നിരവധി ബജറ്റുകളിൽ ഇടം പിടിച്ചിട്ടും ശബ്ദ പ്രതിധ്വനി മാറാത്ത ടൗൺ ഹാളും, കൂട്ടിമുട്ടാത്ത ബ്രദർ മിഷൻ റോഡും ; ബജറ്റവതരണം പ്രഹസനമാകുന്നുവോ ?വായിക്കാം 2019 – 20 വർഷത്തെ നഗരസഭാ ബജറ്റ് വിശേഷങ്ങൾ


ഇരിങ്ങാലക്കുട : നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാവേണ്ട പദ്ധതികൾ നിശ്ചയിച്ച് അതിനു വേണ്ട ഫണ്ടുകൾ വകയിരുത്തി നിശ്ചയിച്ച കാലയളവിൽ പൂർത്തീകരിക്കുക എന്നതാണ് ഇച്ഛാ ശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ കടമ എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല. എന്നാൽ ഇരിങ്ങാലക്കുട നഗരസഭയുടെ കാര്യമെടുക്കുകയാണെങ്കിൽ ഫണ്ടുണ്ട്, പദ്ധതികളുണ്ട് പക്ഷേ അവ പൂർത്തിയാക്കുന്ന കാര്യത്തിലും, അതിനു വേണ്ടി ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിലും കാലങ്ങളായി സംസ്ഥാനത്ത് ഏറ്റവും പുറകിലാണ് ഇരിങ്ങാലക്കുട നഗരസഭയുടെ സ്ഥാനം, 2017 ൽ പദ്ധതി വിഹിതത്തിന്റെ 20% വും, 2018 ൽ 56 % വും മാത്രമാണ് പ്രഖ്യാപിച്ച പദ്ധതികൾക്കു വേണ്ടി നഗരസഭക്ക് ഫണ്ട് ചെലവഴിക്കാൻ സാധിച്ചത്.

2019 – 2020 സാമ്പത്തിക വർഷത്തെ ബജറ്റ് ഇന്ന് നഗര സഭയിൽ വൈസ് ചെയർപേഴ്സൻ അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ പ്രത്യേകിച്ച് വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.നഗര സഭ ടൗൺ ഹാളിലെ പ്രതിധ്വനി പോലെ ഇന്നവതരിപ്പിച്ച ബജറ്റിലെ പദ്ധതികൾ കഴിഞ്ഞ കുറേ ബജറ്റുകളായി കേട്ടുകൊണ്ടിരിക്കുന്നതാണ്. ഉദാഹരണത്തിന് 2017 ൽ 15 ലക്ഷവും, 2018 ൽ 15 ലക്ഷവും ടൗൺ ഹാളിന്റെ പ്രതിധ്വനി മാറ്റാൻ വകയിരുത്തിയിരുന്നു.ഇന്നവതരിപ്പിച്ച ബജറ്റിലും ഇതേ കാര്യത്തിന് 20 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ബൈപാസ് റോഡ് പൂതക്കുളം വഴി ബ്രദർ മിഷൻ റോഡുമായി ബന്ധിപ്പിക്കുന്നതിന് 2017 ൽ 40 ലക്ഷം രൂപയും, 2018 ൽ 10 ലക്ഷം രൂപയും വകയിരുത്തിയിരുന്നു.എന്നിട്ടും കൂട്ടിമുട്ടാത്ത ഈ റോഡിന് ഇന്നവതരിപ്പിച്ച ബജറ്റിലും 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 2017 ൽ ക്രിമിറ്റോറിയത്തിന് 50 ലക്ഷം വകയിരുത്തിയിരുന്നു ഇന്നവതരിപ്പിച്ച ബജറ്റിൽ 25 ലക്ഷം കൂടി വകയിരുത്തിയിട്ടുണ്ട്.നഗരസഭ പാർക്ക് നവീകരണത്തിന് 2018 ൽ 20 ലക്ഷം വകയിരുത്തിയിരുന്നു.ഇന്നവതരിപ്പിച്ച ബജറ്റിൽ 25 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ ബജറ്റിൽ 1 കോടി രൂപ നീക്കി വെച്ചിട്ടും ചാത്തൻ മാസ്റ്റർ ഹാൾ നിർമ്മാണത്തിനു വേണ്ടി ഒരു ഇഷ്ടിക പോലും ഇറക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റിൽ ബൈപാസ് റോഡിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തിയതും ഏതു വഴിക്ക് പോയെന്നറിയില്ല.

ചാത്തൻ മാസ്റ്ററുടെ പ്രതിമക്ക് 5 ലക്ഷം രൂപയും, അയ്യങ്കാളി പ്രതിമക്ക് 10 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയപ്പോൾ ടൗൺ ഹാളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന രാജീവ് ഗാന്ധി പ്രതിമയുടെ അംഗവൈകല്യം മാറ്റാൻ നടപടികളൊന്നുമില്ല, 62,79,20,467 രൂപ മൊത്തം വരവും 58,42,30,480 രൂപ ചെലവും, 4,36,89,987 രൂപ നീക്കിയിരുപ്പുമുള്ള ഈ വർഷത്തെ ബജറ്റിൽ പ്രത്യേകിച്ച് പുതുമകളൊന്നുമില്ലെന്ന് മാത്രമല്ല, ഈ പ്രഖ്യാപിച്ചവയിൽ എത്രത്തോളം യാഥാർത്ഥ്യമാകും എന്നതും കണ്ടറിയണം. എല്ലാ തവണത്തേയും പോലെ പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ അവസാന റാങ്കിൽ ഇടം പിടിക്കുകയാണെങ്കിൽ ഇതേ പദ്ധതികൾ തന്നെ അടുത്ത ബജറ്റ് പ്രഖ്യാപനത്തിലും കേൾക്കാം.