ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം , ഓരോ വാർത്തയും ഏറ്റവും വേഗത്തിൽ നിങ്ങളിലേക്കെത്തിക്കാൻ നിരവധി ത്യാഗങ്ങൾ സഹിക്കുന്ന മാധ്യമ പ്രവർത്തകരെ കുറിച്ച് ഈ ദിവസം ചിന്തിക്കാം


ലോക മാധ്യമ സ്വാതന്ത്ര്യദിനമായാണ് മേയ് 3 ആചരിച്ചു വരുന്നത്. മനുഷ്യനുണ്ടായ കാലം മുതൽ വിവരശേഖരണവും, അവയുടെ പങ്കുവയ്ക്കലും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് ആദ്യമായി വാർത്താപത്രം ‘ദി ഡെയിലി കോറന്റ്‘ എന്ന പേരിൽ ദ്വൈവാരികയായി വിതരണം ചെയ്യപ്പെട്ടത്. 1690ൽ അമേരിക്കയും പത്രപ്രസിദ്ധീകരണത്തിന്റെ വഴിയിൽ സജീവമായി. 1800 ആയപ്പൊഴേക്കും അമേരിക്കയിലെ പത്രമാദ്ധ്യമങ്ങളുടെ ബാഹുല്യം നൂറിനും മുകളിലായി.

ആധുനിക പത്രപ്രവർത്തനചരിത്രത്തിന്റെ ആരംഭം 1920 മുതലാണ് ആരംഭിക്കുന്നത്. ജനാധിപത്യവ്യവസ്ഥിതിയിൽ പത്രപ്രവർത്തനത്തിന്റെ പ്രസക്തിയെക്കുറിച്ച് നിരവധി ചർച്ചകൾ തന്നെയുണ്ടായിട്ടുണ്ട്.

ആധുനിക ജനസമൂഹത്തിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് ഒഴിവാക്കാനാവാത്തതാണ്. കേവലം വാർത്താവിതരണമെന്നതിലുപരി, നിരവധി ചേരുവകളാൽ സമൃദ്ധവും, സമഗ്രവുമായ രൂപത്തിലേക്ക് ഇന്ന് മാദ്ധ്യമങ്ങൾ എത്തിയിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നു വരവോടെ ഓൺലൈൻ മാദ്ധ്യമങ്ങളും അച്ചടിമാദ്ധ്യമങ്ങളുടെയത്ര തന്നെ സ്വീകാര്യത കൈവരിച്ചു പ്രവർത്തിച്ചു വരുന്നു. ഒപ്പം സ്വയം പ്രസിദ്ധീകരണത്തിന്റെ അനന്തസാദ്ധ്യതകളുമായി കടന്നു വന്ന സോഷ്യൽ മീഡിയ ഒരു പരിധി വരെ വ്യവസ്ഥാപിതമായ രൂപഘടനയോടെ നിലനിന്നു പോന്നിരുന്ന മാദ്ധ്യമസങ്കൽപ്പങ്ങളെ സ്വാധീനിക്കുകയും, പൊളിച്ചെഴുതുകയും, അവരുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുകയും വരെ ചെയ്യുന്നുണ്ട്.

ഒരു സമൂഹത്തിൽ ഒന്നാകെ ചലനമുണ്ടാക്കാൻ കഴിയുന്ന അതുല്യ ശക്തിയാണ് മാദ്ധ്യമം. സ്വാതന്ത്ര്യസമരങ്ങൾ മുതൽ, കലാപങ്ങളിൽ വരെ അനുകൂലമായും, പ്രതികൂലമായും വ്യക്തമായ സ്വാധീനം ചെലുത്താൻ മാദ്ധ്യമങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ചിലയവസരങ്ങളിൽ മാദ്ധ്യമധർമ്മവും, അതിലെ നിലപാടുകളും, എത്തിക്സും വരെ ചർച്ച ചെയ്യപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാദ്ധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനോ, നിരോധിക്കാനോ എക്കാലത്തും ശ്രമിച്ചിട്ടുള്ള അധികാരിവർഗ്ഗങ്ങളും കുറവല്ല. എക്കാലത്തും ഭരണകൂടത്തിന്റെ പുരോഗതിയിൽ, ഒരേസമയം പ്രചോദനമായും, ഭീഷണിയുമായും നിന്നിട്ടുള്ളതും മാദ്ധ്യമങ്ങളാണെന്നത് നിസ്തർക്കമാണ്. തത്വദീക്ഷയില്ലാത്ത മാദ്ധ്യമപ്രവർത്തനം കോലാഹലം സൃഷ്ടിച്ച നിരവധി സംഭവങ്ങളും നമുക്കു മുന്നിലുണ്ട്.

