ആറാട്ടുപുഴ ശ്രീ ശാസ്താ പുരസ്കാരം പറമ്പിൽ നാരായണൻ നായർക്ക്


Carmel College Admission Started

ആറാട്ടുപുഴ : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നൽകി വരുന്ന ആറാട്ടുപുഴ “ശ്രീ ശാസ്താ പുരസ്കാര”ത്തിന് ഇലത്താള കലാകാരൻ പറമ്പിൽ നാരായണൻ നായർ അർഹനായി.

ആറാട്ടുപുഴ ശാസ്താവിന്റെ നാലു പൂരങ്ങളിലെ മേളങ്ങൾക്കും 51 വർഷമായി തുടർച്ചയായി നൽകിവരുന്ന സ്തുത്യർഹ സേവനമാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സ്വർണ്ണ പതക്കവും കീർത്തി ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന ഈ പുരസ്കാരം കൊടിയേറ്റം ദിവസമായ 2019 മാർച്ച് 13ന് വൈകീട്ട് 6ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന യോഗത്തിൽ വെച്ച് സമ്മാനിക്കും.

ആറാട്ടുപുഴ പൂരത്തിനും ദേവമേളക്കും വേണ്ടി മികച്ച സേവനം നൽകിവരുന്ന ബഹുമാന്യ വ്യക്തികളെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.

1950 മാർച്ച് 28ന് പെരുമ്പിളളിശ്ശേരി പാണ്ടിയത്ത് കുഞ്ചുനായരുടെയും പറമ്പിൽ പാപ്പു അമ്മയുടെയും മകനായി പുണർതം നക്ഷത്രത്തിൽ നാരായണൻ നായർ ഭൂജാതനായി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാന കലാകാരനായിരുന്ന അച്ഛന്റെ കൂടെ മേക്കാവിൽ കുറ്റി തുള്ളാൻ പോയിത്തുടങ്ങിയത് കലാരംഗത്തേക്കുള്ള ഒരു ചുവടു വെപ്പായി.

പാനയോഗത്തിൻ്റെ കുലപതി കുമ്മത്ത് അപ്പു നായരിൽ നിന്നും ഇലത്താളം, ചെണ്ട, പാനയുടെ വിവിധ യോഗങ്ങൾ എന്നിവ സ്വായത്തമാക്കി. അമ്പലക്കാവടി ഉണ്ടാക്കുന്നതിൽ പ്രാഗല്ഭ്യം തെളിയിച്ച ഇദ്ദേഹം പതിനെട്ട് വയസ്സു മുതൽ ആറാട്ടുപുഴ ശാസ്താവിന്റെ മേളങ്ങളിൽ പങ്കെടുത്തു തുടങ്ങി. തുടർന്ന് കേരളത്തിലെ വിവിധ ക്ഷേത്രോത്സവങ്ങളിൽ ഇലത്താള പ്രമാണിയായും സഹപ്രമാണിയായും പ്രവർത്തിച്ചുവരുന്നു.

ഊരകത്തമ്മത്തിരുവടിയുടെ എല്ലാ പൂരങ്ങൾക്കും ഇലത്താളത്തിൽ പ്രമാണിയായിട്ടുള്ള ഇദ്ദേഹം ഒരു വർഷം തൃപ്പൂണിത്തുറ ഉത്സവത്തിനും പ്രമാണിയായിട്ടുണ്ട്. ഇപ്പോൾ കൊടുങ്ങല്ലൂർ, നമ്പ്യങ്കാവ്, കിഴക്കൻ കുമരൻചിറ തുടങ്ങിയ ക്ഷേത്രോത്സവങ്ങളിൽ പ്രമാണിയാണ്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുല്ലപ്പള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്കാരം, പെരുവനം അപ്പുമാരാർ സ്മാരക പുരസ്കാരം, കൊടകര മേള കലാ സംഗീത സമിതി പുരസ്കാരം, തൃപ്പൂണിത്തുറ രാജകുടുംബത്തിന്റെ സുവർണ്ണ മുദ്ര എന്നിവ ഇതിനകം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

നെടുമ്പാൾ കൽപ്പൂര് ഓമനയാണ് ഭാര്യ.
സജിത, സുബിത, സുമേഷ് എന്നിവർ മക്കളും.