വലത്തോട്ട് തിരിച്ചാൽ ഇടത്തോട്ടു പോകുന്ന സൈക്കിൾ , 5 മീറ്റർ ചവിട്ടാൻ സാധിച്ചാൽ 500 രൂപ സമ്മാനമെന്ന് വെല്ലുവിളി ; വീഡിയോയും വാർത്തയും കാണാം


ഇരിങ്ങാലക്കുട : സാധാരണ ഒരു സൈക്കിൾ ബാലൻസ് ചെയ്ത് ചവിട്ടണമെങ്കിൽ തന്നെ നല്ല ബുദ്ധിമുട്ടാണ്.അപ്പോഴാണ് ഇങ്ങോട്ട് തിരിച്ചാൽ അങ്ങോട്ട് തിരിയുന്ന, തീരെ അനുസരണയില്ലാത്ത ഒരു സൈക്കിളും ചവിട്ടി ഒരു ടീംസ് കോഴിക്കോട് നിന്നും തലസ്ഥാനത്തേക്ക് നീങ്ങുന്നത് ….  !!!

പറഞ്ഞു വന്നത് ഫെബ്രുവരി 27ന് കോഴിക്കോട് കളക്ടർ ഫ്ലാഗ് ഓഫ് ചെയ്ത “ലൈഫ് സൈക്ലിങ്ങ് റാലി”യെ കുറിച്ചാണ്. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ അളവ് കുറച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയമായ ഗ്രീൻ പ്രോട്ടോക്കോളിനെയും, കൂടാതെ മികച്ച ഒരു ആരോഗ്യ സംരക്ഷണ മാർഗ്ഗമായ സൈക്ലിങ്ങിനെയും പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ റാലി സംഘടിപ്പിച്ചിരിക്കുന്നത്.

ഹരിത കേരള മിഷനും ഇന്ത്യൻ റെയിൽവേയുമടക്കം പ്രായോജകരായിട്ടുള്ള ഈ റാലി
എഞ്ചിനീയയറിങ്ങ് വിദ്യാർത്ഥികളായ മുസാദിക്കും, ജസീമും, ലബീബും, ഗോപീകൃഷ്ണനും ഒത്തൊരുമിച്ചാണ് നയിക്കുന്നത്. പക്ഷെ മുസാദിക്കാണ് “ബ്രെയിൻ സൈക്കിൾ” ഓടിക്കുന്നത്.ഈ സൈക്കിളിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിന്റെ ഹാൻഡിൽ വലത്തോട്ട് തിരിച്ചാൽ വീല് ഇടത്തോട്ടെ തിരിയു, അതുപോലെ തന്നെ തിരിച്ചും! നല്ല പ്രാക്ടീസ് ഉണ്ടെങ്കിൽ മാത്രം ഓടിക്കാൻ സാധിക്കു എന്ന് സാരം. കോഴിക്കോട് നിന്നും പുറപ്പെട്ട്, പല സൈക്കിൾ ക്ലബ്ബുകളുടെയും സ്വീകരണം ഏറ്റുവാങ്ങി മാർച്ച് 6 ന് തിരുവനന്തപുരത്ത് എത്തുവാനാണ് ഇവരുടെ പരിപാടി.

ഇന്നലെ (02. 03.19) ഈ റാലി ഇരിങ്ങാലക്കുടയിലൂടെ കടന്നു പോയപ്പോൾ ഇരിങ്ങാലക്കുട സൈക്കിൾ ക്ലബ്ബിന്റെ പേരിൽ ഈ മിടുക്കൻമാരെ കാണുവാനും പരിചയപ്പെടുവാനും സാധിച്ചു. സമുഹത്തിന് നല്ല സന്ദേശങ്ങൾ നൽകി, ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനായി ചെറുപ്പക്കാർ മുന്നോട്ട് വരുവാൻ ഇത്തരം റാലികൾ ഒരു പ്രചോദനമാകുമെന്ന് ഉറപ്പാണ്.

5 മീറ്റർ ചവിട്ടിയാൽ 500 രൂപ എന്ന മോഹന വാഗ്ദാനം കേട്ട് ഇരിങ്ങാലക്കുട സൈക്കിൾ ക്ലബ് അംഗമായ ഉണ്ണികൃഷ്ണണൻ  ഈ സൈക്കിൾ ഒന്നു ഓടിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. ബാക്കി വീഡിയോയിൽ കാണാം …