ഇരിങ്ങാലക്കുട ടൈംസ് കഥാലോകം ; വായിക്കാം ഷബ്ന ഫെലിക്സിന്റെ മനോഹര രചന , “ഇത്തിൾ കണ്ണികൾ”

ഇത്തിൾക്കണ്ണികൾ

******************

അരികിൽ  വളകിലുക്കം കേട്ടപ്പോൾ അയാൾ കണ്ണുകൾ പാതി ചിമ്മി തുറന്നു.

“ദേ ചായ..”

ആവിപറക്കുന്ന ചായക്കൊപ്പം ഉയരുന്ന കാച്ചിയ എണ്ണയുടെ മണമോ വാസന സോപ്പിന്റെ ഗന്ധമൊക്കെയുമോ അയാളുടെ സിരകളെ മത്തുപ്പിടിപ്പിച്ചു.

“എണീക്കുന്നേ നേരം കുറെയായി.”

കൊഞ്ചിക്കൊണ്ടു അയാളുടെ അരികിലിരുന്നു  അവൾ മൃദുവായി അയാളുടെ മുഖത്ത് തടവി.. മുടികളിൽക്കിടയിലൂടെ  നനുത്ത കൈവിരലുകൾ പതിയെ ചലിപ്പിച്ചു.

എന്തൊരു മാസ്മരികതയാണീ പെണ്ണിന്റെ വിരലുകൾക്ക്.. മീട്ടുന്ന തന്ത്രികൾ പോലെ…

കാലം ചെല്ലുംതോറും കൂടുതൽ മാന്ത്രികതയോടെ അത് തന്നെ അവളിലേക്ക് അടുപ്പിക്കുന്നു..

അരക്കെട്ടിൽ ചുറ്റിപിടിച്ചു അയാൾ അവളെ കട്ടിലിലേക്ക് മറിച്ചിട്ടു. കുലുങ്ങി ചിരിച്ചു തട്ടി തെറിക്കുന്ന  നീർച്ചാലിലെ നീർത്തുള്ളി പോലെ ,  അയാളുടെ അരികിൽ അവൾ കുണുങ്ങിച്ചിരിച്ചു കൊണ്ടിരുന്നു.

കുളി കഴിഞ്ഞു ഈറനണിഞ്ഞ മുടിയിഴകൾക്കിടയിൽ  അവളുടെ കഴുത്തിലേക്കു അയാളുടെ മുഖമമരുമ്പോൾ അയാൾ പതിയെ മൊഴിഞ്ഞു..

ഈ കാച്ചെണ്ണയുടെ മണം!

“സർ ചായ..”

അമർത്തിപിടിച്ച തലയണയിൽ നിന്നും മുഖമടർത്തി തലചെരിച്ചൊന്നു നോക്കി.

ലക്ഷ്മിയാണ്..കുപ്പിവളയിട്ട തടിച്ച കൈകളിൽ ഒരു കപ്പ് ചായയുമായി മുന്നിൽ.

“സർ ഈ സോഫയിലാണോ ഇന്നലെ കിടന്നേ?”

വീണ്ടുമുള്ള അവളുടെ ചോദ്യത്തിന് മുന്നിൽ  അയാൾക്കൊപ്പം ഉണ്ടായിരുന്ന കാച്ചിയ എണ്ണയും വാസന സോപ്പിന്റെ ഗന്ധവും ഇന്നലെകളുടെ സുഗന്ധങ്ങളായിരുന്നുവെന്നുള്ള

യാഥാർഥ്യത്തെ സ്വപ്നത്തിൽ നിന്നും  ഇഴപിരിച്ചകറ്റാൻ  അയാൾ ഒരല്പസമയം എടുത്തു .

മിന്നി മറഞ്ഞ ചിത്രങ്ങളെ ഓർക്കുന്തോറും അയാൾക്ക്‌ ഒരേ സമയം അയാളോട് തന്നെ വെറുപ്പും പുച്ഛവും സഹതാപവും

തൊണ്ടയിൽ നിന്നും തള്ളി പുറത്തേക്കു വന്ന് ഓക്കാനിക്കാൻ തോന്നി.

കഴുത്തിനു ചുറ്റും കൈകൾ വട്ടം ചുറ്റി , ചെവിയിൽ  ആവർത്തിച്ചു പതിഞ്ഞ വാക്കുകൾ.

“ഗിരീഷേട്ടൻ ഇല്ലെങ്കിൽ പിന്നെ ഞാനില്ല ഏട്ടാ..”

“വാവയില്ലാതെ എനിക്കുമെന്ത് ജീവിതം ?”

സിനിമാഡയലോഗ്  പോലെയുള്ള അയാളുടെ മറുപടിയിൽ അവളുടെ ചിരി അലിഞ്ഞുചേരും .

