തൃശൂർ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി


ദില്ലി : തൃശൂർ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി. തീവ്രതയ്ക്കും സമയത്തിനുമുള്ള നിയന്ത്രണത്തിലാണ്  ഇളവ് അനുവദിച്ചിരിക്കുന്നത്. ആചാരപ്രകാരമുള്ള സമയത്തുതന്നെ വെടിക്കെട്ട്‌ നടത്താം. പടക്കങ്ങള്‍ കേന്ദ്ര ഏജൻസിയുടെ അനുമതിയോടെ ഉപയോഗിക്കണമെന്നും കോടതി നിർദേശിച്ചു.

പാരമ്പര്യമായും പ്രാദേശികമായും നിർമിക്കുന്ന അമിട്ട്, കുഴിമിന്നൽ, ഗുണ്ട് തുടങ്ങിയവയുടെ ഉപയോഗത്തിനും കേന്ദ്രം കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇവിടെ നിർമിക്കുന്ന സ്ഫോടക വസ്തുക്കൾ നാഗ്പൂരിൽ പരിശോധിക്കണമെന്നും നിർദേശിച്ചിരുന്നു.

വാണിജ്യ മന്ത്രാലയ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ:

* വെടിക്കെട്ടു ദിനത്തിനു രണ്ടുമാസം മുൻപ് അനുമതിക്കായി ജില്ലാ കലക്ടർക്ക് അപേക്ഷ നൽകണം. അനുമതി നൽകാൻ തീരുമാനിച്ചാൽ വെടിക്കെട്ടു ദിനത്തിന് ഒരുമാസം മുൻപെങ്കിലും ലൈസൻസ് നൽകണം.

* സുപ്രീം കോടതിയുടെ 2007ലെ ഉത്തരവു വ്യവസ്ഥകൾക്ക് അനുസൃതമായേ കലക്ടർമാർ വെടിക്കെട്ടു സമയപരിധി ഇളവ് അനുവദിക്കാൻ പാടുള്ളൂ.

* ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സിന്റെ അനുമതിയുള്ള കരിമരുന്നുകൾ മാത്രമേ വെടിക്കെട്ടിന് ഉപയോഗിക്കാൻ പാടുള്ളൂ.

* അമിട്ട്, ഗുണ്ട്, കുഴിമിന്നൽ തുടങ്ങിയവ നിർമിക്കുന്നതിനു പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ചീഫ് കൺട്രോളറുടെ അനുമതി വേണം. ഇവയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വിശദാംശങ്ങൾ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം. സാമ്പിൾ സമർപ്പിച്ച് അപേക്ഷ നൽകിയാൽ പത്തു ദിവസത്തിനകം അനുമതിയും 30 ദിവസത്തിനകം അംഗീകാരവും നൽകണം.

* കരിമരുന്നു സംഭരണ ലൈസൻസ് പെസോയുടെ കൊച്ചിയിലെ ഓഫിസിൽ എക്സ്പ്ലോസീവ്സ് ഡപ്യൂട്ടി ചീഫ് കൺട്രോളറുടെ ഓഫിസിൽനിന്നു ലഭിക്കും.

* വെടിക്കെട്ടു നടക്കുന്നിടത്തുനിന്നു 100 മീറ്റർ ദൂരപരിധിയിൽ വേലികെട്ടി തിരിച്ചു കാണികളെ അകറ്റിനിർത്തുന്നുവെന്നും 250 മീറ്റർ ‍ദൂരപരിധിക്കുള്ളിൽ ആശുപത്രികളോ നഴ്സിങ് ഹോമുകളോ സ്കൂളുകളോ ഇല്ലെന്നും ജില്ലാ കലക്ടർമാർ ഉറപ്പുവരുത്തണം. ദൂരപരിധി പാലിക്കാനാകുന്നില്ലെങ്കിൽ വെടിക്കെട്ട് സുരക്ഷിത സ്ഥലത്തേക്കു മാറ്റണം.

* പൊലീസോ ജില്ലാ അധികൃതരോ വെടിക്കെട്ടു സാമ്പിളുകൾ നിർമാണസ്ഥലത്തുനിന്നു ശേഖരിച്ചു കൊച്ചിയിൽ റീജനൽ കെമിക്കൽ എക്സാമിനറുടെ ലാബിൽ പരിശോധിച്ചു പൊട്ടാസ്യം ക്ലോറേറ്റുകളോ മറ്റു ക്ലോറേറ്റുകളോ ഇല്ലെന്ന് ഉറപ്പുവരുത്തണം.

* ഉത്സവ സീസണിൽ ജില്ലാ കലക്ടർമാർ 15 ദിവസത്തിലൊരിക്കൽ സംസ്ഥാന സർക്കാരുകൾക്കു വെടിക്കെട്ട് അപേക്ഷകളുടെയും വിതരണം ചെയ്ത ലൈസൻസുകളുടെയും വിവരം നൽകണം.