കായിക താരങ്ങൾ കളിച്ചാലെന്ത്, വീണു പരുക്ക് പറ്റിയാലെന്ത്? നഗര സഭാ ദൈവങ്ങൾ കനിഞ്ഞാൽ നഗര സഭാ മൈതാനം ആർക്കും ഇഷ്ടാനുസരണമുപയോഗിക്കാം


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കായിക പ്രേമികൾക്കും, കായിക താരങ്ങൾക്കും പൊതുജനങ്ങൾക്കുമെല്ലാം ഏറെ പ്രിയപ്പെട്ടതും ഉപയോഗപ്പെടുത്തുന്നതുമായ പൊതുസ്ഥലമാണ് ഇരിങ്ങാലക്കുട നഗരസഭാ മൈതാനം.ഇരിങ്ങാലക്കുടയുടെ അടുത്ത പരിസരത്തെങ്ങും ഇതുപോലെ വിശാലമായ ഒരു പൊതു കളിസ്ഥലം ഇല്ലെന്നു തന്നെയാണതിന് പ്രധാന കാരണം.

സ്വാതന്ത്ര്യ സമര കാലഘട്ടം മുതലേ മുനിസിപ്പൽ മൈതാനം ശ്രദ്ധേയമായ പല പൊതുപരിപാടികൾക്കും വേദിയായിട്ടുണ്ട്. സന്തോഷ് ട്രോഫി അതിന്റെ പ്രൗഢിയിൽ നിൽക്കുന്ന സമയത്ത് ഇതേ മൈതാനത്ത് ദേശീയ മത്സരവും നടന്നിട്ടുണ്ട്. ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ ഈ മൈതാനത്തിന് അത്രയേറെ പ്രാധാന്യമുണ്ടായിട്ടും മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ നഗര സഭക്ക് നേരെ മുന്നിലായിട്ടും നഗരസഭാ ദൈവങ്ങളുടെ കണ്ണെത്താത്ത ഇടമാണ് ഈ മൈതാനം.

മൈതാനത്തിനു ചുറ്റും പന്ത്രണ്ടോളം തെരുവ് വിളക്കുകളുണ്ടെങ്കിലും അത് കത്തിയാലായി. അതു കൊണ്ടു തന്നെ പ്രഭാത സവാരിക്കിറങ്ങുന്നവർ ടോർച്ചും വടിയുമൊക്കെ കയ്യിലെടുത്താണ് വരാറുള്ളത്. വടി എന്തിനാണെന്നു വെച്ചാൽ സ്വയരക്ഷക്കാണ്. കാരണം ഈ മൈതാനം തെരുവ് നായ്ക്കളുടെ സ്ഥിരം വിഹാരകേന്ദ്രമാണ്.

ഡ്രെയിനേജ് സംവിധാനം ഈ മൈതാനത്തുണ്ടെങ്കിലും അറ്റകുറ്റപണികളുടെ അപര്യാപ്തത മൂലം ഒരു മഴ പെയ്താൽ കുളമാകുന്ന അവസ്ഥയാണ് ഇവിടുള്ളത്.നഗര സഭയിൽ പുല്ല് വെട്ടാൻ ആളും മെഷീനുമൊക്കെയുണ്ടെങ്കിലും മൈതാനത്തെ കാട് മിക്കവാറും വെട്ടുന്നത് മൈതാനം സ്ഥിരമുപയോഗിക്കുന്ന കായിക പ്രേമികളാണ്. മൈതാനത്തേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളും തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും രണ്ട് ഗേറ്റ് സ്ഥാപിച്ച് വാഹനങ്ങൾ മൈതാനത്തേക്ക് പ്രവേശിക്കുന്നത് തടയാൻ നഗരസഭക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല, ഇതിനെല്ലാം പുറമെയാണ് മൈതാനത്തിന്റെ ഒരു ഭാഗം പൂർണ്ണമായും നഗരസഭ തന്നെ ടാർ വീപ്പകൾ സൂക്ഷിക്കുന്നതിനായി കയ്യടക്കി വെച്ചിരിക്കുന്നത്,

മുനിസിപ്പൽ മൈതാനം വിവിധ പരിപാടികൾക്കായി വിട്ടു നൽകുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും പലപ്പോഴും വേണ്ടപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് മാനദണ്ഡങ്ങൾക്കു നേരെ കണ്ണടക്കുകയാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള ഇവിടുത്തെ ജനപ്രതിനിധികൾ. മൈതാനത്തേക്ക് വാഹനങ്ങൾ പ്രവേശിക്കരുത് എന്ന് മാനദണ്ഡമുള്ളപ്പോൾ മൈതാനത്ത് ടാർ വീപ്പകൾ ഇറക്കുന്നതിനുള്ള വലിയ ട്രക്കുകൾക്ക് പ്രവേശിക്കാം. മൈതാനത്ത് വാഹനങ്ങൾ ഇറക്കരുത് എന്ന് മാനദണ്ഡമുള്ളപ്പോൾ സ്വകാര്യ ചടങ്ങിന് പാർക്കിങ്ങിനു വേണ്ടി മൈതാനം വിട്ടുനൽകാം. ചാനൽ പരിപാടികൾക്കു വേണ്ടി വാഹനങ്ങൾ കയറ്റാം, ആവശ്യത്തിനനുസരിച്ച് ഗ്രൗണ്ടിൽ നാശനഷ്ടങ്ങൾ വരുത്താം, മാലിന്യങ്ങൾ നിറക്കാം ഒരു രാഷ്ട്രീയ നേതാവും അതിനെതിരെ മിണ്ടില്ല, പൊതുജന ശ്രദ്ധയിൽ ഇത്തരം വിഷയങ്ങളെത്തിക്കേണ്ടവരാരും ഇത് കാണുകയുമില്ല.

