ഒരു തലമുറയെ ചിരിയിലൂടെ ചിന്തിപ്പിച്ച ബോബനും മോളിയുടേയും സൃഷ്ടാവ് ടോംസിന്റെ ഓർമ്മ ദിനമാണിന്ന് ; അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ

രാകേഷ് സനൽ 

വാടയ്ക്കല്‍ തോപ്പില്‍ തോമസ് ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചില്ലായിരുന്നെങ്കില്‍?

ഒരുപക്ഷേ ബോബനേയും മോളിയേയും നമ്മള്‍ കണ്ടുമുട്ടില്ലായിരുന്നു. അവരുടെ നിഴലായ പട്ടിയേയും കാണത്തില്ലായിരുന്നു. ഇട്ടുണ്ണാന്‍ ചേട്ടന്റെ മണ്ടത്തരങ്ങളോ മറിയാമ്മ ചേട്ടത്തിയുടെ ദേഷ്യമോ പോത്തന്‍ വക്കീലിന്റെ ധര്‍മസങ്കടങ്ങളോ മേരിക്കുട്ടിയുടെ വേവലാതികളോ അപ്പി ഹിപ്പിയുടെ പ്രണയ അമളികളോ, നേതാവിന്റെ പൊള്ളത്തരങ്ങളോ ആശാന്റെ മറുപടികളോ കേള്‍ക്കാതെ പോകുമായിരുന്നു, ഇവരെല്ലാം ഉള്‍പ്പെടുന്ന കിഴക്കാംതൂക്ക് പഞ്ചായത്തേ നമുക്ക് അന്യമായേനേ.

കാരണം യുദ്ധം പൊടുന്നനെ അവസാനിച്ചതു കൊണ്ടാണ് കുട്ടനാട്ടുകാരന്‍ വാടയ്ക്കല്‍ കുഞ്ഞോമാച്ചന്റെ മകന്‍ വി ടി തോമസ് തിരികെ നാട്ടിലെത്തിയതും ശങ്കേഴ്‌സ് വീക്കിലിയിലെ കാര്‍ട്ടൂണിസ്റ്റായ ചേട്ടന്‍ പീറ്റര്‍ തോമസിന്റെ വരകള്‍ കണ്ട് കൊതികേറി അതുപോലെയൊക്കൊ വരയ്ക്കാന്‍ തുടങ്ങിയതും പിന്നീട് ടോംസ് ആയതും.

ടോംസ് സൃഷ്ടിച്ചത് വെറും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയല്ലായിരുന്നു. അവരോരോരുത്തരും നമുക്കറിയാവുന്ന നമ്മളൊക്കെ തന്നെയായിരുന്നു. ഓരോ മലയാളിയിലും ഒരു ബോബനും മോളിയും ഉണ്ടായിരുന്നു; മനസുകൊണ്ടെങ്കിലും. ടോംസ് ബോബനെയും മോളിയേയും വരച്ചു തുടങ്ങുമ്പോള്‍ അവരുടെ സമപ്രായക്കാരായിരുന്ന ആസ്വാദകരുടെ മുടിയില്‍ നരവീണ കാലമെത്തിയിട്ടും ബോബനെയും മോളിയേയും ടോംസ് വളരാന്‍ അനുവദിച്ചിരുന്നില്ല. അതില്‍ കൊതികൊണ്ട്, അവരെപ്പോലെ അങ്ങനെയങ്ങ് പിള്ളാരായി തന്നെ കഴിഞ്ഞാല്‍ മതിയെന്നു വാശിപിടിച്ചിട്ടുണ്ട് മലയാളി. പക്ഷേ ദൈവത്തിന് ടോംസിന്റെയത്ര നര്‍മ്മമില്ലാത്തതുകൊണ്ടു മുടി നരച്ചുപോയവര്‍ ഇന്നും നിക്കറും ഫ്രോക്കുമിട്ട് ആ കുരുത്തംകെട്ട പിള്ളേരു കാണിക്കുന്ന കുസൃതികള്‍ കണ്ട് പരിസരം മറന്നു ചിരിക്കുന്നതുകാണാം. ട്രെയിനിനകത്തോ ബസ് സ്റ്റാന്‍ഡിലിരുന്നോ ഒരാള്‍ ബോബനും മോളിയും മറിച്ചു പോകുന്നതു കാണുമ്പോള്‍ അയാളുുടെ പ്രായമോ പദവിയോ ആലോചിച്ച് നാം ചിറി കോട്ടാറില്ല, കഴിയുമെങ്കില്‍ കഴുത്തെത്തിച്ച് അതൊന്നു വായിക്കാന്‍ നോക്കാറെയുള്ളൂ. അതാണ് ടോംസിന്റെ വിജയവും; നമ്മളെയെല്ലാം എന്നും പിള്ളാരാക്കി നിര്‍ത്തിച്ചു ആ മനുഷ്യന്‍.

