നാദലഹരിയിൽ ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിൽ തിരുവാതിര വിളക്ക്


ആറാട്ടുപുഴ : ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്ക് നാദലഹരിയായി.

വെളുപ്പിന് 3.40ന് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിച്ചു. തന്ത്രിയുടെ അനുമതിയോടെ തിമില പാണി കൊട്ടി അകത്ത് ഒരു പ്രദക്ഷിണം വെച്ച് ചെമ്പട താളത്തിന്റെ അകമ്പടിയോടെയായിരുന്നു എഴുന്നെള്ളത്ത്.

വടക്കെ നടയിൽ ചെമ്പട അവസാനിച്ചപ്പോൾ വിസ്തരിച്ച വിളക്കാചാരം. തുടർന്ന് 3.50 ന് വലന്തല ശ്രുതിയോടെ ഒന്നര പ്രദക്ഷിണം വെച്ച് കിഴക്കെ നടയിൽ തെക്കോട്ട് അഭിമുഖമായി നിന്ന് കൂറുകൊട്ടി കലാശിച്ചു.

4 മണിക്ക് കേളി, കുഴൽപറ്റ് , കൊമ്പ്പറ്റ് എന്നിവയ്ക്കു ശേഷം 4.55 ന് പഞ്ചാരി മേളത്തിന് കാലമിട്ടു.

ജനസഹസ്രങ്ങൾ സാക്ഷിയായി മേളം കാലാനുഗതം കൊട്ടി കയറി പടിഞ്ഞാറെ നടപ്പുരയിൽ 7.30ന് കലാശിച്ചു.

തുടർന്ന് ഇടയ്ക്ക പ്രദക്ഷിണം ഉണ്ടായി.

ഉരുട്ട് ചെണ്ടയിൽ പെരുവനം കുട്ടൻ മാരാരും, കുറുങ്കുഴലിൽ വെളപ്പായ നന്ദനനും, വീക്കം ചെണ്ടയിൽ തലോർ പീതാംബരൻ മാരാരും, കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും, ഇലത്താളത്തിൽ മണിയാംപറമ്പിൽ മണി നായരും പ്രമാണിമാരായി.

ശാസ്താവിന്റെ തിടമ്പേറ്റി, തലയുയർത്തിപ്പിടിച്ചുകൊണ്ട് രാജകീയ പ്രൗഡിയിൽ തിരുവാണിക്കാവ് രാജഗോപാൽ കൂടി രംഗത്തെത്തിയതോടെ പൂരപ്രേമികൾ ആനന്ദസാഗരത്തിൽ ആറാടി എന്നു തന്നെ പറയാം.