നാട്ടുകാരെ ദുരിതത്തിലാഴ്ത്തി ഒരു വികസന മാതൃക 12 -ാം വാർഡിൽ നിന്നും


ഇരിങ്ങാലക്കുട : 12-ാം വാർഡിൽ ക്രൈസ്റ്റ് കോളേജ് റോഡിൽ ക്രിസ്ബല്ലക്കു സമീപത്തു നിന്ന് മാർവൽ ഏജൻസിക്കു സമീപത്തായി തൃശൂർ റോഡിലേക്കെത്തുന്ന റോഡിലാണ് റോഡ് വികസനത്തിന്റെ പേരിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മൂലം പ്രദേശവാസികൾ ദുരിതത്തിലായിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിലാരംഭിച്ച കാനനിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. വീടുകളിലേക്കുള്ള പ്രവേശനത്തിന് തോടിനു കുറുകേ നഗരസഭ സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പോയിന്റ് ചെയ്യുകയോ,കൃത്യമായി സ്ഥാപിക്കുകയോ ചെയ്യാത്തതു മൂലം വാഹനങ്ങളുടെ ടയറുകൾക്ക് കേടുപാട് സംഭവിക്കുന്നതായും വെളിച്ചമില്ലാത്ത വളവിൽ ആഴമുള്ള കുഴിയും, അതിനടുത്തായി മൺകൂന കിടക്കുന്നതും മൂലം രാത്രിയിൽ ഇതു വഴി വരുന്നവർ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്.

മാത്രവുമല്ല ഈ ഭാഗത്ത് വളവിൽ അപകടസാധ്യത കുറക്കുന്നതിനു വേണ്ടി നാട്ടുകാർ സ്ലാബ് സ്ഥാപിക്കാൻ പറഞ്ഞ സ്ഥലത്ത് ഇനിയും സ്ലാബ് സ്ഥാപിച്ചിട്ടില്ല. ഇതിനെല്ലാം പുറമെയാണ് ഇന്നലെ തിടുക്കത്തിൽ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ടാറിങ്ങ് ചെയ്യാൻ വേണ്ടിയുള്ള പ്രൈമറി കോട്ടിങ്ങ് രാത്രി പെയ്ത മഴയിൽ ഒലിച്ചുപോയത്.

മാസങ്ങളായി റോഡിൽ കിടക്കുന്ന മണ്ണും, നിർമ്മാണ പ്രവർത്തനങ്ങളും മൂലം വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിശല്ല്യം വേറെ. ഇതെല്ലാം കൊണ്ടും ജീവിതം പൊറുതിമുട്ടിയിരിക്കുകയാണെന്നും, ജനപ്രതിനിധി ഈ കാര്യത്തിൽ കാര്യക്ഷമമായി ഇടപ്പെട്ട് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നും നാട്ടുക്കാരാവശ്യപ്പെട്ടു.