കാര്‍ട്ടൂണ്‍ ചിരിക്കാന്‍ മാത്രമാണോ എന്നു ചോദിച്ചാല്‍, ടോംസ് വരച്ചത് ചിരിപ്പിക്കാന്‍ മാത്രമല്ല, കുറച്ചൊന്നു ചിന്തിപ്പിക്കാന്‍ കൂടിയാണെന്നു ലേശം ഗൗരവം കലര്‍ന്ന ചിരിയോടെ ഒരു ആശാന്‍ സ്‌റ്റൈലില്‍ പറയേണ്ടി വരും. ടോംസിന്റെ ഒരു കഥാപാത്രങ്ങളെ പോലും നാം ചിരിച്ചു തള്ളിയിട്ടില്ല. അവരോരോരുത്തരും സമൂഹത്തിന്റെ വിഭിന്ന പരിച്ഛേദങ്ങളായിരുന്നു. ബോബനും മോളിയും ബാല്യകൗതുകങ്ങളുടെ അനിയന്ത്രിത ലഹരിയായിരുന്നെങ്കില്‍ മറ്റുള്ളവര്‍ ജീവിതത്തിന്റെ, സമൂഹത്തിന്റെ, വ്യക്തിത്വത്തിന്റെ, രാഷ്ട്രീയത്തിന്റെ സിംബലൈസേഷനുകളായിരുന്നു.

പോത്തന്‍ വക്കീല്‍ വിദ്യാസമ്പന്നനെങ്കിലും അതോടൊപ്പം കഴിവുകേടിന്റെയും കാര്യപ്രാപ്തിയില്ലായ്മയുടെയും കോട്ടും ഗൗണും ധരിച്ച കഥാപാത്രമാണ്. അങ്ങനത്തെ എത്രയെത്ര പോത്തന്‍മാര്‍ നമുക്കിടയില്‍ ഇന്നുമുണ്ട്. ഇനി മേരിക്കുട്ടിയെ നോക്കൂ, ആ വീട്ടമ്മ കിഴക്കാംതൂക്കിലെ മാത്രം താമസക്കാരിയല്ല. ഭൂമിമലയാളത്തിലുള്ള കുടുംബങ്ങളില്‍ അതേ വേവലാതികളോടെ നിരവധി മേരിക്കുട്ടിമാരുണ്ട്. കുടുംബം തിളച്ചു തൂകിപ്പോകാതെ വാങ്ങിവയ്ക്കാന്‍ കൈക്കലത്തുണിയന്വേഷിക്കുന്ന മേരിക്കുട്ടി നമ്മുടെയെല്ലാം അമ്മമാരില്‍ അടങ്ങിയിട്ടുണ്ട്. മേരിക്കുട്ടിയെപ്പോലെ തന്നെ മറ്റൊരു വീട്ടമ്മയാണ് മറിയാമ്മ ചേട്ടത്തിയെങ്കിലും ചേട്ടത്തി ഭാര്യമാരുടെ പ്രതിനിധിയാണ്. എല്ലാ മലയാളി ഭര്‍ത്താക്കന്മാരും ഒരിക്കലെങ്കിലും അവരുടെ ഭാര്യമാരില്‍ ചേട്ടത്തിയെ കണ്ടിട്ടുണ്ടാകണം. മുകളിലോട്ട് കൂര്‍പ്പിച്ചു കെട്ടിവച്ച മുടിയുമായി വലതു കൈയില്‍ ചിരവത്തടിയും പിടിച്ചു നില്‍ക്കുന്ന ചേട്ടത്തി മലയാളി ഭാര്യമാരുടെ ഇരട്ടപ്പേരു കൂടിയാണ്.