നേരേ മറിച്ച് നാട്ടിലൊരു ടൂർണ്ണമെന്റോ, സാംസ്കാരിക പരിപാടിയോ സ്വതന്ത്രമായ രീതിയിൽ നടത്തുന്നതിന് നഗരസഭയെ സമീപിച്ചാലറിയാം എത്രമാത്രം നിയമങ്ങളാണ് ഇത് സംബന്ധിച്ചുള്ളതെന്ന്. കഴിഞ്ഞ വർഷം KL 45 ഇരിങ്ങാലക്കുട ഫെസ്റ്റ് എന്ന സാംസ്കാരിക പരിപാടിക്കുവേണ്ടി ചള കുളമായ നിലയിലാണ് മൈതാനം കൈമാറിയത്.അന്നത്തെ കൗൺസിൽ യോഗത്തിൽ മൈതാനം കായികേതര ആവശ്യങ്ങൾക്കല്ലാതെ വിട്ടുനൽകുന്നതിൽ ‘ഗിരി’ പ്രഭാഷണം നടത്തിയ പലരും പിന്നീട് കായികേതര ആവശ്യങ്ങൾക്കല്ലാതെ മൈതാനം കൈമാറിയ സംഭവങ്ങളുണ്ടായപ്പോൾ ഉറക്കത്തിലായിരുന്നു.

മൈതാനം നഗരസഭയിൽ നിന്നും ലഭിച്ച അവസ്ഥയേക്കാൾ വളരെ നല്ല രീതിയിൽ തിരികെ നൽകിയിട്ടും അന്ന് ഗ്രൗണ്ട് നശിപ്പിച്ചു എന്ന കാരണം പറഞ്ഞ് ഫെസ്റ്റ് കോർഡിനേഷൻ കമ്മറ്റി കെട്ടിവച്ച ഒരു ലക്ഷം രൂപ തിരികെ കൊടുക്കുകയുണ്ടായില്ല.മാത്രവുമല്ല നാളിതുവരെയായി ഗ്രൗണ്ട് അറ്റകുറ്റപണികൾക്കായുള്ള യാതൊരു നീക്കവും നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല.

വേനലവധിക്ക് ഒട്ടേറെ കുട്ടികൾ കായികപരിശീലനങ്ങൾക്കായെത്തുന്ന മൈതാനം അടുത്ത മാസം 16 ദിവസത്തേക്ക് എക്സിബിഷൻ നടത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിട്ടു നൽകിയിരിക്കുകയാണ്. ഓരോ പരിപാടികൾ കഴിയുമ്പോഴും അറ്റകുറ്റപണികൾ നടത്താത്തതു മൂലം നിരവധി പേർക്കാണ് ഇവിടെ ആരോഗ്യം നന്നാക്കാനായി വന്ന് ആരോഗ്യം നശിച്ച അവസ്ഥയുണ്ടായിട്ടുള്ളത്.

ഇരിങ്ങാലക്കുടയിലെ അറിയപ്പെടുന്ന ഫുട്ബോളറായ കോച്ചേരി ജോൺസൻ ഇന്ന് സർജറിയും കഴിഞ്ഞ് കാലിലെ പരുക്കിന് പ്ളാസ്റ്ററുമിട്ട് വീട്ടിലിരിക്കുന്നു.സംസ്ഥാന സ്കൂൾ കായിക താരം മെജോ തോളെല്ല് തകർന്ന് സർജറിയും കഴിഞ്ഞിരിക്കുന്നു. നഗരസഭയിലെ തന്നെ ഒരു ഉദ്യോഗസ്ഥന്റെ പിതാവ് നിരവധി ദിവസം പരുക്കേറ്റ് ചികിത്സയിലായിരുന്നു.ഇവരെല്ലാം കായികപരിശീലനത്തിനു വേണ്ടി ഈ മൈതാനം ഉപയോഗപ്പെടുത്തിയതിന്റെ പരിണിത ഫലം. അല്ലെങ്കിൽ ഇവിടുത്തെ കായിക സംസ്കാരത്തോടോ, യുവജനങ്ങളോടോ യാതൊരു ഉത്തരവാദിത്വമോ ഉദാരമായ സമീപനമോ ഇല്ലാത്ത അധികാരികളുടെ കെടുകാര്യസ്ഥത മൂലം സംഭവിച്ചത്.

എന്തായാലും നഗരസഭയുടെ മൈതാനത്തോടുള്ള അവഗണനക്കെതിരെ ഇരിങ്ങാലക്കുടയിലെ കായിക പ്രേമികൾ ഒടുവിൽ ഒന്നുചേർന്നിരിക്കുകയാണ്.ഒരു ജനകീയ കമ്മറ്റി രൂപീകരിച്ച് മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരത്തോളം പേർ ഒപ്പിട്ട നിവേദനം ഇന്ന് നഗരസഭാധ്യക്ഷക്ക് അവർ കൈമാറി. മൈതാനം സംരക്ഷിക്കുന്നതിന് വേണ്ടി അനുകൂല നിലപാടുകൾ നഗരസഭയിൽ നിന്നുമുണ്ടായില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.