റസൂൽ പൂക്കുട്ടി ഒപ്പിയെടുത്ത തൃശൂർ പൂരത്തിന്റെ ശബ്ദ വിസ്മയത്തിന്റെ ഓഡിയോ പുറത്തിറങ്ങി. കേൾക്കാം ‘ദ സൗണ്ട് സ്റ്റോറി’യിലെ ഗാനങ്ങൾ

തൃശൂർ പൂരത്തിന്റെ ശബ്ദ വിസ്മയത്തെ കുറിച്ച് ഓസ്ക്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ഒരുക്കിയ ‘ദ സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിന്റെ ഗാനങ്ങൾ റിലീസായി. 91 -ാമത് ഓസ്കാർ നാമനിർദ്ദേശ പട്ടികയിലേക്ക് ചിത്രം പരിഗണിക്കപ്പെട്ടതിന് പിന്നാലെയാണ് പാട്ടുകൾ യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.

മികച്ച ചിത്രത്തിനുള്ള പരിഗണന പട്ടികയിലേക്കാണ് സൗണ്ട് സ്റ്റോറിയും മത്സരിക്കുന്നത്.റസൂൽ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്തിരിക്കുന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകനായി എത്തുന്നത്. തൃശൂർ പൂരം തത്സമയം റെക്കോർഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. റസൂൽ പൂക്കുട്ടിയുടെ ആശയം മുൻനിർത്തി പ്രസാദ് പ്രഭാകറാണ് ചിത്രത്തിന്റെ കഥയും, തിരകഥയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. രാഹുൽ രാജാണ് സംഗീതം.

അന്ധനായ ഒരാൾ തൃശൂർ പൂരം അനുഭവിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂരത്തിന്റെ ചെറിയ ശബ്ദവിന്യാസങ്ങൾ പോലും റസൂൽ പൂക്കുട്ടി ഒപ്പിയെടുത്തിട്ടുണ്ട്. നാലു ഭാഷകളിലായി എത്തുന്ന ചിത്രം പ്രസാദ് പ്രഭാകറും, പാംസ്റ്റോൺ മൾട്ടിമീഡിയയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.