അപ്പോള്‍ ഇട്ടുണ്ണാന്‍ ചേട്ടനോ? ഭാര്യ ചേട്ടത്തിയാണെങ്കില്‍ ഭര്‍ത്താക്കന്മാര്‍ ഇട്ടുണ്ണാന്‍ തന്നെ. താനെന്തോന്നു ഇട്ടൂണ്ണനാടോ എന്ന ചോദ്യം കേള്‍ക്കാത്ത ഭര്‍ത്താക്കന്മാര്‍ കുറവാണ്. ആണത്തപൊങ്ങച്ചത്തിന്റെ ബലൂണാണ് ഇട്ടുണ്ണാന്‍ ചേട്ടന്‍. കുത്തണ്ട, കനപ്പിച്ചൊന്നു ഊതിയാല്‍ ചൊങ്ങിപ്പോകും. ഇട്ടുണ്ണാന്‍ കിഴക്കാംതൂക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. പ്രസിഡന്റ് ഇട്ടൂണ്ണാനാണെങ്കില്‍ അങ്ങേരെ പ്രസിഡന്റാക്കിയവരുടെ നിലവാരമോ? ഭരണത്തിലിരിക്കുന്ന പല ഇട്ടുണ്ണന്മാരെയും കാണുമ്പോള്‍ കേരളം കിഴക്കാംതൂക്ക് പഞ്ചായത്തിന്റെ പരിച്ഛേദമാണെന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല.

മിതഭാഷിയായ ആശാന്റെ അളന്നുതൂക്കിയുള്ള വര്‍ത്തമാനം മാത്രമാണ് കിഴക്കാംതൂക്കില്‍ നിന്നു കേള്‍ക്കുന്നതില്‍ കാര്യഗൗരവമായിട്ടുള്ളത്. ഒരുപാട് ഇട്ടുണ്ണന്മാര്‍ക്കിടയില്‍ ഒരാശാന്‍ ഉള്ളത് വലിയൊരു സമാധാനമാണ്. ആശാന്‍ ചിന്താശേഷിയുള്ള സമൂഹജീവിയാണ്. പക്ഷേ ഇന്നത്തെ നമ്മുടെ പല ആശാന്മാരെയും ടോംസിന്റെ ആശാനോട് ചേര്‍ത്തുവയ്ക്കാന്‍ പറ്റില്ല. കാരണം അവര്‍ നേതാവിന്റെ പൊള്ളത്തരങ്ങള്‍ക്ക് ആശാനോളം കൊട്ടുകൊടുക്കാറില്ല. കിഴക്കാംതൂക്കിലെ നേതാവ് ആഗോളരാഷ്ട്രീയക്കാരന്റെ ആള്‍രൂപമാണ്. ടോംസ് വരച്ചുവച്ചത് ഒരു കേരളകോണ്‍ഗ്രസ് നേതാവിനെയാണോ അതോ കേരള കോണ്‍ഗ്രസിനു കാരണക്കാരനായ ആ കോണ്‍ഗ്രസുകാരനെയാണോ എന്നൊരു സംശയം ആദ്യം തോന്നിയിരുന്നു. സംശയം ചിരിവരക്കാരന്‍ തന്നെ തീര്‍ത്തിട്ടുമുണ്ട്. ആ നേതാവ് ഒരു സങ്കരയിനമാണ്. അതില്‍ ആര്‍ ശങ്കറുണ്ട്, കെ എം മാണിയുണ്ട്, പി ടി ചാക്കോയുണ്ട്, കരുണാകരനുണ്ട്, അച്യുതാനന്ദനുണ്ട്…ഇനിയും സാദൃശ്യം തോന്നിയാല്‍ യാദൃശ്ചികമാകാന്‍ തരമില്ല. പക്ഷേ ഇത്രയൊക്കെ ചേരുവകളടങ്ങിയ ആളായിട്ടും ആശാനെപ്പോലുള്ളവരുടെ മുന്നില്‍ ഇളിഭ്യനായി നില്‍ക്കേണ്ടിവരികയല്ലേ നേതാവിന്. അതുകൊണ്ടാണ് പറയുന്നത് നമുക്ക് നല്ല ആശാന്മാര്‍ ഉണ്ടാകണം. അതേസമയം ആശാന്റെ നിലവിലുള്ള പരിഛേദങ്ങളെ ഉദാഹരിക്കാന്‍ കഴിയുന്നില്ല. നേതാവിന്റെയാണെങ്കില്‍ ഒത്തിരിയുണ്ടുതാനും.

