ഓതിരം കടകം മറിഞ്ഞ് ഇടത്തോട്ടും വലത്തോട്ടും വെട്ടി സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളിട്ട് മുറുകുന്ന തെരഞ്ഞെടുപ്പങ്കത്തിന്റെ തൃശൂർ വെർഷൻ – ടൈംസ് തെരഞ്ഞെടുപ്പ് സ്പെഷ്യൽ


ഇരിങ്ങാലക്കുട : ലോകത്തെ ഏറ്റവും വലിയ രാജ്യമേതാണെന്ന് ചോദിച്ചാൽ അത് ചൈനയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഏറ്റവും വലിയ രാജ്യത്തേക്കാളും ജനങ്ങളുള്ള അതിരുകളില്ലാത്ത സൈബറിടമാണ് ഫെയ്സ് ബുക്ക്. ഫെയ്സ് ബുക്ക് ഉപയോഗിച്ച് ഒരു ജനതയെ വരുതിയിലാക്കാം എന്നതിന് നിറയെ ഉദാഹരണങ്ങളുണ്ട്.

കഴിഞ്ഞയിടെ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും ജനങ്ങളെ സ്വാധീനിച്ച ശക്തിയായിരുന്നു ഫെയ്സ് ബുക്ക്. ഇതിന്റെ പേരിൽ ഒരു പാട് പഴിയും ഫെയ്സ് ബുക്കിന് കേൾക്കേണ്ടി വന്നിട്ടുണ്ട് .ടുണീഷ്യയിൽ ആരംഭിച്ച് ഈജിപ്തു വഴി ജി.സി.സി രാജ്യങ്ങളെയാകെ ഉലച്ച മുല്ലപ്പൂ വിപ്ളവത്തിന് സമർത്ഥമായി ഉപയോഗിക്കപ്പെട്ടതും ഫെയ്സ് ബുക്ക് എന്ന പ്ളാറ്റ്ഫോമായിരുന്നു.

ഇന്ത്യയിൽ സോഷ്യൽ മീഡിയ നെറ്റ് വർക്കിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ശക്തമായ സൈബർ ടീമുകളെ രൂപീകരിച്ച് നിരന്തരം നടത്തിയ പ്രചാരണങ്ങളാണ് നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കാൻ പ്രധാന പങ്കുവഹിച്ചത്. ഇത് തിരിച്ചറിഞ്ഞ് സോഷ്യൽ മീഡിയ ലോകത്ത് സജീവമായി ഇടപെടലുകൾ നടത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്സ് അടക്കമുള്ള പാർട്ടികൾ.

എന്തായാലും അടുത്ത മാസം നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ സോഷ്യൽ മീഡിയ പ്രചാരണങ്ങളെങ്ങനെയാണെന്ന് നോക്കാം. ഫെയ്സ് ബുക്ക് തന്നെയാണ് എല്ലാ സ്ഥാനാർത്ഥികളുടെയും പ്രധാനപ്പെട്ട തട്ടകം, പല സ്ഥാനാർത്ഥികളുടെ ഫെയ്സ് ബുക്ക് പേജുകളും തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പായപ്പോൾ തട്ടിക്കൂട്ടിയതോ, അല്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതൽ ആക്ടീവായതോ ആണ്.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ ഫെയ്സ് ബുക്ക് പേജ് 32,242  പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. അതിൽ തന്നെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമാണ് പതിനായിരത്തിലധികം ലൈക്ക് വർദ്ധിച്ചത്. ഇപ്പോൾ വളരെ ആക്ടീവായി പോയിക്കൊണ്ടിരിക്കുന്ന പേജിൽ മമ്മൂട്ടി പറഞ്ഞതായി പറഞ്ഞ് ഇട്ട പോസ്റ്റിൽ എതിർ പാർട്ടിക്കാർ പൊങ്കാലയിട്ടെങ്കിലും പോസ്റ്റ് എഡിറ്റ് ചെയ്ത് ആ വിവാദമവസാനിപ്പിച്ചു.പ്രസാദ ഊട്ടിന് ഊണു കഴിക്കുന്നതും, ചിറമ്മലച്ചന്റെ ഒപ്പം നിന്ന് പായസമുണ്ടാക്കുന്നതും, കുട്ടികളെ എടുത്ത് കൊഞ്ചിക്കുന്നതും, ശക്തൻമാർക്കറ്റിലെ കച്ചവടക്കാരുടെ തോളിലിടിച്ച് കുശലം ചോദിക്കുന്നതും, മത്സ്യ കച്ചവടം ചെയ്യുന്ന ചേടത്തിക്ക് ഉമ്മ നൽകുന്നതുമായി പോസ്റ്റുകൾ അരങ്ങ് തകർക്കുമ്പോൾ ഇച്ചിരി ഓവർ ആക്ടിങ്ങ് ഉണ്ടോ എന്ന് പാർട്ടിക്കാർക്കു പോലും സംശയമില്ലാതില്ല.

ഫെയ്സ് ബുക്കിന്റെ പ്രൈവസിയിൽ താൽപര്യമില്ലാത്ത 14 വയസ്സിനും 34 വയസ്സിനുമിടയിലുള്ള യുവജനത ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം.അത് മനസ്സിലാക്കിയിട്ടാവണം ഇൻസ്റ്റാഗ്രാമിലും പ്രതാപൻ തകർക്കുന്നുണ്ട്. പക്ഷേ ഫോളോവേഴ്സിന്റെ എണ്ണം നോക്കുകയാണെങ്കിൽ അത്ര പ്രതാപം പോരാ.