വികാരവിസ്ഫോടനത്തിൽ പിറവിയെടുക്കുന്ന വാഗ്ദാനങ്ങൾ കാലത്തിന്റെ ചിറകടിയിൽ വെറും കരിയിലതുണ്ട് മാത്രമായി   തത്തി കളിച്ചു കൊണ്ടിരുന്നു.

ടീപോയിലെ ആവി പറക്കുന്ന ചായകപ്പിൽ അയാളുടെ പഴയ കുടുംബചിത്രത്തിലെ അടുക്കളവരാന്തയിൽ ,  മതിലിൽ ചേർത്തിട്ടുള്ള നീണ്ട മേശമേൽ ഒഴിച്ചു വെച്ച ചായകോപ്പ തെളിഞ്ഞു വന്നു.

ഏതോ ഒരു വിവാഹവേദിയിൽ അയാളെ കടന്നു പോയ കാച്ചെണ്ണയുടെ  ഉറവിടം തിരഞ്ഞുള്ള  യാത്രയിലാണ് അവളെ കണ്ടെത്തിയത്.

ഓർമയിലെ അമ്മയുടെ മണം..

അച്ഛനും   ഏട്ടന്മാരും ഏടത്തിമാരും അനിയനുമുള്ള   തന്റെ ലോകത്തിലേക്കു അനാഥത്വത്തിന്റെ മതിൽക്കെട്ടിൽ നിന്നും മോചനം നേടി നിറദീപം കയ്യിലേന്തി അവളുടെ ഗൃഹപ്രവേശം. ഓണവും വിഷുവും ഉത്സവം പോലെ കൊണ്ടാടിയ നാളുകൾ.. വിവാഹം കഴിഞ്ഞ് പ്രവാസലോകത്തിലേക്കുള്ള   ആദ്യ മടക്കയാത്രയിൽ  ചേർത്തു പിടിച്ച ഒരുപിടി  ഓർമകൾ.

കാച്ചെണ്ണയുടെ മണം ..

അതൊരു ലഹരിയായി അയാളിൽ പടർന്നു കേറി അയാളുടെ ചിന്താസരണികളെ കാർന്നു തിന്നുന്ന   ഇത്തിൾക്കണ്ണി പോലെ പടർന്നു കേറിയത് അയാൾ പോലുമറിഞ്ഞില്ല.

പ്രവാസലോകത്തിലെ കൂട്ടുകാരാണ് ആദ്യമത് തിരിച്ചറിഞ്ഞത്..

തീവ്രവിരഹത്തിന്റെ നാളുകൾ..

കത്തുകൾക്കു വേണ്ടിയുള്ള അയാളുടെ കാത്തിരിപ്പുകൾക്ക് വിഭ്രാന്തിയുടെ ലക്ഷണം ഉണ്ടായി പോലും!

കത്തുന്ന തീവ്രവേദനക്കൊടുവിൽ ഏതോ മുഹൂർത്തത്തിൽ അയാൾ കഴുത്തിൽ കുരുക്ക് മുറുക്കിയപ്പോൾ പ്രവാസത്തിനു വിരാമമിട്ടു കൂട്ടുകാർ അയാളെ കെട്ടു കെട്ടിച്ചു.

കൂട്ടുകുടുംബത്തിന്റെ ഭദ്രതയിൽ നിന്നും അവരുടേത് മാത്രമായ സ്വകാര്യതയുടെ മൂടുപടം ധരിച്ച കൂറ്റൻ മതിൽകെട്ടുള്ള മാളികയിലേക്കു അവർ ചേക്കേറി. അടച്ചു പൂട്ടിയ വലിയ ഗേറ്റിന്റെ മതിലിൽ അയാൾ വലിയൊരു നെയിംബോർട്‌ തൂക്കി.

കിളിക്കൂട്

കൂട്ടിലെ കിളിക്കു അയാൾ കാവലിരുന്നു. കൊക്കുരുമ്മി ,  കിളിയുടെ കിളികൊഞ്ചൽ കേട്ട് , കിളിയോട് കഥകൾ ചൊല്ലി, അയാളുടെ ഓർമയിൽ തെളിഞ്ഞു നിന്ന അമ്മയെ പറ്റി , അച്ഛന് തന്നോടുള്ള വേർതിരിവിനെ ചൊല്ലി , മനസ്സിലെ മായാത്ത മുറിവുകളെ പറ്റി ..

പിന്നീടുള്ള  രാത്രികളിൽ കാച്ചിയ എണ്ണയുടെ മാസ്മരികഗന്ധത്തിൽ അയാൾ മുഖമമർത്തി ഇന്നലെകളിലെ അമ്മയെ തിരഞ്ഞു.

