ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്ത്

ഇരിങ്ങാലക്കുട : കെ. ടി. യു വിന്റെ 2018-ൽ കഴിഞ്ഞ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പുറത്തു വന്നപ്പോൾ സംസ്ഥാനത്ത് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാം സ്ഥാനവും ഓൾ കേരള അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനവും ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അനഘ ബിനോജ് പത്തിൽ പത്ത് (10/10) സെമസ്റ്റർ ഗ്രേഡ് പോയിന്റ് (എസ്.ജി.പി.എ) നേടി മികച്ച വിജയം കൈവരിച്ചു. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി കോളേജിൽ 38 പേർ പത്തിൽ ഒൻപതിന് മീതെ ഗ്രേഡ് പോയിന്റ് നേടിയിട്ടുള്ളവരാണ്. കൂടാതെ 127 പേർക്ക് ഡിസ്റ്റിൻക്ഷനും ഉണ്ട്.

കോളേജിൽ ചേർന്ന അനുമോദന യോഗം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ. യു. അരുണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അദ്ദേഹം അനുമോദിക്കുകയും മോമെന്റോകൾ നൽകുകയും ചെയ്‌തു. ദേവമാതാ പ്രൊവിൻഷ്യൽ ഫാ.വാൾട്ടർ തേലപ്പിള്ളി അധ്യക്ഷത വഹിച്ചു.

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, പ്രിൻസിപ്പാൾ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പാൾ ഡോ.വി. ഡി. ജോൺ, ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, കോളേജ് യൂണിയൻ ചെയർമാൻ ആർ. ശിവ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.