ഒരു മീനും നെല്ലും പദ്ധതി രണ്ടാം ഘട്ടത്തിന് എടതിരിഞ്ഞി തെക്കുംപാടത്ത് തുടക്കമായി


പടിയൂർ : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പാടശേഖരങ്ങളിലെ ജനകീയ മത്സ്യ കൃഷിയായ ഒരു നെല്ലും മീനും പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് എടതിരിഞ്ഞി തെക്കുംപാടത്ത് തുടക്കമായി.

പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം സലീംകുമാർ നിർവ്വഹിച്ചു.വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു.

കട്ട്ള, ഗ്രാസ് കാർപ്പ്, മൃഗാല തുടങ്ങി മൂന്ന് ലക്ഷത്തിൽപരം മത്സ്യ കുഞ്ഞുങ്ങളെ പദ്ധതിയുടെ ഭാഗമായി നിക്ഷേപിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുതൻ, കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, കാറളം പഞ്ചായത്തംഗം ശ്രീജിത്ത്, കൃഷി ഓഫീസർ വിനോദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.അനിൽ മംഗലത്ത്, വിദ്യ,ഷാജി എന്നിവർ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. ആശ സുരേഷ് സ്വാഗതവും, പി. എസ് ശിവൻ നന്ദിയും പറഞ്ഞു.