ഇനി എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമാസിലേക്കു വന്നാൽ അദ്ദേഹവും ഫെയ്സ്ബുക്ക് പേജിലും, ഇൻസ്റ്റാഗ്രാമിലും വളരെ ആക്ടീവാണ്.ടി.എൻ പ്രതാപന്റെ ഫെയ്സ് ബുക്ക് പേജുമായി താരതമ്യം ചെയ്യുകയാണെങ്കിൽ രാജാജി രാജാവല്ല ഈ കാര്യത്തിൽ.കോൺഗ്രസ്സിനേക്കാളും സൈബർ പോരാളികളുണ്ടായിട്ടും രാജാജിയുടെ പേജിന് 9723 ലൈക്കുകളേയുള്ളൂ. ഇൻസ്റ്റാഗ്രാമിൽ പ്രതാപനേക്കാളും ഫോളോവേഴ്സ് രാജാജിക്കുണ്ട്.

രാജാജി ആള് മിടുക്കനാണെങ്കിലും ഫെയ്സ് ബുക്ക് പോസ്റ്റുകളിലെ ചിത്രങ്ങളിൽ ഒരു നിർവ്വികാരത അല്ലെങ്കിൽ ഒരേ ഭാവമാണ് എന്നൊരു പരാതിയുണ്ട്. കൈ വീശി കാണിക്കുക, മാലയിടാൻ കഴുത്ത് നീട്ടുക എന്നതൊഴിച്ചാൽ വോട്ടറെ വീഴ്ത്താനുള്ള പ്രതാപൻ സ്റ്റൈൽ നമ്പറുകൾ പ്രയോഗിക്കുന്നില്ല എന്നാണ് ഫെയ്സ് ബുക്ക് നിരീക്ഷകരുടെ അഭിപ്രായം.

അടുത്തതായി തൃശൂരിൽ ഇനിയും ഉറപ്പാകാത്ത എൻ.ഡി.എ സ്ഥാനാത്ഥിയാകും എന്ന് കരുതുന്ന തുഷാർ വെള്ളാപ്പള്ളിയാണ്. ഫെയ്സ് ബുക്ക് പേജ് ലൈക്കിന്റെ കാര്യത്തിൽ പ്രതാപനേക്കാളും രാജാജിയേക്കാളും ബഹു ദൂരം മുമ്പിലുള്ള തുഷാറിന്റെ പേജ് ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത് 50,762 പേരാണ്.

ഇൻസ്റ്റാഗ്രാമിൽ തുഷാറിന് അക്കൗണ്ടുണ്ടെങ്കിലും പോസ്റ്റുകളൊന്നുമില്ലാതെ ആക്ടീവല്ലാത്ത നിലയിലാണ് അക്കൗണ്ട്.

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ മിനുട്ട് വെച്ച് പോസ്റ്റുകളിടാൻ ഇവർക്കിതെവിടെ നിന്നും സമയം കിട്ടുന്നു എന്ന് ചോദിച്ചാൽ ഇതൊന്നും ഇവരല്ല ചെയ്യുന്നത് എന്നതാണതിന്റെ യാഥാർത്ഥ്യം. പേജുകൾ കൈകാര്യം ചെയ്യുന്നത് പലപ്പോഴും പാർട്ടിയിലെ സൈബർ വിങ്ങുകളോ, പ്രൊഫഷണൽ ഏജൻസികളോ ആയിരിക്കും. തെരഞ്ഞെടുപ്പ് കാലത്ത് നിരന്തരം പോസ്റ്റുകൾ വരുന്ന രാഷ്ട്രീയക്കാരുടെ പേജുകൾ പലരും തെരഞ്ഞെടുപ്പിന് ശേഷം അടുത്ത 5 വർഷത്തേക്ക് കാര്യമായ അനക്കമില്ലാതെ കിടക്കുന്ന കാഴ്ചയാണ് മുമ്പ് കണ്ടിട്ടുള്ളത്. ജനങ്ങളുമായി ക്രിയാത്മകമായി സംവദിക്കാൻ ഏറ്റവും മികച്ച പ്ളാറ്റ്ഫോം ഇപ്പോഴും സ്ഥാനാർത്ഥികൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം. ഒരു പക്ഷേ അവർക്കതിലുള്ള അറിവ് കുറവുമാകാം.

എന്തായാലും പാർട്ടികൾക്കുള്ളിലെ വിവിധ കേഡറുകൾക്കുള്ള നിർദ്ദേശങ്ങൾ പൂർണ്ണമായും ഇപ്പോൾ വിവിധങ്ങളായ വാട്സാസാപ് ഗ്രൂപ്പുകൾ രൂപീകരിച്ച് അത് വഴിയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ മാനേജ് ചെയ്യാൻ വാട്സാപ്പ് വളരെയധിയം സഹായിക്കുന്നുണ്ടെന്നാണ് വിവിധ പാർട്ടി നേതൃത്വങ്ങളുടെ വിലയിരുത്തൽ.