രാഹുൽ ഉറങ്ങുമ്പോൾ ഉണർന്നിരുന്ന് ഇന്നസെന്റ്,​ ഇന്നസെന്റിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന് കോൺഗ്രസ് പ്രവർത്തകരുടെ പൊങ്കാല


ഇരിങ്ങാലക്കുട : തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സജീവമായി മത്സരരംഗത്തേക്ക് ഇറങ്ങിയിക്കുകയാണ് ഇടത് വലത് രാഷ്ട്രീയ പാർട്ടികൾ. തങ്ങളുടെ പ്രചാരണ ആയുധമായി സ്ഥാനാർത്ഥികൾ പ്രധാനമായും ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയയാണ്.

ചാലക്കുടി ലോക് സഭാ മണ്ഡലം
സ്ഥാനാർത്ഥി ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വെെറലാകുന്നത് .ഇപ്പോൾ ഇന്നസെന്റ് പാർലമെൻിൽ പ്രസംഗം ശ്രദ്ധിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ചതാണ് കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്.കാസർഗോഡ് എം.പി പി.കരുണാകരൻ സംസാരിക്കുമ്പോൾ ശ്രദ്ധിച്ചിരിക്കുന്ന ഇന്നസെൻിന് മുന്നിൽ ഉറങ്ങുന്ന രാഹുൽ ഗാന്ധിയേയും ചിത്രത്തിൽ കാണുന്നുണ്ട്. ‘ഉണർന്നിരുന്നു ചാലക്കുടിക്ക് വേണ്ടി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം വെെറലായതോടെ എൽ.ഡി.എഫ് പ്രവർത്തകർ അത് ഏറ്റെടുക്കുകയായിരുന്നു.

എന്നാൽ രാഹുൽ ഗാന്ധിയുടെ ഉറങ്ങുന്ന ഫോട്ടോയായതിനാൽ കോൺഗ്രസ് പ്രവർത്തകർ ഇന്നസെന്റിന്റെ പോസ്റ്റിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതു വരെയായി വന്നിട്ടുള്ള 1500 ൽ പരം കമന്റുകളും ഇന്നസെന്റിനെ രൂക്ഷമായി വിമർശിച്ചിട്ടുള്ളവയാണ്. ചാനൽ പരിപാടിയിൽ പങ്കെടുക്കവേ പാർലമെന്റിൽ പോയിരുന്നാൽ അവിടെ പറയുന്നതൊന്നും തനിക്ക് മനസ്സിലാവില്ല എന്ന ഇന്നസെന്റിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച് ‘കിട്ടുണ്ണി’ എന്ന ഹാഷ് ടാഗോടെയാണ് ഇന്നസെന്റിന്റെ ഫേയ്സ്ബുക്ക് പേജിൽ ഇപ്പോൾ ‘പൊങ്കാല’ നടന്നു കൊണ്ടിരിക്കുന്നത്.