വൈറസ് അതിജീവനത്തിന്റെ കഥ ; അനീഷ് ഗോപി എഴുതിയ സിനിമ റിവ്യൂ വായിക്കാം


വൈറസ് അതിജീവനത്തിന്റെ കഥ ; അതിശയിപ്പിക്കുന്ന സിനിമ. മലയാളസിനിമയെ മാറ്റത്തിന്റെ പാതയിലേക്ക് നയിച്ച സംവിധായകൻ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആഷിഖ് അബു, ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ ഗ്രാഫ് ഒരു പടി മുകളിലേക്ക് ഉയർത്തുന്ന കാഴ്ച മായാനദിയിൽ നമ്മൾ കണ്ടതാണ്. ആ വളർച്ച ആകാശം മുട്ടുന്ന തോതിലേക്ക് ഉയർത്തുകയാണ് വൈറസിലൂടെ ആഷിഖ് അബു.

ഒരു പിടി കഥാപാത്രങ്ങൾ, താരപരിവേഷമൊന്നുമില്ലാതെയായി തീരുന്ന അഭിനേതാക്കൾ, ഒരു അടി തെറ്റിയാൽ ഒരു ഡോക്യുമെന്ററിയായി മാറാവുന്ന കഥയും സന്ദർഭങ്ങളും – ഇതെല്ലാം തന്റെ കരവിരുതുകൊണ്ട് സമന്വയിപ്പിച്ച് , ഒരു പക്ഷേ മലയാള സിനിമയുടെ ചരിത്രത്തിൽ മുൻനിരയിൽ ഇടം നേടുന്ന സർവൈവൽ ഡ്രാമയായി വൈറസിനെ മാറ്റി ആഷിഖ്.

മനുഷ്യൻ മനുഷ്യനെ സഹായിച്ചതു കൊണ്ടും മനുഷ്യൻ തന്റെ മറ്റു സഹജീവികളെ സഹായിച്ചതു കൊണ്ടും ഉണ്ടായ ദുരന്തം, വീണ്ടും പരസ്പരം സഹായിച്ചും നിലകൊണ്ടും അതിജീവിച്ച കഥയാണ് വൈറസ്. ആശുപത്രിയിലെ ആദ്യരംഗം മുതൽ തന്നെ പ്രേക്ഷകന് ആശുപത്രിയിൽ സ്വയം എത്തിച്ചേർന്ന പ്രതീതിയാണ്. തുടർന്നും ഓരോ രംഗത്തിലും താൻ കൂടെ ഉൾപ്പെടുന്നതായും തന്റെ കണ്മുന്നിൽ നേരിട്ട് സംഭവിക്കുന്ന കാഴ്ചകളായും വൈറസ് എന്ന സിനിമ മാറുന്നു. പ്രേക്ഷകൻ ആശുപത്രിയിലെ ആരൊക്കെയോ ആയി മാറുന്നു.

സിസ്റ്റർ അഖിലയുടെ സീനുകളൊക്കെ മലയാളിയുടെ കണ്ണുകളെ ആർദ്രമാക്കാതെ കടന്ന് പോകുകയില്ല. ഒരുപാട് പേരുടെ പേരുകൾ എടുത്തു പറയേണ്ടി വരും – റിമ, ശ്രീനാഥ് ഭാസി, ജോജു, ടോവിനോ, കുഞ്ചാക്കോ, ആസിഫ് അലി, പാർവതി, സൗബിൻ, സക്കറിയ, ഇന്ദ്രജിത്, പൂർണിമ തുടങ്ങി എല്ലാരും ഒരുപോലെ മികച്ചു നിൽക്കുകയും എന്നാൽ ഇവരിലെ താരങ്ങളെയൊന്നും നമുക്ക് സ്‌ക്രീനിൽ കാണാൻ കഴിയാത്ത അപൂർവ കാഴ്ചയും. ഓരോരുത്തരുടെയും മികച്ച മൊമന്റുകൾ വൈറസിലുണ്ട്. മലയാളിക്ക് മലയാളിയോടുള്ള കരുതലാണ് വൈറസ്. ഇനിയും ഒരുപാട് ദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ പ്രചോദനമാകുന്ന ഒന്ന്.

രാജീവ് രവിയുടെ ക്യാമറയും സൈജു ശ്രീധറിന്റെ എഡിറ്റിംഗും സുശിന്റെ ബി ജി എമ്മും ഈ സിനിമയുടെ ടെമ്പോ നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്ക് ഭീമമാണ്. തിരക്കഥ എഴുതിയ മൂവർ സംഘം – മുഹ്സിൻ, ഷറഫു, സുഹാസ് – അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ അർഹിക്കുന്നു.

പ്രിയപ്പെട്ട ആഷിഖ് അബു, നിങ്ങൾ ചെയ്തു വച്ചിരിക്കുന്നത് മലയാള സിനിമയല്ല, ലോക സിനിമയാണ്. ഏതൊരു കാലത്തും മലയാളിയുടെ ചരിത്രരേഖയായി മാറുന്ന ദൃശ്യവത്‌കരണം. കഴിഞ്ഞയാഴ്ച ‘ചെർണോബിൽ’ കണ്ട് തീർത്ത എനിക്ക് ലോകജനതയോട്, നിങ്ങൾ ചെയ്തതിനോളമോ അതിൽ മികച്ചതോ ആയ ഒന്ന് നിങ്ങളുടെ ബജറ്റിന്റെ സൗകര്യമില്ലാതെ ഞങ്ങളിലൊരുവൻ ഇതാ സൃഷ്ടിച്ചിരിക്കുന്നു എന്ന് ഉറക്കെ വിളിച്ചു പറയാം. കടുത്ത പ്രതീക്ഷയോടെ തന്നെ തിയറ്ററിലേക്ക് വന്ന എന്നെ ഓരോ നിമിഷവും ആ പ്രതീക്ഷയ്ക്ക് മുകളിൽ സിനിമ അനുഭവം തിരിച്ചു നൽകി നിങ്ങൾ തൃപ്തിപ്പെടുത്തി. ഈ സിനിമ നഷ്ടപ്പെടുത്തിയാൽ ഓരോ മലയാളിക്കും നഷ്ട്ടപ്പെടുന്നത് അവനവനെ തന്നെയാണ്.
വൈറസ് അതിഭീകരമാണ് !!

‘It was nature against us the whole time’
FEAR.FIGHT.SURVIVAL

Rating 4.5/5