നിപ ബോധവല്‍ക്കരണം വൈറസിന്റെ പരസ്യമെന്ന് ആരോപണം ; ചുട്ടമറുപടിയുമായി ടൊവിനോ


ഇരിങ്ങാലക്കുട : നിപ ബോധവൽക്കരണത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിന് താഴെ വിമർശനവുമായെത്തിയ ഒരാൾക്ക് മറുപടിയുമായി ടൊവിനോ തോമസ്. സംസ്ഥാനത്ത് വീണ്ടും നിപ പനി സ്ഥിരീകരിച്ചതോടെ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾ നിപ ബോധവൽക്കരണവുമായി രംഗത്ത് എത്തിയിരുന്നു.

നിപ വൈറസ് ഉള്ളിൽ പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ടൊവിനോ ആരാധകരുമായി പങ്കുവച്ചത്. ഇത് ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയുടെ പ്രചരണമാണെന്ന് ഒരാൾ കുറിച്ചു. നിങ്ങളുടെ സിനിമയ്ക്ക് വേണ്ടി പരസ്യമുണ്ടാക്കരുത് എന്നായിരുന്നു കമന്റ്.

നിങ്ങളുടെ മനോഭാവം നിരാശയുണ്ടാക്കുന്നതാണ്. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ ദയവായി സിനിമ കാണരുത്- ടൊവിനോ കുറിച്ചു. ടൊവിനോയെ പിന്തുണച്ച് ഒട്ടനവധിയാളുകൾ പോസ്റ്റിൽ കമന്റ് ചെയ്തു.

കഴിഞ്ഞ വർഷം കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ അതിജീവനത്തെ ആസ്പദമാക്കിയാണ് വൈറസ് ഒരുക്കിയിരിക്കുന്നത്. റിമ കല്ലിങ്കൽ, പാർവതി, രേവതി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ആസിഫ് അലി, രമ്യ നമ്പീശൻ, ജോജു, റഹ്മാൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ജൂൺ 7 ന് ചിത്രം തിയേറ്ററുകളിൽ എത്തും.