ഇന്നലെകളുടെ വ്രണങ്ങൾ പഴുത്തു  ചീഞ്ഞ അയാളുടെ ചിന്തകളെ കപ്പിലെ ചായ കൊണ്ടു ഒഴുക്കി കളയാൻ മേശപ്പുറത്തെ   കപ്പ് കൈയിൽ എടുത്തപ്പോൾ  എന്തോ മറയ്ക്കാൻ എന്ന വണ്ണം ചായക്ക് മുകളിൽ  തിരശീല പോലെ  പാട ചൂടിയിരുന്നു.

“കഷ്ടമാണ് സാറിന്റെ കാര്യം ! എന്തു നല്ല പെങ്കൊച്ചായിരുന്നു. മൂശേട്ട കേറിയ നേരത്തു തോന്നിയ അവിവേകം . അല്ലേൽ ആരേലും ഇതുപോലൊരു കടുംകൈ ചെയ്യോ ? ഇവിടെ എന്തിന്റെ കുറവായിരുന്നു അവൾക്ക്? കുട്ടികൾ ഇത്രയും വർഷങ്ങൾ ആയിട്ടും  ഉണ്ടായില്ല . അതൊന്നും അല്ലെന്ന്…സംശയം അല്ലാതെന്ത് ?  മുഴുത്ത സംശയം! ”

തണുത്തുറഞ്ഞ ചായ അടുക്കളയിൽ മടക്കി വെക്കാൻ നേരം ലക്ഷ്മി  ഫോണിൽ ആരോടോ സംസാരിക്കുന്നത് കേട്ടു.

സംശയം… അതേ സംശയം തന്നെ !

അയാൾ പിറുപിറുത്തു.

താഴിട്ടു പൂട്ടിയ ഒരു മുറി അയാൾ മലർക്കെ തുറന്നിട്ടു. തങ്ങളുടെ സ്വകാര്യതകൾ ഒപ്പിയെടുത്ത ചുമരുകൾ ; വിയർപ്പിൽ കുതിർന്ന ശരീരത്തെ നോക്കി പതം പറയാതെ അനുസ്യൂതം ചലിക്കുന്ന പങ്ക.. ഒന്നിനും മാറ്റമില്ല. അലമാരയിൽ അടക്കി വെച്ചിരിക്കുന്ന സാരികൾ കയ്യിലെടുത്തു അയാൾ തുരുതുരെ ചുംബിച്ചു. പിന്നെ വലിച്ചു കിടക്കയിലേറിഞ്ഞു അതിന്മേൽ മലർന്നു കണ്ണടച്ചു കിടന്നു..

ഗന്ധം..

കാച്ചെണ്ണയുടെ..

വാസനസോപ്പിന്റെ..

മനം മയക്കുന്ന ഗന്ധം മുറിക്കുള്ളിൽ നിറഞ്ഞു വരുന്നു.

അവൾ എത്തിക്കഴിഞ്ഞു.

“നീ വന്നുവോ വാവേ? ”

“എനിക്ക് വരാതിരിക്കാൻ ആവുമോ ? “അവന്റെ മുടിയിൽ പതിയെ തലോടി അവൾ  പറഞ്ഞു.

അവളുടെ പതിവ് സംസാരശൈലി വിട്ടു ആ ചോദ്യത്തിൽ ഈർഷ്യ കലർന്നിരുന്നോ?

“ജീവനായിരുന്നില്ലേ നിന്നെ എനിക്ക്..?

പിന്നെ എന്തിന് നീ എന്നോട്..? “അവൾ ആ ചോദ്യം ചോദിക്കുമ്പോഴും മുടിയിഴകളിൽ വിരലുകൾ ചലിച്ചു കൊണ്ടിരുന്നു .

ലക്ഷ്മിയുടെ വാക്കുകൾ അയാളുടെ ചെവിയിൽ വീണ്ടും  മുഴങ്ങി.

സംശയം.. മുഴുത്ത സംശയം!

അതേ അതു തനിക്കായിരുന്നു.

ഗന്ധം .. നശിച്ച ആ ഗന്ധം..

ഒരിക്കൽ അനിയൻ ഭദ്രന്റെ മുറിക്കുളിൽ , ഷർട്ടിൽ..

നിധി പോലെ കാത്തു വെച്ച കൂട്ടിലെ കിളി പറന്നു പോകുന്നത് കാണാൻ ഉള്ള കെല്പുണ്ടായില്ല..

കെട്ടിപ്പിടിച്ചു മുഖത്തോടു മുഖം നോക്കി കിടന്ന രാത്രിയിൽ..

ചുംബിച്ചതാണ്.

അവളുടെ മാന്ത്രിക വിരലുകളിൽ ..

ചുണ്ടിൽ..

കൊലുസിട്ട പാദങ്ങളിൽ ..

ഒടുവിലത്തെ ചുംബനം..

