ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നെടുംതൂണായ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് നിർത്തലാക്കി


ഇരിങ്ങാലക്കുട : ഷെഡ്യൂൾ പരിഷ്കാരത്തിന്റെ പേരിൽ ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് ഇരുട്ടടി.വർഷങ്ങളായി ഇവിടെ നിന്ന് വിജയകരമായി ഓപറേറ്റ് ചെയ്യുന്നതും ഇരിങ്ങാലക്കുട ഡിപ്പോയുടെ അനുദിന കളക്ഷനിൽ സിംഹഭാഗവും നേടി തരുന്നതുമായ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ഗുരുവായൂർ ഡിപ്പോയ്ക്ക് കൈമാറിയതിനെ തുടർന്ന് നാളെ മുതൽ ഈ സർവീസ് ഉണ്ടായിരിക്കുന്നതല്ല.

രാവിലെ 5.30 ന് ഇരിങ്ങാലക്കുടയിൽ നിന്ന് പുറപ്പെട്ട് 12.45 ന് തിരുവനന്തപുരത്തെത്തുകയും, ഉച്ചക്ക് 2.45 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ഇരിങ്ങാലക്കുടയിലെത്തി ചേരുന്നതുമായ ഈ സർവ്വീസ് ഇരിങ്ങാലക്കുടക്കാർക്ക് ഒരു അനുഗ്രഹമായിരുന്നു.പ്രതിദിനം 25,000 രൂപയോളം കളക്ഷനുമുണ്ടായിരുന്ന ഈ സർവീസ് തൃശൂരിൽ നിന്നും 15 മിനിട്ട് ഇടവേളയിൽ തിരുവനന്തപുരം റൂട്ടിൽ ഒരു ബസ് എന്ന രീതിയിൽ പരിഷ്കരിച്ച പുതിയ ഷെഡ്യൂൾ പ്രകാരമാണ് ഗുരുവായൂർ ഡിപ്പോയിലേക്ക് മാറുന്നത്.രാഷ്ട്രീയ കക്ഷികൾ ഇടപെട്ട് സമ്മർദ്ദം ചെലുത്തി ഈ സർവ്വീസിനെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ ഇരിങ്ങാലക്കുട ഡിപ്പോ പിടിച്ചു നിൽക്കാനാവാത്ത വിധം ഭീമമായ നഷ്ടത്തിലേക്ക് കൂപ്പുകുത്തും എന്നതിൽ സംശയമില്ല.