മമ്മുട്ടി പറയാത്ത വാക്കുകൾ കൂട്ടിച്ചേർത്ത‌് ടി.എൻ പ്രതാപന്റെ ഫേസ്‌ബുക്ക് പോസ്റ്റ് , വിവാദമായതോടെ എഡിറ്റ് ചെയ്ത് തടി തപ്പി


തൃശൂർ : തെരഞ്ഞെടുപ്പ് കാലത്താണ് കൂടുതൽ രാഷ്ട്രീയ നേതാക്കളും സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. തെരഞ്ഞെടുപ്പ് യുദ്ധം കഴിയുന്നതുവരെ നൂറു കണക്കിന് പോസ്റ്റുകൾ വരുന്ന പേജുകൾ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിർജ്ജീവമാകുകയാണ് പതിവ്.

തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ ഇത്രയും പോസ്റ്റുകളിടാൻ സ്ഥാനാർത്ഥികൾക്കിതെവിടെ നിന്നും സമയം കിട്ടുന്നു എന്ന് ചോദിച്ചാൽ അവരൊന്നുമല്ല അവരുടെ പേജുകളിലെ പോസ്റ്റുകളിടുന്നതെന്ന് സോഷ്യൽ മീഡിയാ രംഗത്ത് പേജുകൾ കൈകാര്യം ചെയ്യുന്നവർക്കറിയാം.വി.ടി ബൽറാം, ശശി തരൂർ, എം.സ്വരാജ് എന്നിവരൊക്കെ സ്വന്തമായി പോസ്റ്റുകളിടുന്നവരാണെങ്കിലും ഭൂരിഭാഗം പേരും പണം കൊടുത്ത് പേജ് കൈകാര്യം ചെയ്യുന്ന ഏജൻസികളെ ഏൽപ്പിക്കുകയാണ് പതിവ്.

സോഷ്യൽ എഞ്ചിനീയറിംഗ് എന്നത് ജനത്തിന്റെ പൾസ് അറിഞ്ഞ് ചെയ്തില്ലെങ്കിൽ ബൂമറാംഗ് പോലെ തിരിച്ചടിക്കാനും സാധ്യതയുണ്ട്.ദുരിതാശ്വാസ ക്യാമ്പിൽ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ഉറങ്ങുന്ന ചിത്രം ഉണ്ടാക്കിയ പൊല്ലാപ്പ് തന്നെ ഉദാഹരണം. ഇപ്പോഴിതുപോലെ പുലിവാലു പിടിച്ചിരിക്കുന്നത് കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപനാണ്.

ഇരിങ്ങാലക്കുടയുൾപ്പെട്ട തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് ടി.എൻ പ്രതാപൻ.നടൻ മമ്മൂട്ടി പറഞ്ഞുവെന്ന പേരിൽ അദ്ദേഹത്തിന്റെ ഫേസ‌്ബുക്ക് പേജിൽ ഇന്നലെയിട്ട പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്.പ്രതാപന്റെ സോഷ്യൽ മീഡിയ ക്യാമ്പയിൻ മമ്മുട്ടി ഉദ്ഘാടനം നിർവഹിച്ചുവെന്ന പോസ്റ്റിലെ വാചകങ്ങളിൽ മമ്മുട്ടി പറയാത്ത വാക്കുകൾ കൂട്ടിച്ചേർത്തു പോസ്റ്റ് ചെയ്തു. പിന്നീട‌് പോസ്റ്റ് വിവാദമാകുമെന്ന് മനസ്സിലായപ്പോൾ എഡിറ്റ് ചെയ്ത് പുതിയവ ചേർക്കുകയായിരുന്നു.

ചൊവ്വാഴ്ച ഒമ്പതു മണിക്കാണ് പ്രതാപന്റെ ഫേസ്‌ബുക്ക് പേജിൽ മമ്മുട്ടി ഉദ്ഘാടനം നിർവഹിച്ചു എന്ന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. അതിൽ ടി എൻ പ്രതാപൻ ജയിക്കണം അത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ അതിനാൽ തന്റെ എല്ലാ പിന്തുണയും പ്രതാപനൊപ്പമുണ്ടെന്നും, ടി എൻ പ്രതാപൻ കേവലം ഒരു രാഷ്ട്രീയ പ്രവർത്തകനല്ല. സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാനിദ്ധ്യവും നിസ്വാർത്ഥ സേവനത്തിന്റെ ഉജ്ജ്വല മാതൃകയുമാണ് എന്നെല്ലാം മമ്മുട്ടി പറഞ്ഞുവെന്നായിരുന്നു ടി എൻ പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ക്യാമ്പയിൻ നടൻ മമ്മൂട്ടി(Mammootty) ഉദ്ഘാടനം ചെയ്തു. എന്നും പ്രചോദനമായ…

Posted by T.N. Prathapan on Tuesday, March 19, 2019

എഡിറ്റ് ചെയ്തു ഇറക്കിയ പോസ്റ്ററിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ക്യാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തുവെന്നും എന്നും പ്രചോദനമായ സൗഹൃദമാണ് മമ്മുക്കയോടൊപ്പമുള്ളത് എന്നും പുതിയതായി ചേർത്തിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊക്കെ കൂടെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ ചാരിതാർഥ്യത്തോടെ തന്നെ ഓർമ്മിക്കുന്നതാണെന്നും രാഷ്ട്രീയമായ എന്റെ ഈ ദൗത്യത്തിനും എല്ലാവിധ പിന്തുണയും നൽകിയ ഇക്കാക്ക് ഹൃദയംകൊണ്ട് നന്ദിയെന്നും കൂട്ടിച്ചേർത്തു കൊണ്ട് അവസാനിപ്പിക്കുന്നു.

ഇടതുപക്ഷ പ്രവർത്തകർ മമ്മൂട്ടിയെ ബന്ധപ്പെട്ടതനുസരിച്ച് മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് പോസ്റ്റ് എഡിറ്റ് ചെയ്തതെന്നും അണിയറ സംസാരമുണ്ട്. ഫേസ്ബുക്കിൽ പോസ്റ്റ് എഡിറ്റ് ചെയ്യുന്ന ഹിസ്റ്ററി പൊതു ജനത്തിന് പരിശോധിക്കാൻ അവസരമുള്ളത് കൊണ്ട് പ്രതാപൻ സോഷ്യൽ മീഡിയയിൽ നാണം കെട്ടിരിക്കുകയാണ്. 6 തവണയാണ് എഡിറ്റ് ഹിസ്റ്ററിയിൽ പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുള്ളതായി കാണിച്ചിട്ടുള്ളത്.