ദി സൗണ്ട് സ്റ്റോറി – ജീവിതവും അഭിനയവും രണ്ടും രണ്ടാണ്. കുട്ടേട്ടനും, പൂക്കുട്ടിയും അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു ചിത്രത്തിൽ ; റിവ്യൂ വായിക്കാം


റസൂൽ പൂക്കുട്ടി, പെരുവനം കുട്ടൻ മാരാർ രണ്ട് പേർക്കും പ്രത്യേക മുഖവുരയുടെ ആവശ്യമില്ല. രണ്ട് പേരും അവരായിരിക്കുന്ന മേഖലകളിൽ അഗ്രഗണ്യൻമാർ. രണ്ട് പേരെയും അവരുടെ മികവും, സംഭാവനകളും കണക്കിലെടുത്ത് രാജ്യം പദ്മശ്രീ ബഹുമതി നൽകി ആദരിച്ചവർ.ഇവർ രണ്ട് പേരും ഒന്നിച്ച ചിത്രമാണ് ദി സൗണ്ട് സ്റ്റോറി. ഒന്നുകൂടി വിപുലമായി പറയുകയാണെങ്കിൽ ഒരു സിനിമയിൽ പ്രധാന വേഷത്തിൽ രണ്ട് പേരും ആദ്യമായാണ് ക്യാമറക്ക് മുന്നിലെത്തുന്നത്.

റസൂൽ പൂക്കുട്ടി സിനിമയിൽ നായകനാണെങ്കിൽ, തൃശൂർ പൂരമടക്കമുള്ള പ്രധാനപ്പെട്ട ഉത്സവങ്ങളിലും പൂരങ്ങളിലും മേളപ്രമാണം വഹിക്കുന്ന പെരുവനം കുട്ടൻ മാരാർ മേള പ്രേമികളുടെ മനസ്സിലെ നായകനാണ്.

ഇതൊരിക്കലും ഒരു വാണിജ്യ സിനിമയാണ് എന്ന നിലയിൽ പ്രേക്ഷകർ സമീപിക്കേണ്ടതില്ല. ഒരു നല്ല ചിത്രം ഒരുക്കുക എന്നത് മാത്രമാണ് പ്രൊഡക്ഷൻ ടീം ചിന്തിച്ചിട്ടുണ്ടാവുക. തൃശൂർ പൂരത്തെ പശ്ചാത്തലമാക്കി ഒരു നല്ല ചിത്രം ഒരുക്കി എന്നതിൽ രാജീവ് പനക്കലിനോട് പൂരപ്രേമികളും, സിനിമാപ്രേമികളും കടപ്പെട്ടിരിക്കും. ഒരു പക്ഷേ തൃശൂർ പൂരത്തിനായിരുന്നു സൗണ്ട് സ്റ്റോറി റിലീസ് ചെയ്തിരുന്നതെങ്കിൽ തീർച്ചയായും സിനിമ വൻ വിജയമാകുമായിരുന്നു എന്ന് നിസ്സംശയം പറയാം.

തൃശൂർ പൂരം റെക്കോർഡ് ചെയ്യുക എന്നത് ഏതൊരു ടെക്നീഷ്യനെ സംബന്ധിച്ചും അതൊരു വെല്ലുവിളി തന്നെയാണ്, ഒരു കായിക മത്സരം റെക്കോർഡ് ചെയ്യുന്നതിലും എത്രയോ ഇരട്ടി പ്രയത്നം തൃശൂർ പൂരം പോലെ ജനലക്ഷങ്ങൾ വന്ന് ചേരുന്നിടത്ത് ഒരുക്കേണ്ടതുണ്ട്. തൃശൂർ പൂരം, ആറാട്ടുപുഴ പൂരം, കൂടൽമാണിക്യം ഉത്സവം, എടതിരിഞ്ഞി പൂയം ഇവയൊക്കെ ലൈവ് ചെയ്യുമ്പോഴും ഇരിങ്ങാലക്കുട ടൈംസിലെ ഓരോ ക്രൂവും സിനിമയിലെ റസൂൽ പൂക്കുട്ടിയുടെ പോലെ നിരവധി പരീക്ഷണഘട്ടങ്ങളിലൂടെ പോയിട്ടുള്ളത് കൊണ്ട് തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തീർച്ചയായും സിനിമയെ ഉൾക്കൊള്ളാനാകും.

ഇനി ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിലേക്കു വരാം.
തൃശൂരിലെ അറിയപ്പെടുന്ന പണക്കാരനും, കുശാഗ്രബുദ്ധിക്കാരനുമായ ജോയ് മാത്യു അവതരിപ്പിക്കുന്ന ജോർജ്ജ് കുരിയൻ തൃശൂർ പൂരം റെക്കോർഡ് ചെയ്ത് മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നു. ആ പ്രൊജക്റ്റിലേക്ക് പ്രൊജക്റ്റ് ഇൻചാർജ്ജായി സുഹൃത് ബന്ധങ്ങളുപയോഗിച്ച് റസൂൽ പൂക്കുട്ടിയെ നിയമിക്കുന്നു.

