ഹൗസിംഗ് ബോർഡ് നിവാസികളെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌ പൊതു സ്ഥലങ്ങൾ ആയി വേർതിരിച്ച സ്ഥലങ്ങൾ വിൽക്കുന്നതായി പരാതി


ഇരിങ്ങാലക്കുട :  എ.കെ.പി  ജങ്ക്ഷന് അടുത്തുള്ള ഹൗസിംഗ് ബോർഡിന്റെ മൂന്നാം ഘട്ട പദ്ധതിയിൽ പൊതു പാർക്ക് ആയി വേർതിരിച്ച സ്‌ഥലത്ത് നിന്ന്, 10 സെന്റ് സ്വകാര്യ വ്യക്തിക്ക് കൈമാറി. സ്വകാര്യ വ്യക്തി ചുറ്റുമതിൽ കെട്ടിയപ്പോഴാണ് പരിസരവാസികളും റെസിഡൻസ് അസോസിയേഷനും കാര്യം അറിയുന്നത്.

സ്വകാര്യ വ്യക്തിക്ക് മുമ്പ് കിട്ടിയ സ്ഥലം ചതുപ്പ് നിലം ആണെന്ന് കാണിച്ചുകൊണ്ട് കോടതിയിൽ കേസ് നടന്നു വരുകയായിരുന്നു.അതിന്റെ ഒത്തു തീർപ്പ് ഫോർമുലയായിട്ടാണ് ഹൗസിംഗ് ബോർഡ് നിവാസികൾക്ക് കൂടി അവകാശം ഉള്ള പൊതു പാർക്കിൽ നിന്നും 10 സെന്റ് സ്വകാര്യ വ്യക്തിക്ക് വിറ്റത്. പരിസര വാസികൾ മുനിസിപ്പാലിറ്റിയിലും, പോലീസിലും  ഇതു സംബന്ധിച്ച് പരാതി നൽകി.

കേരള ഹൈക്കോടതിയിൽ നിന്നും ഈ സ്ഥലത്തിന്റെ കാര്യത്തിൽ സ്റ്റേ ഓർഡർ വാങ്ങി താൽക്കാലികമായി നിർമാണം തടഞ്ഞിരിക്കുകയാണ് അയൽവാസിയായ ശുഭ രാമ ചന്ദ്രൻ. ഇവിടെയുള്ള റസിഡൻസ് അസോസിയേഷൻ ഈ വിഷയത്തിൽ ഒരു നിലപാട് സ്വീകരിക്കുന്നില്ല എന്നൊരു പരാതി കൂടി പരിസരവാസികൾക്ക് ഉണ്ട്.

അതേ സമയം കാര്യങ്ങൾ പഠിച്ച്, ഭാവിയിൽ ഈ പ്രദേശത്തുള്ള മറ്റു പൊതു സ്ഥലങ്ങൾ റെസിഡൻസ് അസോസിയേഷന്റെ അനുമതി ഇല്ലാതെ ക്രയവിക്രയം ചെയ്യാതിരിക്കാൻ ഉള്ള നടപടികൾ ആലോചിക്കുകയാണ് റെസിഡൻസ് അസോസിയേഷൻ. എന്തായാലും ഈ കാര്യത്തിൽ സുതാര്യമായ നടപടികൾ അല്ല കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.