പിന്നെ അവളുടെ മുടിയിഴകളുടെ ഗന്ധം മുഴുവൻ ആവാഹിച്ചെടുത്ത തലയിണ അമർത്തി…നിമിഷങ്ങൾക്കുള്ളിൽ..

മാനസിക രോഗമെന്ന മുദ്ര ചാർത്തി ,  ഒന്നും പുറം ലോകമറിയാതെ , പോസ്റ്റുമോർട്ടം പോലും ഒഴിവാക്കി തന്റെ മിടുക്ക്.

ചേതനയറ്റ ശരീരം നോക്കി  അനിയൻ ഭദ്രൻ അലറി നിലവിളിച്ചു കരഞ്ഞു..

“ഇച്ചേച്ചീ..”

ആ നിലവിളിയിൽ തലയിൽ എവിടെയോ വൈദ്യതി പ്രസരിക്കുന്നതറിഞ്ഞു..അതിന്റെ ആഘാതത്തിൽ ആയിരം കഷ്ണങ്ങൾ പൊട്ടിച്ചിതറി തലക്കകത്തു പെരുമ്പറ കൊട്ടി. മനസ്സിൽ  അടിഞ്ഞു കൂടിയ ചെളിയെല്ലാം ഉരുകിയൊലിച്ചു നെഞ്ചിൽ കുറുകി നിന്നു ;

നാട് നടുങ്ങുമാറ് ഉറക്കെ അലറി വിളിച്ചത് മാത്രം അന്ന് ഓർമയുണ്ട്.

ഗന്ധം..മുറിയാകെ ഗന്ധം..

കാച്ചെണ്ണയുടെ , വാസനസോപ്പിന്റെ ..

അതു അയാളുടെ  ചുറ്റും വ്യാപിച്ചു രൂക്ഷമായ ഗന്ധമായി മാറിക്കൊണ്ടിരിന്നു.

അവ്യക്തമായ രണ്ടു രൂപങ്ങൾ.. അമ്മയുടെ , വാവയുടെ ..

അതു രണ്ടും മാറി മാറി അയാളുടെ മുന്നിൽ നിലയുറപ്പിച്ചു  ; അയാൾക്കു നേരെ വിരലുകൾ ചൂണ്ടി.

മുടിയിഴകൾക്കിടയിൽ വിരലുകളുടെ ചലനം നിന്നിരിക്കുന്നു.  പിന്നെ പതിയെ പതിയെ താഴോട്ടു അയാളുടെ കണ്ഠത്തിൽ മുറുകുന്നതറിഞ്ഞു.

അട്ടഹാസങ്ങൾ , നിലവിളികൾ , തേങ്ങലുകൾ , ചോദ്യശരങ്ങൾ , പൊട്ടിച്ചിരികൾ , വളകിലുക്കങ്ങൾ.. മുറിക്കുള്ളിലെ  ശബ്‌ദകോലാഹലങ്ങൾ  കൂടി കൂടി വന്നു.

ഒന്നും  സഹിക്കാനാവാതെ അയാൾ ചെവി രണ്ടും പൊത്തി..

കഴുത്തിലെ മുറുകിയ  പിടി  വിട്ടതറിഞ്ഞു.

ശരീരത്തിലെ രക്തം മുഴുവൻ തലയിലേക്ക് ഇരമ്പി കയറുന്നു.. ഇറുക്കി പിടിച്ച കണ്ണുകൾ അയാൾ പതിയെ തുറന്നു..

ശൂന്യം..

ചുറ്റുമുള്ള അന്തരീക്ഷം മുഴുവൻ  ശൂന്യതയുടെ മേലാട പുതച്ചിരിക്കുന്നു.

ശരീരത്തിന്റെ  ഭാരം നഷ്ടമായ പോലെ..

മുറിക്കുള്ളിൽ നിറഞ്ഞു നിന്ന ഗന്ധം നഷ്ടമായിരിക്കുന്നു.

കട്ടിലിൽ കിടക്കുന്ന വലിച്ചു വാരിയ സാരികൾ  ,

മടിയിൽ ചേർത്തു വെച്ച അവളുടെ തലയിണ ..

അല്ലാതെ മറ്റൊന്നുമില്ല..

അയാൾ ഭ്രാന്തമായി  അതിലെല്ലാം അവളുടെ ഗന്ധം തിരഞ്ഞു..

ഇല്ല.. എങ്ങുമില്ല .

പ്രവാസ കാലത്തു ചിന്താസരണികളെ ചുറ്റി വരിഞ്ഞ ഇത്തിൾകണ്ണികൾ ഒരിക്കൽ കൂടി അയാളുടെ  ബോധമണ്ഡലത്തെ പിടികൂടി പിണഞ്ഞു വലിഞ്ഞു മുറുകുന്നത് അയാൾ അപ്പോൾ അറിയുന്നുണ്ടായിരുന്നില്ല.