തൃശൂർ പൂരം റസൂലിന്റെ സ്വപ്നമാണെങ്കിലും നിരവധി കമ്മിറ്റഡ് പ്രൊജക്ടുകൾക്കിടയിൽ ഒഴിവാക്കാനാവാത്ത നിർബന്ധങ്ങൾക്കു വഴങ്ങിയാണ് റസൂൽ ഈ പ്രൊജക്റ്റ് ഏറ്റെടുക്കുന്നത്.പ്രൊജക്റ്റ് ഏറ്റെടുക്കുന്നതു വരെയുളള ജോർജ്ജിന്റെ പെരുമാറ്റമായിരുന്നില്ല പിന്നീടങ്ങോട്ട്. ഒടുവിൽ ജോർജ്ജുമായി ഒത്ത് പോകില്ല എന്ന സന്ദർഭത്തിൽ പ്രൊജക്റ്റ് ബാക്കപ്പ് ചെയ്ത് റസൂൽ മടങ്ങുകയാണ്.

ഈ മടക്കത്തിൽ അന്ധനായ മ്യൂസിക് ഡയറക്ടർ അഫ്സലിനേയും, അദ്ദേഹത്തിന്റെ ഓർഗനൈസേഷനിലെ കാഴ്ച വൈകല്ല്യമുള്ളവരും കണ്ടു മുട്ടുന്ന റസൂൽ ജോർജ്ജെന്ന വ്യക്തിയുമായുള്ള അഭിപ്രായ വ്യത്യാസം കൊണ്ട് നിന്നു പോകേണ്ടതല്ല ഈ പ്രൊജക്റ്റ്, തൃശൂർ പൂരത്തിന്റെ മേളം ശബ്ദത്തിലൂടെ അനുഭവിച്ച് പൂരമാസ്വദിക്കാൻ വെമ്പുന്ന ഒരു സമൂഹം തനിക്കു ചുറ്റുമുണ്ടെന്ന തിരിച്ചറിവിലെത്തുന്നു.അതോടെ മിഷൻ വീണ്ടും ഓണാകുന്നു.

റസൂലുമായുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ പൂരം ലൈവ് റെക്കോർഡ് നടക്കുന്ന സമയം അത് തടയാൻ ജോർജ്ജിന്റെ ശിങ്കിടികൾ ശ്രമിക്കുന്നു. അതിലവർ വിജയിക്കുകയും ചെയ്യുന്നു. പാണ്ടിമേളത്തിന്റെ അവസാന മുറുക്കത്തിൽ സിഗ്നലുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് ഒ.ബി വാനിൽ നിന്നും പുറത്തിറങ്ങി ദുഖിതനായി വാക്കി ടോക്കിയും പിടിച്ച് ജനസാഗരത്തിലൂടെ പരാജിതനായി റസൂൽ നടക്കുമ്പോൾ ഏതൊരു പ്രേക്ഷകന്റെയും ഉള്ളൊന്നുലയും. മിഷൻ പരാജയപ്പെട്ട് ഇനി അടുത്ത വർഷം നോക്കാമെന്ന് പറഞ്ഞ് തൃശൂരിനോട് വിട പറയാൻ നേരം പൂരം സത്യമാണ് എന്ന് തെളിയിക്കും വിധത്തിൽ രക്ഷകനായി ഒരാളവതരിക്കുന്നു. അതാരാണെന്നും, എന്താണ് ക്ളൈമാക്സ് ട്വിസ്റ്റെന്നും തിരശ്ശീലയിൽ കാണാം.

ഡോക്യുമെന്റെറിയുമായി ചില സ്ഥലങ്ങളിൽ സിനിമക്ക് ബന്ധമുണ്ടെന്ന് തോന്നാമെങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ പ്രസാദ് പ്രഭാകറിന്റെ മികവ് എടുത്ത് പറയേണ്ടതുണ്ട്. എല്ലാറ്റിലുമുപരി മനസ്സിൽ നന്മയുള്ള ഒരു സിനിമയെന്നോ, മനസ്സിൽ നന്മയുള്ളവർ പരാജയപ്പെടില്ലെന്നോ എന്നൊക്കെ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന സിനിമയാണ് സൗണ്ട് സ്റ്റോറി.

ചിത്രത്തിന്റെ പേര് പോലെ തന്നെ ശബ്ദവും ഈ സിനിമയുടെ ഒരു അവിഭാജ്യ ഘടകം എന്നതിലുപരി ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്.അത് കൈകാര്യം ചെയ്തിരിക്കുന്നത് ഓസ്കാർ അവാർഡ് നൽകി ലോകമാദരിച്ച റസൂൽ പൂക്കുട്ടിയാകുമ്പോൾ അത് അനുഭവിച്ചറിയുക തന്നെ വേണം. മലയാള ചിത്രമാണെങ്കിലും ചിത്രത്തിലെ പ്രധാന ഗാനം ഹിന്ദി ഭാഷയിലാണ്.ശ്രവണ മധുരമായ ആ ഗാനത്തിനു പുറമേ പൂരം വന്നല്ലോ എന്ന തീം സോങ്ങും സൂപ്പർ. തൃശൂരും വടക്കുംനാഥനും, ശക്തൻ തമ്പുരാൻ പാലസുമടക്കം തൃശൂരിന്റെ സൗന്ദര്യം മുഴുവനും ഡ്രോൺ ക്യാമുപയോഗിച്ചും അല്ലാതെയും മനോഹരമായി സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.

തൃശൂരിനേയും, തൃശൂർ പൂരത്തേയും, മേളത്തേയുമൊക്കെ സ്നേഹിക്കുന്നവർക്കും, നന്മയുള്ള ഒരു നല്ല ചിത്രം കാണാനാഗ്രഹിക്കുന്നവർക്കും ധൈര്യമായി ടിക്കറ്റെടുക്കാം.