിരുന്നു. ഉടൻ കേടുപാടുകൾ തീർത്ത് തരാം എന്ന് പറയുകയല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്നുംകൊച്ചു കുട്ടികളും പ്രായമായവരും അപകടത്തിന്റെ ഗൗരവം മനസ്സിലാക്കാതെ “സത്യമുള്ള മാതാവ് ഞങ്ങളെ കാത്തുകൊള്ളും” എന്നും പറഞ്ഞ് മഴ കൊള്ളാതിരിക്കാൻ കയറി നിൽക്കുകയാണെന്നും ലോക് താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡന്റ് വാക്സറിൻ പേരേപ്പാടൻ പറഞ്ഞു.

പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡന്റ് വാക്സറിൻ പെരെപ്പാടൻ, മണ്ഡലം പ്രസിഡന്റ് റിജോയ് പോത്തോക്കാരൻ, ഗ്രാമസ്വരം യുവജന ക്ലബ്ബ് പ്രസിഡന്റ് ഷനോജ് കെ.എം. തുടങ്ങിയവർ സ്ത്ഥിതിഗതികൾ വിലയിരുത്തി.

വേളൂക്കര പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ഉടൻ സ്ഥലം സന്ദർശിച്ച് അപകടാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കാത്തിരുപ്പ് കേന്ദ്രം സീൽ ചെയ്യണമെന്നും വാക്സറിൻ പെരെപ്പാടൻ ആവശ്യപ്പെട്ടു.