ഇനിയിപ്പോള്‍ പറയേണ്ടത് അപ്പി ഹിപ്പിയെക്കുറിച്ചാണ്. ബോബനും മോളിയും കഴിഞ്ഞാല്‍ അപ്പി തന്നെയാണ് പോപ്പുലര്‍. കൗമാരയൗവ്വനങ്ങളിലെല്ലാം അപ്പിയുണ്ടായിരുന്നു. ഒലിച്ചിറങ്ങുന്ന പഞ്ചാരയുമായി മേഴ്‌സിയുടെയും ഷേര്‍ളിയുടെയും ഡോളിയുടെയും പുറകെ നടക്കാത്ത ആരുണ്ട് നമുക്കിടയില്‍. ഗിത്താറുള്ള അപ്പി ടോംസിനു മാത്രം സ്വന്തമെങ്കില്‍ ഗിത്താറില്ലാത്ത അപ്പിമാരായിരുന്നു നമ്മളെല്ലാവരും. വായിനോക്കിയും തല്ലുകൊള്ളിയുമാണെങ്കിലും അപ്പിയെ നമ്മുക്കെല്ലാം ഇഷ്ടമാണ്. അവനവനെ തിരിച്ചറിയുന്നതിലൂടെയുണ്ടാകുന്ന ഇഷ്ടമാണ്. അപ്പി ഹിപ്പിത്വം നമ്മളിലെല്ലാവരിലുമുണ്ട്. പുറമെ ശുണ്ഠി കാണിക്കുമെങ്കിലും ഏതെങ്കിലുമൊരു അപ്പി പുറകെ വന്നില്ലെങ്കില്‍ എന്റെ സൗന്ദര്യത്തിനെന്തോ പ്രശ്‌നമുണ്ടെന്നു കുണ്ഠിതപ്പെടുന്നവരാണ് നമ്മുടെ ഷേര്‍ളിമാരെന്നും അറിയുക.

ഒരു സംശയം ബോബനും മോളിയുമാണോ അതോ ഉണ്ണിക്കുട്ടനാണോ എറ്റവും വലിയ പ്രശ്‌നം? ഒന്നിരുന്നു ചിന്തിക്കേണ്ട വിഷയമാണ്. വേണമെങ്കില്‍ ഇങ്ങനെ പറയാം, ബോബനും മോളിയും വീട്ടിലും നാട്ടിലും പ്രശ്‌നമായിരുന്നെങ്കില്‍ ഉണ്ണിക്കുട്ടന്‍ അച്ഛനും അമ്മയ്ക്കുമായിരുന്നു തലവേദന. എത്രവലിയ തലവേദനയാണെന്നു പറഞ്ഞാലും ആ കൊഞ്ചലും ഞായൊന്നും ചെയ്തില്ലെന്ന നിഷ്‌കളങ്കതയേയും ഓമനിക്കാത്ത ഏതെങ്കിലും അച്ഛനമ്മമാര്‍ നമുക്കിടയിലുണ്ടോ? നമ്മുടെ കുട്ടികളെല്ലാം ഉണ്ണിക്കുട്ടന്മാരാകണമെന്നു തന്നയല്ലേ ആഗ്രഹം…

ഇതൊക്കെ തന്നെയാണ് അരനൂറ്റാണ്ടായിട്ടും ഈ കഥാപാത്രങ്ങളൊന്നും നമ്മളെ വിട്ടുപോകാതെ നില്‍ക്കുന്നതിനു കാരണം, അല്ല, നമ്മളാണ് അവരെ വിട്ടു പോകാത്തത്. ബോബനും മോളിയും ചേട്ടനും ചേട്ടത്തിയും ആശാനും നേതാവും അപ്പി ഹിപ്പിയും പോത്തന്‍ വക്കീലും മേരിക്കുട്ടിയും ഉണ്ണിക്കുട്ടനുമൊന്നുമില്ലാത്ത ഒരു ലോകം എത്ര ബോറായിരിക്കും. അങ്ങനെ വരികില്‍ 50 വര്‍ഷത്തിലേറെയായി നമ്മളെ ബോറടിപ്പിക്കാതെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊണ്ടിരുന്ന ആ കലാകാരനെ നമ്മള്‍ എത്രകണ്ട് ഇഷ്ടപ്പെടണം… അതുകൊണ്ട് പറയുകയാ; ചിരിക്കു മരണമുണ്ടെങ്കിലെ ടോംസും മരിക്കൂ…

എല്ലാവരെക്കുറിച്ചു പറഞ്ഞിട്ടും എന്നെക്കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ലെന്ന പരാതിയുമായെത്തിയ ബോബന്റെയും മോളിയുടെയും പട്ടിയോട്; ചിരിപ്പിക്കാനുള്ള കഴിവ് മനുഷ്യനു മാത്രമല്ലെന്നു തെളിയിച്ച നിനക്ക് നല്ല വായില്‍ രണ്ടു ഭൗ..ഭൗ…