ഒരു സമൂഹവ്യവസ്ഥിതിയുടെ പുരോഗതിയിൽ വളരെ വലിയ സ്വാധീനമുള്ള മാദ്ധ്യമപ്രവർത്തനത്തിന്റെ സ്വാതന്ത്ര്യവും, ധർമ്മനീതികളും എക്കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാ വർഷവും മേയ് മൂന്നിനാണ് ലോക പത്രസ്വാതന്ത്ര്യദിനമായി ആചരിച്ചു വരുന്നത്. പത്രസ്വാതന്ത്ര്യത്തിനു വേണ്ടി സമഗ്രസംഭാവനകൾ നൽകിയവർക്കു നൽകപ്പെടുന്ന യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം വിതരണം ചെയ്യുന്നതും ഇന്നാണ്. യുദ്ധം, പ്രകൃതിദുരന്തം തുടങ്ങിയ സാഹസികപത്രപ്രവർത്തനങ്ങൾക്കിടയിൽ മരണപ്പെട്ട പത്രപ്രവർത്തകർക്കും, ജയിൽവാസമനുഭവിക്കുന്നവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, അഭിവാദ്യമർപ്പിക്കുന്നതിനുമായും ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിച്ചു പോരുന്നു.

ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് രക്തം കൊണ്ട് അര്‍ത്ഥം കുറിക്കുന്നവയാണ്. 16 മാസത്തിനുള്ളില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ 54 ആക്രമണങ്ങള്‍, 2014-2015 വര്‍ഷങ്ങളില്‍ 142 ആക്രമണങ്ങള്‍. അല്ലെങ്കിലും ഞെട്ടാനും ചിന്തിക്കാനും എന്തിരിക്കുന്നു. പതിവു പോലെ ഓരോ ജനതയും മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ആരോപണങ്ങള്‍ക്കും കുത്തുവാക്കുകള്‍ക്കും വിധേയമാക്കുന്നതല്ലാതെ ഉറങ്ങിക്കിടക്കുന്ന ഓരോ സത്യവും പുറത്ത് കൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തവര്‍ സഹിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ആരും ചിന്തിക്കാറില്ല.

അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്നത് തടയുന്നതിന് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഇന്നൊരു സാധാരണ സംഭവം മാത്രമായിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ 23 ശതമാനവും രാഷ്ട്രീയ വിഷയങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിനാണെന്നും പ്രക്ഷോഭ വാര്‍ത്തകള്‍ (18%), അഴിമതി പുറത്തുകൊണ്ടുവരുന്ന വാര്‍ത്തകള്‍(15%), സംഘര്‍ഷങ്ങള്‍ (15%) എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് ആക്രമണഭീഷണി നേരിടുന്നതില്‍ കൂടുതലെന്നും ഗ്ലോബല്‍ സിവില്‍ സൊസൈറ്റി സംരംഭമായ സിവികസ് നടത്തിയ പഠനത്തില്‍പറയുന്നു.

വീട്ടിലിരുന്ന് റിമോട്ടിലൊന്ന് വിരലമര്‍ത്തിയാല്‍ നിമിഷങ്ങല്‍ക്കകം ലോകത്തെവിടെയും നടക്കുന്ന വിവരങ്ങള്‍ നിങ്ങല്‍ക്കു മുന്നില്‍ എത്തുമ്പോള്‍ ഒരിക്കലെങ്കിലും ചിന്തിക്കണം ഈ മാധ്യമങ്ങളും അവരുടെ സ്വാതന്ത്ര്യവും ഒരു ദിവസം ഇല്ലാതിരുന്നാല്‍ എന്ത് സംഭവിക്കുമെന്ന്.

ഏല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.