ടൊവിനോ മികച്ച നടൻ ; റിലീസിന് മുൻപേ പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ആൻഡ് ദി ഓസ്കാർ ഗോസ് ടൂ’


ടൊവിനോ തോമസിനെ മുഖ്യ കഥാപാത്രമാക്കി സംവിധായകൻ സലിം അഹമ്മദ് ഒരുക്കിയ ‘ആൻഡ് ദി ഓസ്കാർ ഗോസ് ടൂ’ വിന് റിലീസിന് മുന്നേ പുരസ്കാരത്തിളക്കം. ചിത്രം റിലീസിന് മുമ്പേ തന്നെ അവാർഡുകൾ വാങ്ങി കൂട്ടിയിരിക്കുകയാണിപ്പോൾ. കാനഡയില്‍ നടന്ന ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ നിരവധി അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ടൊവിനോ തോമസ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള അവാർഡും സ്വന്തമാക്കിയത് ‘ആൻഡ് ദി ഓസ്കാർ ഗോസ് ടൂ’ ആണ്. സലീം അഹമ്മദ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

ഇസ്ഹാഖ് ഇബ്രാഹിം എന്ന ചലച്ചിത്ര സംവിധായകൻ്റെ വേഷത്തിലാണ് ടോവിനോ തോമസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൻ്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. ദേശീയ അവാർഡ് ജേതാവായ സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും നിർമ്മാണം നിര്‍വ്വഹിച്ചിരിക്കുന്നതും. മധു അമ്പാട്ട് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബിജിബാലാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ശബ്ദമിശ്രണം ഒരുക്കുന്നത് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയാണ്. ഈ മാസം ചിത്രം തീയേറ്ററുകളിലെത്തും.