ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് 5-ാം തിയ്യതി കൊടിയേറും


ഇരിങ്ങാലക്കുട:എസ്.എൻ.ബി.എസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് ഫെബ്രുവരി 5 ന് ചൊവ്വാഴ്ച കൊടിയേറും. വൈകീട്ട് 6 : 45നും 7: 45നും മധ്യേ നടക്കുന്ന ചടങ്ങിൽ പറവൂർ രാകേഷ് തന്ത്രിയായിരിക്കും കൊടിയേറ്റ് നടത്തുക.

എസ്.എൻ.വൈ.എസ് നടത്തുന്ന നാടകമത്സരത്തിന്റെ ഉദ്ഘാടനം സിനിമാതാരം കുട്ട്യേടത്തി വിലാസിനി നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കലശാഭിഷേകം, ശ്രീഭൂതബലി, വൈകീട്ട് ഭഗവത് സേവ, ലളിത സഹസ്രനാമാർച്ചന, ദീപാരാധന, 7 .30 ന് നാടകം എന്നിവയുണ്ടായിരിക്കും.

11 ന് തിങ്കളാഴ്ച രാവിലെ കലശാഭിഷേകം, വിശേഷാൽപൂജകൾ, പ്രാദേശിക വിഭാഗങ്ങളുടെ കാവടി വരവ്, 3 30 മുതൽ പ്രാദേശിക വിഭാഗങ്ങളുടെ സഹകരണത്തോടെ 5 ഗജവീരന്മാരെ അണിനിരത്തിയുള്ള പൂരം എഴുന്നള്ളിപ്പ്. ഏഴിന് കളഭച്ചാർത്ത്. ചുറ്റുവിളക്ക് ,7 30ന് വിശേഷാൽപൂജ, ഒമ്പതിന് നാടകം എന്നിവ നടക്കും. 12ന് പുലർച്ചെ നാലിന് ആറാട്ട് ,4 30 ന് ശീവേലി, 5 45 കൊടിയിറക്കൽ എന്നിവ നടക്കുമെന്ന് ആഘോഷ കമ്മറ്റി ഭാരവാഹികളറിയിച്ചു.

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കാവടി വിഭാഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും ക്ഷേത്രത്തിനു മുന്നിലെ സ്പെഷ്യൽ പന്തലും ഈ വർഷം ഒഴിവാക്കിയിട്ടുണ്ട്.