തെരുവോരങ്ങളിൽ വിശന്നുവലയുന്നവർക്കൊപ്പം ജന്മദിനമാഘോഷിച്ച് സെന്റ്.ജോസഫ് കോളേജ് വിദ്യാർത്ഥിനി മാതൃകയായി

ഇരിങ്ങാലക്കുട : തെരുവോരങ്ങളിൽ വിശന്നുവലയുന്നവർക്കൊപ്പം ജന്മദിനമാഘോഷിച്ച് സെന്റ്.ജോസഫ് കോളേജ് വിദ്യാർത്ഥിനി മാതൃകയായി.

സെന്റ് ജോസഫ് കോളേജ് സൈക്കോളജി വിഭാഗം വിദ്യാർത്ഥിനി ശ്രുതിയാണ് വ്യത്യസ്തമായ രീതിയിൽ ജന്മദിനമാഘോഷിച്ച് മാതൃകയായത്.വീട്ടിൽ നിന്നും പൊതിഞ്ഞു കൊണ്ടുവന്ന ഭക്ഷണ പൊതികൾ ശ്രുതി തന്നെ നഗരത്തിലൂടെ നടന്ന് തെരുവിന്റെ മക്കൾക്ക് വിതരണം ചെയ്യുകയായിരുന്നു.

ഇതിനു മുമ്പും സാമൂഹ്യ സേവന രംഗത്ത് സജീവമായ പ്രവർത്തനങ്ങളിലൂടെ ശ്രുതി ശ്രദ്ധ നേടിയിരുന്നു. പ്രളയകാലത്ത് കളിയുപകരണങ്ങൾ നഷ്ടപ്പെട്ട അംഗനവാടികൾക്കു വേണ്ടി കളിപാട്ടങ്ങൾ സംഘടിപ്പിച്ചും, സ്വയം നിർമ്മിച്ചും വിതരണം നടത്തിയിരുന്നു ശ്രുതി.

‘നമ്മുടെ ഇരിങ്ങാലക്കുട” ഫേയ്സ്ബുക്ക് കൂട്ടായ്മയുടെ വർക്കിങ്ങ് കമ്മറ്റിയംഗം കൂടിയായ ശ്രുതി പ്രളയബാധിതർക്കു വേണ്ടി നിർമ്മിക്കുന്ന ‘തണൽ വീട്’ പദ്ധതിക്കു വേണ്ടി സ്വന്തമായി ഫണ്ട് സ്വരൂപിച്ച് കൈമാറിയിരുന്നു. സാമൂഹ്യ സേവനങ്ങൾ നടത്തുന്നതോടൊപ്പം തന്നെ പഠനത്തിലും മിടുക്കിയാണ് ശ്രുതി.